വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന്‍ അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ കാണുന്നതും പെരുമാറുന്നതും അങ്ങനെയാണ്.
ഏതു ദിവസവും മാലയിടാം. എന്നാല്‍ ശനിയാഴ്ചകളിലും ഉത്രം നാളിലും മാലയിടുന്നത് വളരെ വിശേഷമാണെന്ന് വിശ്വാസമുണ്ട്. ഉത്രം അയ്യപ്പന്റെ ജന്മനാളാണ്. തുളസിമാലയോ രുദ്രാക്ഷമാലയോ ആണ് കൂടുതലായി ഉപയോഗിക്കുക. ശംഖ്, പവിഴം, സ്ഫടികം, മുത്ത്, സ്വര്‍ണ്ണം, താമരക്കായ എന്നിവ മുത്താക്കിയുള്ള മാലയും ധരിക്കാം.
മാലയിട്ടാല്‍ അത് ഊരുന്നതുവരെ ക്ഷൗരം പാടില്ല. ഒരു ലഹരിവസ്തുക്കളും ഉപയോഗിക്കരുത്. മാംസഭക്ഷണം പാടില്ല. പഴയതും പാകം ചെയ്ത് അധികസമയം കഴിഞ്ഞതുമായ ഭക്ഷണം കഴിക്കാന്‍ പാടില്ല. ഭക്ഷണം പാകം ചെയ്ത് ഒന്നരമണിക്കൂറിനുള്ളില്‍ കഴിക്കുന്നതാണ് ഉത്തമം. കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്. ശവസംസ്‌കാര കര്‍മ്മത്തിലും ജാതകര്‍മ്മങ്ങളിലും പങ്കെടുക്കരുത്. ആരെയും പരിഹസിക്കരുത്. ശിഷ്യനല്ലാത്തവനെ ശാസിക്കരുത്. പകലുറങ്ങരുത്.
പ്രധാനം ബ്രഹ്മചര്യം
ശബരിമല തീര്‍ഥാടകന്‍ അനുഷ്ഠിക്കേണ്ട ഏറ്റവും പ്രധാന കര്‍മ്മം ബ്രഹ്മചര്യമാണ്. ശരീരത്തേയും മനസ്സിനേയും ഈശ്വരാഭിമുഖമാക്കി നിര്‍ത്തുകയാണത്. വാക്കോ ചിന്തയോ പ്രവൃത്തിയോ കൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരാക്കണം.
എല്ലാവര്‍ക്കും ആവശ്യമായ സേവനം നല്കാന്‍ സദാ സന്നദ്ധനായിരിക്കണം. ലളിതജീവിതമാണ് നയിക്കേണ്ടത്. ആഡംബരവും അലങ്കാരവും ഉപേക്ഷിക്കണം. സസ്യാഹാരം മാത്രമെ പാടുള്ളൂ. വ്രതകാലം തീരുംവരെ താടിയും മുടിയും വളര്‍ത്തണം.