sabarimala
മണ്ഡലകാലത്ത് ക്യൂവിൽനിന്ന് ആദ്യം പടികയറിയ ആന്ധ്ര സ്വദേശി ശിവശങ്കർ പതിനെട്ടാംപടിക്കുമുകളിൽ

ശബരിമല: മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് നിലയ്ക്കല്‍മുതല്‍ സന്നിധാനംവരെ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനം.

ഹൈക്കോടതി നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തയ്യാറെടുപ്പുകള്‍. ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളവിതരണത്തിനുള്ള പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ഓഷധജലമാണ് വിതരണം നടത്തുക. പമ്പ ഗണപതി കോവിലിനടുത്ത് ഇതിന് കൗണ്ടര്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു ലിറ്റര്‍ വെള്ളം കൊള്ളുന്ന സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തിലാണ് ജലം വിതരണം ചെയ്യുന്നത്. ഇതിനായി 200 രൂപ ഡെപ്പോസിറ്റ് ചെയ്യണം. ദര്‍ശനം പൂര്‍ത്തിയാക്കി പമ്പയിലെത്തി പാത്രം തിരികെ നല്‍കുമ്പോള്‍ ഡെപ്പോസിറ്റ് തുക തിരികെ നല്‍കും. ചരല്‍മേട്, ജ്യോതിനഗര്‍, മാളികപ്പുറം എന്നിവിടങ്ങളില്‍ വെള്ളം നിറയ്ക്കുന്നതിനുള്ള സൗകര്യമുണ്ട്.സന്നിധാനത്ത് എത്തുമ്പോള്‍മുതല്‍ വലിയ നടപ്പന്തല്‍, ലോവര്‍ തിരുമുറ്റം, അപ്പര്‍ തിരുമുറ്റം, മാളികപ്പുറം, പ്രസാദം കൗണ്ടറുകള്‍, അന്നദാനമണ്ഡപം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് സാമൂഹിക അകലം പാലിച്ച് നില്‍ക്കുന്നതിനുള്ള മാര്‍ക്കിങ് നടത്തിയിട്ടുണ്ട്.

അണുനശീകരണത്തിന്റെ ഭാഗമായി വലിയ നടപ്പന്തലിന്റെ തുടക്കത്തില്‍ ശുദ്ധജലം ഉപയോഗിച്ച് കാല്‍ കഴുകുന്നതിനുള്ള സംവിധാനവും ശേഷം സാനിറ്റെസര്‍ ഉപയോഗിച്ച് ശുചിയാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അന്നദാനമണ്ഡപം, ദേവസ്വം മെസ്, പോലീസ് മെസ്, ഭണ്ഡാരം എന്നിവിടങ്ങളില്‍ തെര്‍മല്‍ വേപ്പറൈസേഷന്‍ ഫോഗിങ് മെഷീന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കും.

23 സ്ഥലത്ത് ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നെയ്ത്തേങ്ങ സ്വീകരിക്കുന്ന സ്ഥലം, സ്റ്റാഫ് ഒണ്‍ലി ഗേറ്റ്, എക്‌സിക്യുട്ടീവ് ഓഫീസിനു മുന്‍വശം, എന്നിവിടങ്ങളില്‍ സെന്‍സറുള്ള ഹാന്‍ഡ് സാനിറ്റൈസറുകള്‍ സ്ഥാപിക്കും.

തൊഴിലാളികള്‍ക്ക് എല്ലാവര്‍ക്കും മാസ്‌കും ഗ്ലൗസും നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരോട് നേരിട്ട് ഇടപഴകേണ്ടിവരുന്ന തൊഴിലാളികള്‍ക്ക് ഫെയ്സ് ഷീല്‍ഡും നല്‍കി. അന്നദാനമണ്ഡപത്തില്‍ ഓരോ തവണ ആഹാരം കഴിച്ചതിനുശേഷവും അണുവിമുക്തമാക്കും. ശൗചാലയങ്ങള്‍ ഓരോ വ്യക്തികള്‍ ഉപയോഗിച്ചുകഴിയുമ്പോഴും അണുവിമുക്തമാക്കും. മാസ്‌കും ഗ്ലൗസും ഇടുന്നതിനായി ബിന്നുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

രോഗം കണ്ടെത്തുന്ന തീര്‍ഥാടകരെ നാട്ടില്‍ എത്തിക്കാന്‍ ആംബുലന്‍സ് സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്. ചികിത്സ വേണ്ടവര്‍ക്ക് പ്രാഥമിക കോവിഡ് ചികിത്സാ കേന്ദ്രങ്ങളില്‍ സൗകര്യം ഒരുക്കും.