ശബരിമല: അന്തരിച്ച ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം ഉൾപ്പെടെ പലരും ആദരവോടെ കാണുന്നവരാണ് പമ്പയിലെ ഡോളി സ്വാമിമാർ. അയ്യപ്പനെ കാണാൻ ഏറെ ആഗ്രഹത്തോടെ വരുന്നവരിൽ മല നടന്ന് കയറാൻ കഴിയാത്തവരെ സന്നിധാനംവരെ ചുമന്ന് എത്തിക്കുന്നവരാണ് ഇവർ.

എന്നാൽ, കോവിഡ് ഇവരുടെ എല്ലാ പ്രതീക്ഷകളെയും തകർത്തെറിഞ്ഞു. ദർശനത്തിന് എത്തുന്ന അയ്യപ്പൻമാരുടെ എണ്ണം കോവിഡ് കാരണം കുറച്ചതോടെ ഇവരുടെ ജീവിതമാർഗം അടഞ്ഞു.

കഴിഞ്ഞ തീർത്ഥാടനകാലംവരെ 250 ഡോളികൾവരെ പമ്പയിലുണ്ടായിരുന്നു. എന്നാൽ, ഇത്തവണയുള്ളത്‌ 15 എണ്ണം മാത്രം. ഇവർക്കും കാര്യമായ വരുമാനമില്ല.

മുൻ വർഷങ്ങളിൽ ദിവസം മൂന്നും നാലും തവണ അയ്യപ്പൻമാരുമായി മല കയറിയിരുന്നു ഇവർ. ഇപ്പോൾ ഒരു തവണ കയറാൻ കഴിഞ്ഞാൽ ഭാഗ്യം. ഒരു തവണപോലും അയ്യപ്പൻമാരുമായി മല കയറാൻ കഴിയാത്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഡോളി ചുമട്ടുകാരനായ തിരുവനന്തപുരം സ്വദേശി ചന്തു പറഞ്ഞു. ഡോളി ചുമട്ടുകാരിൽ പലരും മറ്റ് ജോലിതേടി പോയി.

ഡോളി ചുമട്ടുകാരിൽ എറെയും തമിഴ്‌നാട്ടിൽനിന്നുളളവരായിരുന്നു. നാല് പേർ ചേർന്നാണ് ഡോളി ചുമക്കുന്നത്. സന്നിധാനത്ത് എത്തിച്ച് തരിച്ച് പമ്പയിൽ കൊണ്ടുവരാൻ 4200 രൂപയാണ്. ഇതിൽ 200 രൂപ ദേവസ്വം ബോർഡിനാണ്. ഡോളി ചുമക്കുന്ന ഒരോരുത്തർക്കും 1000 രൂപ വീതം കിട്ടും. ഒരു വശത്തേക്ക് 2200 രൂപയാണ് ഡോളി നിരക്ക് .

മുമ്പ് അയ്യപ്പദർശനത്തിന് പമ്പയിൽ വന്ന ബാലസുബ്രഹ്മണ്യം മല നടന്നുകയറാൻ കഴിയാത്തതുകാരണം ഡോളിയിലാണ് സന്നിധാനത്ത് എത്തിയത്. എന്നാൽ, ഡോളിയിൽ കയറുന്നതിന് മുമ്പ് അദ്ദേഹം ഡോളി ചുമക്കുന്നവരുടെ കാൽതൊട്ടുവന്ദിച്ചു. കൂടെ ഉണ്ടായിരുന്ന ആളിനോടും അങ്ങനെ ചെയ്യാൻ അദ്ദേഹം പറഞ്ഞിരുന്നു.