തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാന്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി 48 സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളുടെ ശൃംഖലയ്ക്ക് രൂപംനല്‍കി. പത്തനംതിട്ടയില്‍ 21 ആശുപത്രികളും കോട്ടയത്ത് 27 ആശുപത്രികളുമാണുള്ളത്.

കേരളത്തില്‍നിന്നുള്ള തീര്‍ഥാടകര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലും സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളിലും കോവിഡ് ചികിത്സ സൗജന്യമായിരിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ (കാസ്പ്) അംഗമല്ലാത്ത കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള തീര്‍ഥാടകര്‍ക്ക് കോവിഡിതര ചികിത്സയ്ക്ക് പണം നല്‍കണം.

പുറത്തുനിന്നുള്ള പി.എം.ജെ.എ.വൈ. കാര്‍ഡുള്ളവര്‍ക്ക് സൗജന്യ സേവനം നല്‍കും. ശബരിമല സേവനത്തിനായി ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ വിന്യസിച്ചുവരുന്നതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആരോഗ്യവകുപ്പില്‍നിന്ന് ആയിരത്തോളം ജീവനക്കാരെ വിവിധ ഘട്ടങ്ങളിലായി ശബരിമലയില്‍ നിയോഗിക്കും. രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്), എരുമേലി എന്നിവിടങ്ങളില്‍ വിദഗ്ധസംവിധാനങ്ങളോടു കൂടിയ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കും. സന്നിധാനത്ത് അടിയന്തര ഓപ്പറേഷന്‍ തിയേറ്ററുണ്ടാകും. എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പമുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി സ്ഥാപിക്കും.

content highlights: covid treatment free of cost for sabarimala pilgrims within the state