പത്തനംതിട്ട: മണ്ഡല-മകരവിളക്ക് കാലത്തെ അപ്പം, അരവണ നിര്‍മാണം ഇത്തവണ ആവശ്യമനുസരിച്ചുമാത്രം. കോവിഡിന്റെ പശ്ചാത്തലത്തില്‍ തീര്‍ഥാടകരുടെ എണ്ണം ക്രമപ്പെടുത്തിയതോടെയാണ് നിര്‍മാണം കുറയ്ക്കാന്‍ തീരുമാനിച്ചത്. മുന്‍വര്‍ഷങ്ങളില്‍ 25 ലക്ഷം ടിന്‍ അരവണയും 10ലക്ഷം അപ്പവും നടതുറക്കുംമുമ്പേ തയ്യാറാക്കി കരുതല്‍ ശേഖരമാക്കി സൂക്ഷിക്കുമായിരുന്നു. ഇത്തവണ ആളെ കുറച്ചതിനാല്‍ വലിയ ശേഖരം വേണ്ടെന്നാണ് ബോര്‍ഡിന്റെ നിലപാട്.

ഞായറാഴ്ചയാണ് അപ്പം, അരവണ നിര്‍മാണം ആരംഭിക്കുക. ആദ്യഘട്ടത്തില്‍ 10,000 അരവണയും 5000 കവര്‍ അപ്പവുമാണ് തയ്യാറാക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറച്ചുതീര്‍ഥാടകര്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ഡ്യൂട്ടിക്ക് എത്തുന്ന ജീവനക്കാരുടെ എണ്ണം ദേവസ്വം ബോര്‍ഡ് കുറച്ചിട്ടുണ്ട്.

സ്ഥിരം ജീവനക്കാരും ദിവസവേതന ജീവനക്കാരും ഉള്‍പ്പെടെ 500 പേര്‍ മാത്രമാണ് ഇത്തവണ ഡ്യൂട്ടിക്ക് ഉണ്ടാകുക. കഴിഞ്ഞ തവണ ഇതേ സ്ഥാനത്ത് 2500 ജീവനക്കാരെയായിരുന്നു നിയോഗിച്ചിരുന്നത്.

content highlights: Appam, Aravana production only as required