നിലയ്ക്കല്‍: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ നിലയ്ക്കലിലെ അവസാനവട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. തീര്‍ഥാടകരുടെ എണ്ണം ദിവസേന ആയിരമായി ക്രമപ്പെടുത്തിയിരിക്കുന്നതിനാല്‍ ഇത്തവണ അധിക സൗകര്യങ്ങളൊന്നും നിലയ്ക്കലില്‍ ഏര്‍പ്പെടുത്തിയിട്ടില്ല. കുടിവെള്ളത്തിനായുള്ള കിയോസ്‌കുകളെല്ലാം പാര്‍ക്കിങ് ഗ്രൗണ്ടിനടുത്തും വിരി-ഷെഡ്ഡിനടുത്തും സജ്ജമാക്കി. ആറ് വിരി-ഷെഡും വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കിയിട്ടുണ്ട്. ഇത്തവണ ആകെ 260 ശൗചാലയമാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 100 എണ്ണം പോലീസിനും ബാക്കി തീര്‍ഥാടകര്‍ക്കുമാണ്. കോവിഡ് പരിശോധനയ്ക്കായുള്ള താത്കാലിക സെന്റര്‍ പോലീസ് കണ്‍ട്രോള്‍ റൂമിന് സമീപത്തായി നിര്‍മിച്ചുകഴിഞ്ഞു. നിലയ്ക്കല്‍-പമ്പ ചെയിന്‍ സര്‍വീസിനായുള്ള താത്കാലിക സ്റ്റാന്‍ഡും ഒരുക്കിയിട്ടുണ്ട്. പമ്പ-നിലയ്്ക്കല്‍ റൂട്ടില്‍ 25 ചെയിന്‍ സര്‍വീസുകള്‍ ദിവസേന ഉണ്ടാകും. നിലയ്ക്കലില്‍ മഹാദേവക്ഷേത്രത്തില്‍ തൊഴാനെത്തുന്നവര്‍ക്കായി പനി പരിശോധന ഉണ്ടാകും. ദര്‍ശനത്തിനെത്തുന്നവര്‍ അകലം പാലിക്കുന്നതിനായി ചതുരത്തില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഭക്ഷണകാര്യത്തില്‍ അനശ്ചിതത്വം
കുടിവെള്ളം ലഭിക്കുമെങ്കിലും തീര്‍ഥാടകര്‍ക്കുള്ള ഭക്ഷണത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പമ്പയിലും സന്നിധാനത്തും അന്നദാനം നടത്തുമെങ്കിലും നിലയ്ക്കലില്‍ അന്നദാനം നടത്തുന്ന കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഹോട്ടലുകള്‍ ലേലം കൊള്ളാത്തതിനാല്‍ പല കടകളും ഇതിനോടകം താഴെ വീഴാറായ നിലയിലാണ്. ആളുകള്‍ കുറവായതിനാല്‍ ലേലമെടുത്താല്‍ കനത്ത നഷ്ടമുണ്ടാകുമെന്ന ഭയമാണ് വ്യാപാരികളെ നിലയ്ക്കലില്‍ കട നടത്തുന്നതില്‍നിന്ന് പിന്തിരിപ്പിക്കുന്നത്. എല്ലാവര്‍ഷവും സീസണിനുമുമ്പേ അറ്റകുറ്റപ്പണി നടത്തിയിരുന്ന ഹോട്ടലുകളാണ് താഴെവീഴാറായ നിലയിലുള്ളത്. ഹോട്ടലുകള്‍ ലേലംകൊണ്ടില്ലെങ്കില്‍ ഇത്തവണ നിലയ്ക്കലിലെത്തുന്ന തീര്‍ഥാടകര്‍ ഭക്ഷണത്തിന് ബുദ്ധിമുട്ടും.
content highlights: Sabarimala Pilgrimage 2020, preparations in nilakkal