ശബരിമല: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്നിധാനത്ത് ആദ്യമായി നടന്ന ആന്റിജൻ പരിശോധനയിൽ 36 പേർക്ക് രോഗം സ്ഥിരീകരിച്ചു. 238 പേരാണ് പരിശോധനയ്ക്ക് വിധേയമായത്. രോഗബാധിതരിൽ 18 പോലീസുകാരും 12 ദേവസ്വം ജീവനക്കാരും ഉൾപ്പെടുന്നു.

14 ദിവസത്തിൽ കൂടുതൽ സന്നിധാനത്ത് തങ്ങുന്ന ദേവസ്വം, താത്കാലിക, പലവേല ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ, പോലീസുകാർ, കച്ചവടക്കാർ തുടങ്ങിയവർക്ക് വേണ്ടിയാണ് പരിശോധന നടത്തിയത് .

പോസിറ്റീവായി കണ്ടെത്തിയവരെ പമ്പയിലെത്തിച്ച് അവിടെനിന്നു ജില്ലയിലെ വിവിധ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് മാറ്റി. ഇവരുമായി സമ്പർക്കം പുലർത്തിയവരോട് സന്നിധാനം വിട്ടുപോകാനും ക്വാറന്റീനിൽ കഴിയാനും നിർദേശം നൽകി.

എതാനും ദിവസമായി പമ്പയിൽ ആന്റിജൻ പരിശോധന നടക്കുന്നുണ്ടായിരുന്നു. അതിൽ പങ്കെടുക്കാതിരുന്നവർക്കും കൂടിയായിരുന്നു ശനിയാഴ്ചത്തെ പരിശോധന.

സന്നിധാനം എക്സിക്യുട്ടീവ് മജിസ്ട്രേറ്റ് സി.പി. സത്യപാലൻ നായരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിലും മറ്റും നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തിയതിന്റെ തുടർച്ചയായാണ് രോഗനിർണയ ക്യാമ്പ് സംഘടിപ്പിച്ചത്.

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ലെന്ന് എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് അറിയിച്ചിട്ടുണ്ട്.

സന്നിധാനം മെഡിക്കൽ ടീമിന്റെ നേതൃത്വത്തിലാണ് കോവിഡ് പരിശോധന നടത്തിയത്.

വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് രോഗമില്ലെന്ന് കണ്ടെത്തിയവർക്ക് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി. ക്യാമ്പിന് ശേഷം സന്നിധാനം അഗ്‌നിരക്ഷാസേനാ യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പ് നടന്ന സ്ഥലം അണുവിമുക്തമാക്കി.