devaswom boardശബരിമല: ശബരിമല ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍നിന്നു വരുമാനം കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. ബോര്‍ഡിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നു 150 കോടിയുടെ സഹായം ചോദിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ സഹായം വൈകിയാല്‍ വായ്പ എടുക്കേണ്ടിവരുമെന്നാണ് പറയുന്നത്.

ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ബോര്‍ഡിന്റെ പ്രവര്‍ത്തനം എന്നിവയ്ക്ക് മാസം 50 കോടി വേണം. ശബരിമലയില്‍ മണ്ഡല-മകരവിളക്ക് കാലം സുഗമമായി നടത്താന്‍ 60 കോടി വേണ്ടിവരും.

കോവിഡ് മൂലം തീര്‍ഥാടകര്‍ കുറഞ്ഞതോടെ ശബരിമലയില്‍നിന്നു ഇത്തവണ കാര്യമായി വരുമാനം കിട്ടില്ല.

ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാരില്‍നിന്നു അടിയന്തര സഹായം കിട്ടിയാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂവെന്ന് പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. 150 കോടിയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ശബരിമല സീസണ്‍ സുഗമമായി നടത്താന്‍ സര്‍ക്കാര്‍ സഹായം വേണം.സാമ്പത്തിക പ്രതിസന്ധി മൂലം ബോര്‍ഡിന് ഒന്നും ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്.നിലവില്‍ ബോര്‍ഡിന്റെ നഷ്ടം 350 കോടിയായി.

മുന്‍ ഭരണസമിതി 2019-ല്‍ എടുത്ത 35 കോടി വായ്പയില്‍ പലിശപോലും അടയ്ക്കാന്‍ കഴിയുന്നില്ല.പലിശമാത്രം വര്‍ഷം രണ്ടുകോടി വേണം.

മരാമത്ത് പ്രവൃത്തികള്‍ നടത്തിയ കരാറുകാരുടെ ബില്ല് മാറുന്നതിനാണ് അന്ന് വായ്പ എടുത്തത്.ഇതിന്റെ പലിശയും മുതലും അടയ്ക്കാതിരുന്നാല്‍ ഭാവിയില്‍ വലിയ ബാധ്യതയാവും.ദേവസ്വം ബോര്‍ഡിന്റെ ഏറ്റവും വലിയ വരുമാനം ശബരിമലയില്‍ നിന്നാണ്. ഈ വരുമാനം ഉപയോഗിച്ചാണ് വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളുടെ നടത്തിപ്പ് ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കോവിഡ് നിയന്ത്രണം മണ്ഡല കാലത്തെ പ്രതികൂലമായി ബാധിച്ചു.

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണം കുറയ്‌ക്കേണ്ടിവന്നത് നിയന്ത്രണംഉള്ളതുകൊണ്ടാണ്.

കൂടുതല്‍ തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കിയാല്‍ മാത്രമേ ശബരിമലയില്‍നിന്നുള്ള വരുമാനം കൂടുകയുള്ളൂ എന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തിലും കൂടുതല്‍ പേര്‍ക്ക് ദര്‍ശനം നല്‍കണമെന്ന ആവശ്യം ഉയര്‍ന്നു. ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുമുണ്ട്.

content highlights: financial crisis; devaswom board seeks 150 crore assistance