ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവത്തിന് ശബരിമല ഡ്യൂട്ടിക്ക് വന്ന പോലീസുകാരുടെ മെസ് സബ്സിഡി നിര്‍ത്തിയത് വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു. പോലീസ് മേധാവി നല്‍കിയ നിവേദനം പരിഗണിച്ച് 25 ലക്ഷമാണ് സര്‍ക്കാര്‍ അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലമാണ് സബ്സിഡി നിര്‍ത്തിയത്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലുള്ള പോലീസ് മെസ്സില്‍നിന്നു ഭക്ഷണം കഴിക്കുന്നവര്‍ മുഴുവന്‍ പണവും നല്‍കണമെന്നാവശ്യപ്പെട്ട് മെസ് സൂപ്പര്‍വൈസറി ഓഫീസര്‍ ചൊവ്വാഴ്ച സര്‍ക്കുലര്‍ ഇറക്കിയിരുന്നു. സാമ്പത്തിക പ്രതിസന്ധിമൂലം മെസ് സബ്‌സിഡി ഇല്ലാത്തതുകൊണ്ടാണ് സൗജന്യ ഭക്ഷണം നിര്‍ത്തിയതെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. ഇതില്‍ പോലീസുകാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നു. ഇതോടെയാണ് വിഷയത്തില്‍ ഡി.ജി.പി. തന്നെ ഇടപെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയത്. സബ്സിഡി ആയി 80 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതില്‍ 25 ലക്ഷം അനുവദിച്ചു. ഈ തുക അപര്യാപ്തമാണ്. തീര്‍ഥാടന കാലം മുഴുവന്‍ മെസ് സബ്‌സിഡി നല്‍കാന്‍ ഈ തുക മതിയാവില്ല. കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.

ശബരിമല ഡ്യൂട്ടിക്ക് വരുന്ന പോലീസുകാര്‍ക്ക് മെസ് സബ്സിഡി വര്‍ഷങ്ങളായി നല്‍കുന്നുണ്ട്. ആദ്യമായാണ് ഇത്തവണ സബ്‌സിഡി നിര്‍ത്തിയത്.

content highlights: Govt Grants Mess Subsidy To Policemen On Sabarimala Duty