തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ നെഗറ്റീവ് ആകുന്നതുവരെ ചികിത്സ നല്‍കും. തീര്‍ഥാടകരുടെ ആവശ്യപ്രകാരം പൊതു, സ്വകാര്യ ആശുപത്രികളില്‍ ചികിത്സനല്‍കാനാണ് തീരുമാനം. പത്തനംതിട്ട, കോട്ടയം മെഡിക്കല്‍ കോളേജുകളിലും സ്വകാര്യ ആശുപത്രികളിലും ചികിത്സയും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയതായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. തിങ്കളാഴ്ച തീര്‍ഥാടനം തുടങ്ങാനിരിക്കെ അവസനാവട്ട ഒരുക്കങ്ങള്‍ വിലയിരുത്താനായിരുന്നു യോഗം.

*തീര്‍ഥാടനത്തിന്റെ ആദ്യരണ്ടു ദിവസങ്ങളില്‍ വെര്‍ച്വല്‍ ക്യൂവില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ ദര്‍ശനത്തിന് എത്താത്തവരുടെ എണ്ണത്തിന് ആനുപാതികമായി അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ പേരെ അനുവദിക്കും.

*വെര്‍ച്വല്‍ ക്യൂവിലൂടെയെത്തുന്നവര്‍ക്ക് ദര്‍ശനത്തിന് സ്ഥലം അടയാളപ്പെടുത്തി നല്‍കും. 60-നും 65-നും മധ്യേ പ്രായമുള്ളവര്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം.

*കോവിഡ് ബാധിതര്‍ എത്തില്ലെന്ന് ഉറപ്പാക്കും. തിരുവനന്തപുരം, തിരുവല്ല, ചെങ്ങന്നൂര്‍, കോട്ടയം റെയില്‍വേ സ്റ്റേഷനുകളിലും തീര്‍ഥാടകര്‍ എത്തുന്ന എല്ലാ ബസ്സ്റ്റാന്‍ഡുകളിലും മറ്റുവിവിധ കേന്ദ്രങ്ങളിലും ആന്റിജന്‍ ടെസ്റ്റിന് സൗകര്യം. നിലയ്ക്കലും പമ്പയിലും കോവിഡ് ടെസ്റ്റിങ് കിയോസ്‌കുകള്‍.

*മാധ്യമങ്ങളിലെയും മറ്റുവകുപ്പുകളിലെയും പരിമിത എണ്ണം ജീവനക്കാര്‍ക്ക് സന്നിധാനത്ത് തങ്ങാം. ഇവര്‍ക്ക് വെര്‍ച്വല്‍ ക്യൂ വേണ്ട. തിരിച്ചറിയല്‍ കാര്‍ഡും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. നിലയ്ക്കലില്‍ 750-ഓളം തീര്‍ഥാടകര്‍ക്ക് വിരിവെക്കാം. പമ്പയിലും സന്നിധാനത്തും അനുവദിക്കില്ല.

* മലകയറുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമല്ല. ഉപയോഗിച്ച മാസ്‌ക് ശേഖരിച്ച് നശിപ്പിക്കും. കടകളില്‍ സാനിറ്റൈസറും മാസ്‌കുകളും അണുനശീകരണ സാധനങ്ങളും വില്‍ക്കും.

*സാമൂഹിക അകലത്തില്‍ അന്നദാനം. ഡ്യൂട്ടിയിലുള്ള കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് ദേവസ്വം മെസില്‍ ഭക്ഷണം.

തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, എന്‍. വാസു, ദേവസ്വം പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ഹെല്‍ത്ത് മിഷന്‍ ഡയറക്ടര്‍ രത്തന്‍ ഖേല്‍ക്കര്‍, എ.ഡി.ജി.പി. ഡോ. ഷേഖ് ദര്‍വേഷ് സാഹിബ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ദേവസ്വം കമ്മിഷണര്‍ ബി.എസ്. തിരുമേനി തുടങ്ങിയവര്‍ പങ്കെടുത്തു.

content highlights: covid treatment for pilgrimers