ശബരിമല: ചിത്തിരആട്ടവിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമലക്ഷേത്രനടയടച്ചു. ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. മണ്ഡലകാല പൂജകള്‍ക്കായി ഞായറാഴ്ച വൈകീട്ട് അഞ്ചിന് നട തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എ.കെ. സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തിങ്കളാഴ്ച മുതലാണ് സന്നിധാനത്തേക്ക് ഭക്തരെ അനുവദിക്കുക.

ഞായറാഴ്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയെയും, മാളികപ്പുറം മേല്‍ശാന്തി എം.എന്‍. രജികുമാറിനെയും മേല്‍ശാന്തിമാരായി അഭിഷേകം ചെയ്ത് അവരോധിക്കും. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ സോപാനത്താണ് ചടങ്ങുകള്‍. രാത്രി നടയടച്ചശേഷം നിലവിലെ ശബരിമല മേല്‍ശാന്തിയായ എ.കെ. സുധീര്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായ എം.എസ്. പരമേശ്വരന്‍ നമ്പൂതിരിയും രാത്രിതന്നെ മലയിറങ്ങും. വൃശ്ചികം ഒന്നിന് പുലര്‍ച്ചെ പുതിയ മേല്‍ശാന്തിമാരാണ് നടകള്‍ തുറക്കുന്നത്.