ശബരിമല: മണ്ഡലകാലം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയത് 9,000 തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷം മൂന്നുലക്ഷത്തോളം പേര്‍ ഈ സമയം മല ചവിട്ടിയിരുന്നു. കോവിഡ് നിയന്ത്രണം നിലനില്‍ക്കെ, ഈ സീസണില്‍ സന്നിധാനത്ത് തീര്‍ഥാടകരുടെ ചെറിയ തിരക്കെങ്കിലും ഉണ്ടായത് ശനിയാഴ്ചയാണ്. വലിയ നടപ്പന്തലില്‍ രാവിലെ തന്നെ തിരക്കുണ്ടായിരുന്നു. പതിനെട്ടാംപടി കയറാനും ദര്‍ശനം നടത്താനും കൂടുതല്‍ ഭക്തരെത്തി. വാവര് നടയില്‍ അയ്യപ്പന്മാര്‍കൂടിയിരിക്കുന്നതും ഇത്തവണത്തെ ആദ്യകാഴ്ചയായിരുന്നു.

കോവിഡ് നിയന്ത്രണം വന്നശേഷം എട്ടുമാസത്തിനിടെ ഏറ്റവും കൂടുതല്‍ ഭക്തര്‍ എത്തിയ ദിവസവും ശനിയാഴ്ചയാണ്. ശനിയാഴ്ച 1,959 പേര്‍ ദര്‍ശനം നടത്തി.ഞായറാഴ്ചയും തിരക്ക് ഉണ്ടായിരുന്നു. ഉച്ചവരെ 1,573 പേര്‍ ദര്‍ശനം നടത്തി. തീര്‍ഥാടകരുടെ കുറവ് നടവരവിനെയും ബാധിച്ചു. മുന്‍വര്‍ഷം ദിവസം മൂന്ന് കോടി രൂപ വരവ് ഉണ്ടായിരുന്നു. ഇപ്പോള്‍ പത്ത് ലക്ഷം രൂപയില്‍ത്താഴെ മാത്രം. സാധാരണദിവസം 1,000 പേര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളില്‍ 2,000 പേര്‍ക്കുമാണ് ദര്‍ശനാനുമതി. തിങ്കള്‍ മുതല്‍ വെള്ളി വരെ 950 മുതല്‍ 1050 പേരാണ് ദിവസവും വന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000-ത്തിന് അടുത്തും.

ഓണ്‍ലൈന്‍ വഴി ബുക്കുചെയ്യുന്നവരില്‍ 40 ശതമാനം പേരും വരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. കാത്തിരിപ്പ് പട്ടികയില്‍ ഉള്ളവര്‍ക്ക് അവസരം നല്‍കിയത് മൂലമാണ് ഭക്തരുടെ എണ്ണം 1,000 ആവുന്നത്. ശനിയാഴ്ച 2,000 പേര്‍ വന്നിട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ട്. പ്രതിദിനം വരുന്ന ഭക്തരുടെ എണ്ണം കൂട്ടിയാലും കോവിഡ് നിയന്ത്രണം പാലിക്കാന്‍ കഴിയുമെന്ന് ഇത് തെളിയിക്കുന്നു. ശാരീരിക അകലം പാലിക്കുന്നത് ഉറപ്പുവരുത്താന്‍ സന്നിധാനം വലിയ നടപ്പന്തലില്‍ 351 ഇടങ്ങളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കൈകളും കാലും ശുചീകരിക്കുന്നതിനും വലിയ നടപ്പന്തലില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlights: 9,000 pilgrims reached Sabarimala in the first week