ശബരിമല: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആദ്യ ബാച്ച് ഡ്യൂട്ടി കഴിഞ്ഞുപോയ പോലീസുകാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്ക ഉയര്‍ത്തുന്നു.ഇവരെ ഉടന്‍തന്നെ മറ്റുജോലികളില്‍ പ്രവേശിപ്പിക്കുന്നത് രോഗവ്യാപനത്തിന് കാരണമായേക്കും. മതിയായ വിശ്രമം നല്‍കിയശേഷം മാത്രമേ ഇവരെ സ്റ്റേഷന്‍ ജോലിക്ക് നിയോഗിക്കാവൂ എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

15 ദിവസമാണ് ശബരിമലയിലെ ഒരു ഡ്യൂട്ടി കാലം. നവംബര്‍ 15-ന് ജോലിക്ക് എത്തിയ ആദ്യ സംഘം 30-ന് തിരികെപ്പോയി. ഡ്യൂട്ടി കഴിഞ്ഞുപോയവരില്‍ നിലയ്ക്കല്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്ക് കോവിഡ് തെളിഞ്ഞിരുന്നു. കൊല്ലത്തുനിന്ന് വന്നവര്‍ അവിടെ നടത്തിയ പരിശോധനയില്‍ 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാണ് പറയുന്നത്. മറ്റ് ജില്ലകളില്‍ ഉള്ളവരുടെ വിവരം ലഭ്യമായിട്ടില്ല. ഡ്യൂട്ടി ചെയ്യുന്നതിനിടെ സന്നിധാനം, പമ്പ എന്നിവിടങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു.സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആകെ 700 പോലീസുകാര്‍ ആണ് ഒരു ഷിഫ്റ്റില്‍ ജോലിചെയ്യുന്നത്.

എക്‌സൈസ്, വനം, അഗ്നിരക്ഷാസേന, വിഭാഗങ്ങളിലും നിരവധി പേര്‍ ജോലി ചെയ്ത് മടങ്ങി. ശബരിമല ഡ്യൂട്ടി കഴിഞ്ഞുപോവുന്ന പോലീസുകാര്‍ക്ക് മൂന്നു ദിവസത്തെ വിശ്രമം ആണ് ഉള്ളത്. അതു കഴിഞ്ഞാല്‍ ജോലിക്ക് കയറണം. തിരഞ്ഞെടുപ്പ് കാലംകൂടി ആയതിനാല്‍ കൂടുതല്‍ ജോലിത്തിരക്ക് ഉണ്ടാവും.

കോവിഡ് സാധ്യത മുന്‍നിര്‍ത്തി ശബരിമല ഡ്യൂട്ടി കഴിഞ്ഞുപോയവര്‍ക്ക് കൂടുതല്‍ ദിവസം വിശ്രമത്തിന് അനുവദിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

തീര്‍ഥാടകര്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണം-തന്ത്രി കണ്ഠര് രാജീവര്

ശബരിമല: ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ആരോഗ്യ പ്രവര്‍ത്തകരും മറ്റു സര്‍ക്കാര്‍ വിഭാഗങ്ങളും നല്‍കുന്ന നിര്‍ദേശങ്ങള്‍ എല്ലാ തീര്‍ഥാടകരും പാലിക്കണം. സാമൂഹിക അകലം ഉറപ്പുവരുത്തേണ്ടതിനാല്‍ നെയ്യഭിഷേകം മുന്‍വര്‍ഷങ്ങളിലെ പോലെ നടത്താന്‍ കഴിയില്ല. ഭക്തരുടെ നെയ്ത്തേങ്ങ ദേവസ്വം ജീവനക്കാര്‍ വഴി അഭിഷേകം നടത്താനുള്ള സൗകര്യം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.