ശബരിമല: നവംബര്‍ 16 മുതല്‍ ജനുവരി 20 വരെ നീളുന്ന മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയില്‍ പരമാവധി 86,000 പേര്‍ക്ക് ദര്‍ശനം നല്‍കാനാണ് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തീരുമാനം. പോലീസിന്റെ ഓണ്‍ലൈന്‍ സംവിധാനം വഴി ആദ്യം ബുക്ക് ചെയ്തവര്‍ക്കാണ് അനുമതി.

ഈ ഉത്സവകാലത്ത് സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കായിരിക്കും സന്നിധാനത്തേക്ക് പ്രവേശനം. ശനി, ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്ക് അനുമതി നല്‍കും.

മണ്ഡല-മകരവിളക്ക് ദിവസങ്ങളില്‍ 5000 പേര്‍ക്കും. നവംബര്‍ ഒന്നിനാണ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ആദ്യ രണ്ടുമണിക്കൂറില്‍ തന്നെ ലക്ഷ്യമിട്ട അത്രയും പേര്‍ ബുക്ക് ചെയ്തു. ബുക്ക് ചെയ്യുന്നവര്‍ വരാത്ത സാഹചര്യം ഒഴിവാക്കാന്‍ 42,000 പേരുടെ കാത്തിരിപ്പ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്.

രോഗവ്യാപനം കുറയുന്ന സാഹചര്യം ഉണ്ടായാല്‍ കൂടുതല്‍ പേര്‍ക്ക് ദര്‍ശനാനുമതി നല്‍കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നവരെ മാത്രമേ ഇതിന് പരിഗണിക്കൂ. 10-നും 60-നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്. 60 മുതല്‍ 65 വയസ്സ് വരെയുള്ളവര്‍ക്ക് ശാരീരികക്ഷമത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ പ്രവേശനം ലഭിക്കും.

content highlights: 86000 people allowed to Sabarimala dharshan