ശബരിമല: ശരണവഴികളില്‍ സേവനത്തിന്റെ ഉദാത്ത മാതൃകയായ അഖിലഭാരത അയ്യപ്പ സേവാസംഘത്തിന് വജ്രജൂബിലി. 1945-ലെ മണ്ഡലകാലത്ത് രൂപംകൊണ്ടതാണ് ശബരീശന്റെ സന്നദ്ധസേന. അയ്യപ്പദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്കുള്ള സേവനം മാത്രമാണ് സേവാസംഘത്തിന്റെ ലക്ഷ്യം.

ശബരിമലയില്‍ ഒരിക്കലെങ്കിലുംവന്ന ഭക്തര്‍ക്ക് സേവാസംഘത്തിന്റെ പ്രവര്‍ത്തനം മറക്കാന്‍ ആവില്ല. ശാരീരിക അസ്വസ്ഥത നേരിടുന്നവരെ ആള്‍ക്കൂട്ടത്തില്‍നിന്നു സ്‌ട്രെച്ചറില്‍ എടുത്ത് ആശുപത്രിയിലേക്ക് പായുന്ന സംഘം വൊളന്റിയര്‍മാരെ എങ്ങനെ മറക്കും.

അടിയന്തര ചികിത്സ വേണ്ടവരെ നാലരക്കിലോമീറ്റര്‍ ചുമന്നാണ് പമ്പയില്‍ എത്തിക്കുന്നത്. സന്നിധാനത്തേക്കുള്ള വഴികളില്‍ ഭക്തരുടെ ആരോഗ്യരക്ഷ ഉറപ്പാക്കാന്‍ അടിയന്തര ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കാനും സംഘം മുന്നിലുണ്ട്.

1945-ല്‍, കുട്ടനാട് മങ്കൊമ്പ് സ്വദേശി ഡോ. വേലായുധന്‍ പിള്ളയാണ് അയ്യപ്പ സേവാ സംഘത്തിന് തുടക്കമിട്ടതെന്ന് ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിനുവന്ന ഡോക്ടര്‍ക്ക് അന്ന് പമ്പയില്‍ താവളത്തില്‍ താമസിക്കുന്ന ഒരു കുട്ടിക്ക് അടിയന്തര ചികിത്സ നല്‍കേണ്ട സാഹചര്യം ഉണ്ടായി. തുടര്‍ന്നാണ്, ശബരിമല സേവന പ്രവര്‍ത്തനത്തിന് സന്നദ്ധസംഘം രൂപവത്കരിച്ചത്. ഡോ.വേലായുധന്‍ പിള്ള ജനറല്‍ സെക്രട്ടറിയും ജസ്റ്റിസ് ഗോവിന്ദപിള്ള പ്രസിഡന്റും ആയി അഖിലഭാരത അയ്യപ്പ സേവാസംഘം രൂപംകൊണ്ടു.

സേവാസംഘത്തിന് രാജ്യത്ത് 5675 ശാഖകള്‍ ഉണ്ട്. അമേരിക്ക, കാനഡ, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ശാഖകള്‍ നിലവില്‍വന്നു. തീര്‍ഥാടനകാലത്ത് അയ്യപ്പന്‍മാരെ സഹായിക്കാന്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പന്തളം, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് ഓഫീസ് തുറക്കും. ഇതിനുപുറമെ തളിപ്പറമ്പ് മുതല്‍ കന്യാകുമാരി വരെ അന്നദാന, വിശ്രമ കേന്ദ്രങ്ങളും തുടങ്ങും. ഇത്തവണ കോവിഡ് മൂലം എല്ലാം പരിമിതമാണ്.

രോഗികളെ കൊണ്ടുപോകുന്ന സ്‌ട്രെച്ചര്‍ യൂണിറ്റ്, അടിയന്തര ചികിത്സാകേന്ദ്രം, അന്നദാനം, ചുക്കുവെള്ള വിതരണം, ശുചീകരണം, ആശുപത്രി സേവനം എന്നിവ ഉണ്ട്.

ശാഖകള്‍ വഴി ഭക്തര്‍ നല്‍കുന്ന സംഭാവന ഉപയോഗിച്ചാണ് സേവാസംഘം പ്രവര്‍ത്തിക്കുന്നതെന്ന് വേലായുധന്‍ നായര്‍ പറഞ്ഞു. 2010 മുതല്‍ ഇദ്ദേഹമാണ് ജനറല്‍ സെക്രട്ടറി. പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയും. ഈ സീസണില്‍ സന്നിധാനത്ത് 82 പേരാണ് സേവനം ചെയ്യുന്നത്. നരസിംഹ മൂര്‍ത്തിയാണ് ക്യാമ്പ് ഓഫീസര്‍. പാണ്ഡ്യരാജ്, കാര്‍ത്തികേയന്‍ എന്നിവര്‍ അസിസ്റ്റന്റ് ക്യാമ്പ് ഓഫീസര്‍മാരും.

ശബരിമലയില്‍ എത്തിയ ആയിരക്കണക്കിന് ഭക്തരുടെ ജീവന്‍ രക്ഷിച്ച അനുഭവങ്ങള്‍ സേവാസംഘത്തിന് പറയാനുണ്ട്.

content highlights: Akhila Bharatha Ayyappa Seva Sangham, Sabarimala Pilgrimage 2020