SABARIMALA
പ്രതീകാത്മക ചിത്രം | photo:UNI

ശബരിമലയില്‍ പോകുമ്പോള്‍ ഇടത്താവളങ്ങളായി പല ക്ഷേത്രങ്ങളിലും ദര്‍ശനംനടത്താറുണ്ട്. എന്നാല്‍ ജനനമരണങ്ങള്‍ക്കിടയിലുള്ള ദശാസന്ധികള്‍ തരണംചെയ്ത് മോക്ഷപ്രാപ്തിയിലേക്കൊരയ്യപ്പപാതയുണ്ട്. ശബരീശ ജീവിതത്തിലെ ദശാസന്ധികളിലൂടെയാണാ യാത്ര. പരശുരാമന്‍ പ്രതിഷ്ഠിച്ച അഞ്ച് ക്ഷേത്രങ്ങളിലൂടെ... കുളത്തൂപ്പുഴ-ആര്യങ്കാവ്-അച്ചന്‍കോവില്‍ വഴി ശബരിമലയ്ക്ക്... ഇതില്‍ മൂന്നുക്ഷേത്രങ്ങളും കൊല്ലം ജില്ലയിലും ശബരിമല പത്തനംതിട്ട ജില്ലയിലുമാണ്. അഞ്ചാമതൊരു ക്ഷേത്രമുണ്ടായിരുന്നത് കാന്തമലയാണ്. അത് കലിയുഗാരംഭത്തോടെ ലൗകികലോകത്തുനിന്നു മറയുകയും ഇപ്പോള്‍ വിശ്വാസികള്‍ സങ്കല്‍പ്പത്തില്‍വെച്ചാരാധിക്കുകയും ചെയ്യുന്നു എന്ന് ഐതിഹ്യം. ശബരിമലയും പതിനെട്ടാംപടിയുമെന്നപോലെ ഈ കാനനക്ഷേത്രങ്ങള്‍ തമ്മില്‍ കാട്ടിലൂടെയുള്ള ദൂരം 18 കാതം വീതമാണെന്നതും ഒരു കൗതുക വര്‍ത്തമാനം.

ബാലനായി കുളത്തൂപ്പുഴയില്‍

യാത്ര തുടങ്ങേണ്ടത് കുളത്തൂപ്പുഴയില്‍നിന്നാണ്. അയ്യപ്പന്റെ ബാല്യം ഇവിടെയായിരുന്നു. പരശുരാമന്‍ പ്രതിഷ്ഠനടത്തിയ അഞ്ച് ധര്‍മശാസ്താ ക്ഷേത്രങ്ങളില്‍ ഒന്നാമത്തെ ക്ഷേത്രമാണ് കുളത്തൂപ്പുഴ ധര്‍മശാസ്താക്ഷേത്രം. പണ്ട് കാടായിരുന്നെങ്കിലും ഇന്ന് പട്ടണത്തോളം വളര്‍ന്ന കുളത്തൂപ്പുഴ മണ്ഡലകാലത്ത് ഭക്തജനസാന്ദ്രമാകും. ക്ഷേത്രത്തിനുമുന്നിലൂടെ പുഴയൊഴുകുന്നു. ക്ഷേത്രക്കടവിലെ മത്സ്യങ്ങള്‍ തിരുമക്കള്‍ എന്നാണറിയപ്പെടുന്നത്. മത്സ്യകന്യകമാര്‍ ശാസ്താവിനെ മോഹിച്ചെന്നും സേവിച്ചു കഴിഞ്ഞുകൊള്ളാന്‍ നിര്‍ദേശിച്ചെന്നുമാണ് ഐതിഹ്യം. ഏത് മലവെള്ളപാച്ചിലിലും മത്സ്യങ്ങള്‍ ഒഴുകിപ്പോകാറില്ലെന്നും വിശ്വാസികളുടെ സാക്ഷ്യം.

ക്ഷേത്രോത്പത്തിയെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ്. കോക്കുളത്ത് മഠം തന്ത്രി കോട്ടത്തല കുറുപ്പന്‍മാരോടൊപ്പം രാമേശ്വരത്തുനിന്ന് മടങ്ങവേ കുളത്തൂപ്പുഴയില്‍ വിശ്രമിച്ചു. കുറുപ്പന്‍മാര്‍ മൂന്നുകല്ലുകള്‍ എടുത്തു അടുപ്പുകൂട്ടി. ഒരു കല്ലിന് വലുപ്പം കൂടുതലായിരുന്നു. അത് ഉടച്ച് കഷണങ്ങളാക്കിയപ്പോള്‍ ചോരയൊഴുകി. ലക്ഷണവിധിപ്രകാരം അയ്യപ്പന്റെ ബാല്യം കുളത്തൂപ്പുഴയിലായിരുന്നുവെന്ന് തന്ത്രി വിധിച്ചു. അതുപ്രകാരം പ്രതിഷ്ഠയുംനടത്തി. കൊട്ടാരക്കര രാജാക്കന്‍മാരാണ് ക്ഷേത്രം പണിതത്. മേടവിഷുവാണ് പ്രധാന ഉത്സവം. അടിമ സമര്‍പ്പണമാണ് പ്രധാന നേര്‍ച്ച. കുഞ്ഞുങ്ങളെ മാതാവോ പിതാവോ സോപാനത്തില്‍ കമിഴ്ത്തിക്കിടത്തി ഭഗവാന് സമര്‍പ്പിക്കുന്നതാണ് ആചാരം.

തിരുവനന്തപുരത്തുനിന്ന് നെടുമങ്ങാട്-പാലോട്-മടത്തറ വഴി 60 കിലോ മീറ്ററാണ് ദൂരം. കൊല്ലത്തുനിന്ന് കൊട്ടാരക്കര-പുനലൂര്‍- അഞ്ചല്‍ വഴി 70 കിലോ മീറ്ററും. തമിഴ്നാട്ടില്‍നിന്ന് തെങ്കാശി, ചെങ്കോട്ട ആര്യങ്കാവ് തെന്‍മല വഴി 40 കിലോ മീറ്ററും.

കൗമാരം ആര്യങ്കാവില്‍

കുളത്തൂപ്പുഴയില്‍നിന്ന് നേരേ ആര്യങ്കാവിലേക്ക് വിടാം. തെന്‍മല വന്ന് ചെങ്കോട്ട റോഡില്‍ 22 കിലോമീറ്റര്‍ സഞ്ചരിക്കണം. യുവാവായ ശാസ്താവിന്റെ പ്രതിഷ്ഠയാണ്. ഇടതുവശത്ത് ദേവിയും വലതുവശത്ത് ശിവനും.  വാള്‍പ്പയറ്റ് പഠിക്കാനായി മധുരയിലെത്തിയ അയ്യപ്പനോട് സൗരാഷ്ട്ര ബ്രാഹ്മണകുടുംബത്തിലെ പെണ്‍കുട്ടി വിവാഹാഭ്യര്‍ഥന നടത്തി. ആര്യങ്കാവില്‍ വിവാഹംനടത്താമെന്നും പറഞ്ഞു. താലികെട്ടാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടി ഋതുമതിയാവുന്നു. കല്യാണം മുടങ്ങുന്നു. ഇതാണ് ക്ഷേത്രത്തിനും ഉത്സവാചാരങ്ങള്‍ക്കും പിന്നിലുള്ള ഐതിഹ്യം. ഇവിടുത്തെ തൃക്കല്യാണം പ്രസിദ്ധമാണ്. അയ്യപ്പന്റെ വിവാഹനിശ്ചയ ചടങ്ങാണിത്. ആര്യങ്കാവ് ദേവസ്ഥാനം ആണ്‍ വീട്ടുകാരും മധുരയില്‍നിന്നുള്ള സൗരാഷ്ട്ര മഹാജനസംഘം പെണ്‍വീട്ടുകാരുമായെത്തുന്നു. വിവാഹനിശ്ചയ ചടങ്ങ്-ധനു 10-നായിരിക്കും. തൃക്കല്യാണം ധനു 11-നും. മണ്ഡലാഭിഷേകം ധനു 12-നും ആഘോഷിക്കുന്നു. കൊടിയേറ്റില്ല. പകരം വാടാവിളക്ക് അണയാതെ സൂക്ഷിക്കും. ശബരിമലയിലെപോലെ 10-നും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇവിടെയും പ്രവേശനമില്ല.

അച്ചന്‍കോവിലിലെ യൗവനകാലം

ആര്യങ്കാവില്‍നിന്ന് ചെങ്കോട്ട വഴി 50 കിലോമീറ്റര്‍ സഞ്ചരിച്ച് അച്ചന്‍കോവിലിലേക്ക് പോകാം. പത്‌നീസമേതനായ അയ്യപ്പനാണ് ഇവിടത്തെ പ്രതിഷ്ഠ. ഭാര്യമാരായ പൂര്‍ണയും പുഷ്‌കലയും ദേവനു സമീപമുണ്ട്. കാവ്യഭാഷയില്‍ പറഞ്ഞാല്‍ അവിടെ പൂര്‍ണപുഷ്‌കലാദേവിമാര്‍ കൂപ്പുന്ന രാജാധിരാജനുണ്ട്. ഭാര്‍ഗവരാമന്റെ തൃക്കൈകള്‍ തീര്‍ത്ത പുണ്യപ്രതിഷ്ഠയുണ്ട്. കാളകൂടവിഷം കാറ്റില്‍ പറപ്പിക്കും തീര്‍ഥജലമുണ്ട്.

ടി.കെ. രാമചന്ദ്രന്‍നായരുടെ ഭക്തിഗാനശകലമാണിത്. അച്ചന്‍കോവില്‍ ക്ഷേത്രത്തോടുചേര്‍ന്ന് താമസിക്കുന്ന രാമചന്ദ്രന്‍ നായര്‍ പോസ്റ്റല്‍ വകുപ്പിലായിരുന്നു. ഐതിഹ്യങ്ങള്‍ അദ്ദേഹമാണ് പറഞ്ഞുതന്നത്. കാന്തമലയിലാണ് വാനപ്രസ്ഥം അഥവാ മോക്ഷപ്രാപ്തി. പക്ഷേ, അങ്ങനെയൊരിടം ഇപ്പോഴില്ല. കലിയുഗാരംഭത്തോടുകൂടി കാന്തമലയില്‍ ശാസ്തസേവ നടത്തിയിരുന്ന മുനീശ്വരന്‍മാരെല്ലാം ഭൂമി വിട്ടുപോയതായാണ് ഐതിഹ്യം. ശബരിമല ദര്‍ശനം കഴിഞ്ഞ് വീണ്ടും അച്ചന്‍കോവിലില്‍ വന്ന് അയ്യപ്പന്റെ വാള്‍ ദര്‍ശിച്ചാല്‍ കാന്തമലദര്‍ശനം നടത്തിയതിനു തുല്യമാണെന്നും വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു.

വിഷഭയം ഏറ്റാല്‍ ഏതുസമയത്തു വന്നാലും ഇവിടെ നടതുറക്കും. ഭഗവത് തൃക്കൈയിലിരിക്കുന്ന പ്രസാദവും ക്ഷേത്രമുറ്റത്തെ കിണറ്റിലുള്ള തീര്‍ഥജലവും മുറിവേറ്റ സ്ഥലത്ത് ചാലിച്ച് പുരട്ടും. രണ്ടുമൂന്നു ദിവസം വ്രതത്തോടെ ക്ഷേത്രത്തില്‍ ഇരിക്കും. ധാരാളം ഭക്തര്‍ ഇപ്പോഴും വിഷചികിത്സയ്ക്കായി എത്താറുണ്ട്. ഉത്സവം ധനു ഒന്നിന് കൊടിയേറും. 10 ദിവസം ഉത്സവമാണ്. 9-ാം ദിവസത്തെ രഥോത്സവം വളരെ പ്രധാനമാണ്. തമിഴ്നാട്ടില്‍ നിന്നും കേരളത്തില്‍നിന്നുമായി ധാരാളം ഭക്തജനങ്ങള്‍ അന്നിവിടെ വരും. മകരത്തിലെ രേവതിയിലാണ് ഇപ്പോഴത്തെ പ്രതിഷ്ഠ. ആ നാളില്‍ പുഷ്പാഭിഷേകം, വൃശ്ചികം, ധനു മാസങ്ങളില്‍ 18 പടികളിലെ പൂജ, വരുണപ്രീതിക്കായി അരി നനച്ചിടുക എന്നിവ പ്രധാന വഴിപാടാണ്. നീരാഞ്ജനം, അരവണ, ഉണ്ണിയപ്പം വഴിപാടുകളുമുണ്ട്. ദര്‍ശനസമയം രാവിലെ 5-11.30.

വൈകീട്ട് 5-8. തിരുവനന്തപുരത്തുനിന്ന് പാലോട് കുളത്തൂപ്പുഴ, ആര്യങ്കാവ് ചെങ്കോട്ട വഴി (ചെങ്കോട്ടയില്‍ നിന്ന് 30 കിലോ മീറ്റര്‍) കൊല്ലത്തുനിന്ന് കൊട്ടാരക്കര പുനലൂര്‍ അലിമുക്ക് വഴി (പുനലൂരില്‍ നിന്ന് 48 കിലോ മീറ്റര്‍). ഇവിടെനിന്ന് നേരേ ശബരിമലയിലേക്കാണ് പോകേണ്ടത്- അലിമുക്ക് പത്തനാപുരം കോന്നി വഴി 100 കിലോ മീറ്റര്‍ കാണും അച്ചന്‍കോവില്‍-അലിമുക്ക് റോഡ് മോശമാണ്. അതുകൊണ്ട് യാത്രക്കാര്‍ ചെങ്കോട്ട ആര്യങ്കാവ് പുനലൂര്‍ പത്തനാപുരം കോന്നി വഴിയാണ് ശബരിമലയ്ക്ക് പോകാറ്. 180 കിലോ മീറ്റര്‍ വരും. ഞങ്ങള്‍ ബൈക്കിലായിരുന്നു ഈ വഴി സഞ്ചരിച്ചത്. ഐതിഹ്യങ്ങളിലൂടെയുള്ള സഞ്ചാരം എന്നതിനൊപ്പം പ്രകൃതിയിലൂടെയുള്ള ഒരു തീര്‍ഥാടനം കൂടിയായിരുന്നു അത്.

Kulathupuzha 9447427549
Aryankav 0475-2211 566.  
Achankovil Contact 0475 2342383

Content Highlights: Sabarimala Pilgrimage lord Ayyappa and life cycle temples