ശബരിമല: പമ്പയിൽ ഒൻപതുപേർക്കും സന്നിധാനത്ത് 12 പോലീസുകാർക്കും മൂന്ന് ദേവസ്വം ജീവനക്കാർക്കും കൂടി കോവിഡ്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെ മൂന്ന് പേർക്കാണ് ദേവസ്വത്തിൽ കോവിഡ് ബാധിച്ചത്.

അന്നദാനം സ്‌പെഷ്യൽ ഓഫീസർ, ഗസ്റ്റ് ഹൗസ് കെയർ ടേക്കർ എന്നിവരാണ് മറ്റുള്ളവർ. ഇവരെല്ലാം ക്വാറൻറീനിൽ ആയിരുന്നു. അതുകൊണ്ട് ഇവരുമായി സമ്പർക്കം ഉള്ളവരില്ല.

വിവിധ വകുപ്പുകളിലും ദേവസ്വം ജീവനക്കാർക്കിടയിലും കോവിഡ് ജാഗ്രത പ്രവർത്തനങ്ങൾ ത്വരപ്പെടുത്താൻ ഉന്നതതല സമിതി യോഗം തീരുമാനിച്ചു.

ആരോഗ്യവകുപ്പ് നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അതത് വകുപ്പുകളിലെ നോഡൽ ഓഫീസർമാരും ദേവസ്വം അധികൃതരും ജീവനക്കാർക്ക് നിർദേശം നൽകണം. എല്ലാ വിഭാഗം ജീവനക്കാരും മാസ്‌ക് ധരിക്കുകയും കൈകൾ ഇടയ്ക്കിടെ സാനിറ്റൈസർ ഉപയോഗിച്ച് അണുനശീകരണം നടത്തുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

വിവിധ വകുപ്പുകളിലുള്ളവരും ദേവസ്വത്തിന് കീഴിലെ വിവിധ വിഭാഗം തൊഴിലാളികളും ഭക്ഷണം കഴിക്കുന്ന സമയത്തും ജോലിചെയ്യുമ്പോഴും പരസ്പരം ഇടപഴകുന്നത് പരമാവധി കുറയ്ക്കണം. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കണം. താമസസ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണം. സന്നിധാനത്ത് ജോലി ചെയ്യുന്നവർ 14 ദിവസത്തെ ഇടവേളയിൽ കോവിഡ് പരിശോധന നടത്തണം.

ശബരിമല എ.ഡി.എം. ഡോ. അരുൺ കെ. വിജയൻ, സന്നിധാനം പോലീസ് സ്‌പെഷ്യൽ ഓഫീസർ ബി.കെ. പ്രശാന്തൻ കാണി, ഡ്യൂട്ടി മജിസ്‌ട്രേറ്റ് കെ. മനോജ്, എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് സി.പി. സത്യപാലൻ നായർ, ഫെസ്റ്റിവൽ കൺട്രോൾ ഓഫീസർ മധുസൂദനൻനായർ, നിലയ്ക്കൽ പി.എച്ച്.സി. മെഡിക്കൽ ഓഫീസർ ഡോ. ഇ.പ്രശോഭ്, ദേവസ്വം ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

content highlights: 24 new covid cases reported in sabarimala