എരുമേലി: സമഭാവനയുടെ സന്ദേശവുമായി അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ എരുമേലി പേട്ടതുള്ളൽ തിങ്കളാഴ്ച നടക്കും. അയ്യപ്പനും വാവരും തുടർന്ന ആത്മബന്ധം പുതുക്കി നൈനാർ മസ്ജിദിൽ പേട്ടസംഘത്തെ സ്വീകരിക്കും.

അമ്പലപ്പുഴ സംഘത്തോടൊപ്പം, വാവര് സ്വാമിയുടെ പ്രതിനിധിയാകുന്ന ജമാഅത്ത് അംഗത്തിന് ധർമശാസ്താ ക്ഷേത്രത്തിൽ സ്വീകരണം നൽകും. ആളും, ആഘോഷങ്ങളും പരിമിതപ്പെടുത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പേട്ടതുള്ളൽ. പേട്ടതുള്ളൽ കാണാൻ വിശ്വാസികൾ കൂട്ടംകൂടി നിൽക്കാനും അനുമതിയില്ല.

പേട്ട ധർമശാസ്താ ക്ഷേത്രത്തിൽ ‍(കൊച്ചമ്പലം) നിന്നുമാണ് പേട്ടതുള്ളൽ ആരംഭിക്കുന്നത്. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളലാണ് ആദ്യം. പകൽ 12-മണിയോടെ ഭഗവദ് സാന്നിധ്യമായി ആകാശത്ത് പരുന്തെത്തുമ്പോൾ അമ്പലപ്പുഴ സംഘം പേട്ടതുള്ളൽ തുടങ്ങും.

സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായരുടെ പ്രതിനിധിയായി അമ്പലപ്പുഴ കരപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള പേട്ടതുള്ളലിന് നേതൃത്വം നൽകും. നൈനാർ മസ്ജിദിൽ (വാവര് പള്ളി) ജമാഅത്ത് ഭാരവാഹികളുടെ സ്വീകരണം ഏറ്റുവാങ്ങിയാണ് പേട്ടസംഘം ധർമശാസ്താ ക്ഷേത്രത്തിലേക്ക് (വലിയമ്പലം) പേട്ടതുള്ളി നീങ്ങുന്നത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് യോഗം പെരിയോൻ എ.കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ. ആയിരത്തോളം ഭക്തർ പങ്കെടുത്തിരുന്ന എരുമേലി പേട്ടതുള്ളലിൽ ഇക്കുറി 50-ൽ താഴെ പേരേ ഉണ്ടാകൂ.