എരുമേലി: വൃശ്ചികം പുലരാന്‍ ഇനി മൂന്നുനാള്‍. ഒരുക്കങ്ങളും തിരക്കുമില്ലാതെ നിശ്ചലമാണ് എരുമേലി. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ തീര്‍ഥാടകരുടെ എണ്ണം നാമമാത്രമാക്കിയതോടെ, തീര്‍ഥാടനകാലം ഉപജീവനമാര്‍ഗമാക്കിയവര്‍ കച്ചവടം വേണ്ടെന്നുവെച്ചു. ശനി, ഞായര്‍ ദിവസങ്ങളില്‍ രണ്ടായിരവും മറ്റ് ദിവസങ്ങളില്‍ ആയിരം ഭക്തര്‍ക്കുംവീതമാണ് ഇത്തവണ ദര്‍ശനത്തിന് അനുമതി. ഇതില്‍ എത്ര ഭക്തര്‍ എരുമേലിയിലെത്തുമെന്നത് കാത്തിരുന്ന് കാണണം. അതുകൊണ്ടുതന്നെ സീസണ്‍ കാലത്തെ താത്കാലിക കടകളും ഇക്കുറിയില്ല. മുന്‍വര്‍ഷങ്ങളില്‍ ദിവസം അന്‍പതിനായിരത്തില്‍പരം ഭക്തര്‍ എരുമേലിയിലെത്തിയിരുന്നതായാണ് അനൗദ്യോഗിക കണക്ക്. പ്രധാന ദിവസങ്ങളില്‍ എണ്ണം ഇതിലും ഉയരാറുണ്ട്.
എരുമേലിയിലെ കാഴ്ചകളിലൂടെ
മുന്‍വര്‍ഷംവരെ ഇതായിരുന്നില്ല സ്ഥിതി. തീര്‍ഥാടനകാലം തുടങ്ങുന്നതിന് രണ്ടാഴ്ച മുമ്പേ നാട് സജീവമാകും. ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളില്‍വരെ കടകളുയരും. റോഡ്, കുടിവെള്ളം, ആരോഗ്യം തുടങ്ങി അടിസ്ഥാന ക്രമീകരണങ്ങള്‍ക്കായി തിരക്കിട്ട പണികള്‍. ദേവസ്വം ബോര്‍ഡും ജമാ അത്തും ലേലം ചെയ്യുന്ന പാര്‍ക്കിങ് മൈതാനം, കടകള്‍, ശൗചാലയ സമുച്ചയങ്ങള്‍ തുടങ്ങിയവയെല്ലാം തീര്‍ഥാടനകാലത്തിന് മുമ്പേ സജ്ജമാക്കുന്ന തിരക്കിലാവും കരാറുകാര്‍.
ഇക്കുറി കോവിഡ് എല്ലാം തകിടം മറിച്ചു. ലേലമെടുക്കാന്‍പോലും ആളില്ല. ക്ഷേത്രങ്ങള്‍ ചായംപൂശി മിനുക്കുന്ന പണിയും ഉപേക്ഷിച്ചു. ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കടമുറികള്‍ക്ക് മുന്‍പില്‍ ആള്‍പ്പൊക്കത്തില്‍ കാട് വളര്‍ന്നിരിക്കുന്നു. കടവില്‍ കുളിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ കുളിക്കടവ് വൃത്തിയാക്കിയിട്ടില്ല. പ്രവേശനഭാഗം മുളംകമ്പുകൊണ്ട് വേലി തീര്‍ത്തിരിക്കുകയാണ്. ജമാഅത്തിന്റെ മൈതാനവും അനാഥമായ നിലയില്‍. തീര്‍ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിന് അനുസൃതമായ ക്രമീകരണങ്ങളാണ് നടക്കുന്നത്.
ആയിരങ്ങള്‍ക്ക് ഉപജീവനം മുട്ടും
ദേവസ്വം ബോര്‍ഡിനും ജമാഅത്തിനും കോടിക്കണക്കിന് രൂപയുടെ നഷ്ടമാണുണ്ടാവുക. അതിലുമുപരി തീര്‍ഥാടനകാലം ഉപജീവനമാക്കിയ ഒട്ടേറെ സാധാരണക്കാരാണ് പ്രതിസന്ധിയിലായത്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആയിരത്തോളം താത്കാലിക കടകള്‍ പ്രവര്‍ത്തിക്കാറുണ്ട്.
ഇതിനുപുറമേ, വീടുകളില്‍ പ്രവര്‍ത്തിക്കുന്നവയും ഉണ്ട്. സാധനസാമഗ്രികള്‍ കൊണ്ടുനടന്ന് വില്‍പ്പന നടത്തി ഉപജീവനം നടത്തുന്നവര്‍ വേറെ. പേട്ടതുള്ളുമ്പോള്‍ ഉപയോഗിക്കുന്ന ശരക്കോല്‍, തടികൊണ്ടുള്ള കത്തി, ഗദ, വാള്‍ തുടങ്ങിയവ ഉണ്ടാക്കിയും പാണല്‍ചെടിയുടെ ഇലപറിച്ച് വില്‍പ്പന നടത്തി പണംവാങ്ങുന്നവരുമുണ്ട്. പലര്‍ക്കും ഒരു വര്‍ഷത്തേക്കുള്ള ജീവിതമാര്‍ഗമായിരുന്നു ഒരു തീര്‍ഥാടന കാലം. അപ്പം, അരവണ വഴിപാട് വിതരണത്തിന് പുറമേ, പാര്‍ക്കിങ് മൈതാനം, കടമുറികള്‍, ശൗചാലയ സമുച്ചയങ്ങള്‍, നാളികേരം തുടങ്ങിയ ഇനങ്ങളുടെ ലേലമായിരുന്നു ദേവസ്വം ബോര്‍ഡിന്റെ പ്രധാന വരുമാനമാര്‍ഗം. ഇക്കുറി തീര്‍ഥാടനം കോവിഡ് പ്രതിസന്ധിയിലായപ്പോള്‍ നഷ്ടത്തിന്റെ കണക്കേറെയാണ്.