ശബരിമല: 'മലയിറങ്ങിയുള്ള മടക്കയാത്ര. ഓര്‍ക്കുമ്പോള്‍തന്നെ മനസ്സിലൊരു വിങ്ങലാണ്. ശരീരം മാത്രമാണ് പോകുന്നത്. ഏതെങ്കിലുമൊക്കെ രൂപത്തില്‍ ഒരു ദാസനായി ഈ പൂങ്കാവനത്തില്‍ത്തന്നെ എന്നും കാണും'-പൂജാ കാലയളവ് പൂര്‍ത്തിയാക്കി ഇറങ്ങുന്ന ശബരിമല മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരിയുടെ വാക്കുകള്‍ തൊണ്ടയിടറി പാതിയില്‍ മുറിഞ്ഞു. ഈ ജന്മം ഈശ്വരന്‍ തന്നത് എന്തിനായിരുന്നോ അത് പൂര്‍ത്തീകരിക്കുകയാണ്. ലോകമെന്നതിന് സന്നിധാനത്തിന്റെ വലുപ്പമേ ഉള്ളൂവെന്ന് ഒരുവര്‍ഷത്തെ അയ്യപ്പനൊപ്പമുള്ള ജീവിതംകൊണ്ട് മനസ്സിലായി. അവിടെ ഇല്ലാത്തതായി ഒന്നുമില്ല. ഇവിടെയുള്ളതൊന്നും മറ്റെങ്ങുമില്ലതാനും. കഴിഞ്ഞ ഒരുവര്‍ഷത്തെ ഏകാന്തവാസനൊപ്പമുള്ള ജീവിതത്തിനും പ്രത്യേകതകളേറെയാണെന്ന് സുധീര്‍ നമ്പൂതിരി പറയുന്നു.

വലിയ തിരക്കുണ്ടായിരുന്ന മണ്ഡല-മകരവിളക്ക് കാലം. പിന്നെ ആകെ കാര്യങ്ങള്‍ മാറി. ഏറെക്കാലവും അയ്യപ്പനരികെ ഞങ്ങള്‍ രണ്ടുമൂന്നുപേര്‍ മാത്രം. ഇതൊരു തരത്തില്‍ മുന്‍ഗാമികള്‍ക്ക് കിട്ടാത്ത അപൂര്‍വഭാഗ്യംകൂടിയാണ്. അനവധി ജപങ്ങള്‍ നടത്താനും ഭഗവാനോട് താദാത്മ്യം പ്രാപിക്കാനും കഴിഞ്ഞു. ആറ് മാസം ഭക്തരൊഴിഞ്ഞുനിന്ന കാലത്തായിരുന്നു ഏറെ ഉത്തരവാദിത്വം.

ഭഗവാനെ കാണാനാകാതെ കാത്തിരുന്ന കോടിക്കണക്കിന് ഭക്തര്‍ക്കുവേണ്ടിയായിരുന്നു ജപവും പൂജയുമെല്ലാം. അതിന് ഫലം കണ്ടതില്‍ സന്തോഷമുണ്ട്. തുലാമാസപൂജമുതല്‍ ഭക്തര്‍ മലകയറിത്തുടങ്ങി. കെട്ടുനിറച്ചവര്‍ പടിചവിട്ടുന്നത് കണ്ടുകൊണ്ടാണ് മടങ്ങുന്നത്. ഭഗവാന്റെ ആഴിയില്‍ മഹാമാരി എരിഞ്ഞടങ്ങുകതന്നെ ചെയ്യുമെന്നും സുധീര്‍ നമ്പൂതിരി പറഞ്ഞു.

പണ്ടെങ്ങോ ചെയ്ത പുണ്യത്തിന്റെ പൂര്‍ത്തീകരണമാണ് സാധ്യമാകുന്നതെന്നാണ് മാളികപ്പുറം മേല്‍ശാന്തി എം.എസ്.പരമേശ്വരന്‍ നമ്പൂതിരി പറഞ്ഞത്. മാളികപ്പുറത്തും സന്നിധാനത്തും മാത്രമായി ജീവിതം.

കാത്ത് രക്ഷിക്കാന്‍ ഭഗവാന്‍, വാത്സല്യത്തോടെ മാളികപ്പുറത്തമ്മ. ആ പാദങ്ങളില്‍ സമര്‍പ്പിച്ചുളള ജീവിതമായിരുന്നു ഒരു വര്‍ഷം. തപോജീവിതം നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു. ഇവിടത്തെ അനുഭവങ്ങളും അനുഗ്രഹങ്ങളുമാകും ഇനിയുള്ള ജീവിതത്തെ മുന്നോട്ട് നയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.