ശബരിമല: പമ്പാനദിയിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കുത്തനെ കുറഞ്ഞു. നദിയിൽ മാലിന്യം കലരുന്നത് കുറഞ്ഞതാണ് കാരണം. ഇത്തവണ 100 മില്ലീലിറ്റർ വെള്ളത്തിൽ ഇതുവരെ കണ്ടെത്തിയ എറ്റവും കൂടുതൽ കോളിഫോം ബാക്ടീരിയ 320 ആണ്. ഞുണുങ്ങാർ ഭാഗത്താണിത്. എന്നാൽ, കഴിഞ്ഞ തീർഥാടനകാലത്ത് ഞുണുങ്ങാർ ഭാഗത്ത് ഇത് 20,000 വരെയായി ഉയർന്നിരുന്നു.

കൊച്ചുപമ്പ, കക്കിയാർ, ത്രിവേണി, ആറാട്ടുകടവ്, പമ്പ, ഞുണുങ്ങാർ എന്നിവിടങ്ങളിൽ മലിനീകരണ നിയന്ത്രണബോർഡ് എല്ലാദിവസവും വെള്ളത്തിന്റെ സാമ്പിൾ പരിശോധിക്കുന്നുണ്ട്.

2019 ഡിസംബർ എട്ടിന് ഞുണുങ്ങാറിലെ കോളിഫോം ബാക്ടീരിയയുടെ അളവ് 100 മില്ലീലിറ്ററിൽ 6200 ആയിരുന്നു. ത്രിവേണിയിലേത് കഴിഞ്ഞവർഷം 5600 ആയിരുന്നത് 260 ആയും കൊച്ചുപമ്പയിലേത് 4200-ൽ നിന്ന് 190 ആയും കുറഞ്ഞു.

വിസർജ്യങ്ങളുംമറ്റും കലരുന്നതുമൂലമാണ് കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകുന്നത്. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി, ഇത്തവണ അയ്യപ്പൻമാരെ പമ്പാനദിയിൽ കുളിക്കാൻ അനുവദിക്കുന്നില്ല. നദീതീരത്ത് കച്ചവടസ്ഥാപനങ്ങളും കുറവാണ്. ഇതെല്ലാം കോളിഫോം ബാക്ടീരിയുടെ അളവ് കുറയാൻ കാരണമായിട്ടുണ്ട്.

സന്നിധാനത്തെ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കൃത്യമായി പ്രവർത്തിക്കുന്നെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് ഉറപ്പാക്കുന്നുണ്ട്. ഇതുകാരണം, പ്ലാന്റിൽനിന്നും പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിലും മാലിന്യത്തിന്റെ അളവ് കുറഞ്ഞു. ഈ വെള്ളം ഞുണുങ്ങാറിൽ എത്തുന്നുണ്ട്. തീർഥാടനകാലത്ത് പമ്പയിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഓഫീസ് പ്രവർത്തിക്കുന്നുണ്ട്. അസിസ്റ്റന്റ് എൻവയൺമെന്റ് എൻജിനീയർ കെ.ആർ. അനിഗറിന്റെ നേതൃത്വത്തിൽ പമ്പയിൽ എട്ടും സന്നിധാനത്ത് രണ്ടും ജീവനക്കാരാണ് മലിനീകരണ നിയന്ത്രണം ഉറപ്പാക്കുന്നത്.