sabarimala
മാളികപ്പുറം മേൽശാന്തി രജിൽ നീലകണ്ഠൻ നമ്പൂതിരിയുടെ
മകൻ ശബരിനാഥ് ഓൺലൈൻ പഠനത്തിൽ

ശബരിമല: ശബരീശ സന്നിധിയിലായിരുന്നു ശബരിനാഥിന്റെ ചോറൂണ്. ഇപ്പോള്‍ ഒരു നിയോഗംപോലെ മണ്ഡലകാലം മുഴുവന്‍ അച്ഛനൊപ്പം അയ്യനെ കണ്ടുവണങ്ങാനുള്ള ഭാഗ്യവും. ഇതിനിടയില്‍, മുടങ്ങാതെ രാവിലെയും വൈകുന്നേരവും ഓണ്‍ലൈന്‍ ക്ലാസ്. ഭക്തിയും പഠനവും ഒന്നിക്കുന്ന അനുഭവത്തിലാണ് ഈ കുട്ടി.

മാളികപ്പുറം മേല്‍ശാന്തി രജില്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ മകനാണ് ശബരിനാഥ് എം.ആര്‍. അങ്കമാലി വേങ്ങൂര്‍ സാന്‍ജോ ഇ.എം.ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി. അച്ഛനൊപ്പം മണ്ഡലകാലം തുടക്കത്തില്‍ മല കയറിയതാണ്.

നിത്യവും ദേവദര്‍ശനം. അതിനിടയിലും പഠനം. രാവിലെ ഏഴുമുതല്‍ എട്ടു വരെയും വൈകുന്നേരം അഞ്ചുമുതല്‍ ആറുവരെയുമാണ് ഓണ്‍ലൈന്‍ ക്ലാസ്. ഗൂഗിള്‍ മീറ്റിലൂടെയുള്ള പഠനം നല്ല രീതിയില്‍ തുടരുന്നെന്ന് ശബരിനാഥ് പറഞ്ഞു. ബുധനാഴ്ച ഫിസിക്‌സ് ക്ലാസ് ആയിരുന്നു. സജിനി ടീച്ചറുടെ ക്ലാസ് ശ്രദ്ധയോടെ കണ്ടു.

മാളികപ്പുറത്തെ താമസസ്ഥലത്ത് ടി.വി ഉള്ളതിനാല്‍ വിക്ടേഴ്സ് ചാനല്‍ കണ്ടുള്ള പഠനവും സംശയ നിവാരണവും നടക്കുന്നു. കൂട്ടുകാര്‍ക്കിടയില്‍ ശബരിനാഥ് ചെറിയൊരു താരം ആയിട്ടുണ്ട്. ടി.വി.യില്‍ കണ്ടെന്നുപറഞ്ഞ് കൂട്ടുകാരുടെ വിളികള്‍ വരുന്നുണ്ട്.

ശബരിനാഥ് അഞ്ചുവയസ്സുമുതല്‍ ശബരിമലയില്‍ വരുന്നുണ്ടെന്ന് അച്ഛന്‍ രജില്‍ നീലകണ്ഠന്‍ നമ്പൂതിരി പറഞ്ഞു. പഠനത്തിനൊപ്പം പൂജാകര്‍മങ്ങളും അഭ്യസിക്കുന്നു. ശബരിനാഥന് ഒരു സഹോദരിയുണ്ട്. ഗൗരി എം.ആര്‍. സാന്‍ജോസ്‌കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുന്നു.