• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Spirituality
More
  • Feature
  • Amrutha Vachanam
  • Photos
  • Astrology
  • News
  • Beliefs
  • Rituals
  • Jaggi Vasudev

അയ്യപ്പൻ ഐതിഹ്യങ്ങളിൽ

Nov 13, 2020, 04:52 AM IST
A A A
sabarimala
X

പ്രതീകാത്മക ചിത്രം

ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്? അയ്യപ്പനും ശാസ്താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്? ഗതകാല ചരിത്രരേഖകളിലൊന്നും ശബരിമലയുടെ ആവിര്‍ഭാവകാലത്തേയ്ക്കു വെളിച്ചം വീശുന്ന മാര്‍ഗങ്ങള്‍ കാണുന്നില്ല. ചരിത്രവും ഐതിഹ്യവും കെട്ടുപിണഞ്ഞ, അതിലുപരി തലമുറകളായി പകര്‍ന്നുപോരുന്ന വിശ്വാസധാരയില്‍, ശബരിമലയുമായി ബന്ധപ്പെട്ട തിളക്കമേറിയ കഥകള്‍ ഏറെയാണ്. ശബരിമല ധര്‍മശാസ്താവ്, അയ്യപ്പന്‍, വാവര്‍, എരുമേലി പേട്ടതുള്ളല്‍ തുടങ്ങിയ ഓരോന്നിനും ചരിത്രപരവും ഐതിഹ്യപരവുമായി വ്യത്യസ്ത കാഴ്ചപ്പാടുകളാണുള്ളത്. ഇവയ്ക്കെല്ലാമിടയില്‍ ഐകരൂപ്യമുള്ള ചില വസ്തുതകള്‍ ഉണ്ടെന്നുള്ളതും യാഥാര്‍ഥ്യം.

ശബരിമല ശ്രീ അയ്യപ്പന്‍ ശ്രീധര്‍മശാസ്താവിന്റെ അവതാരം എന്ന നിലയിലോ, അക്കാലത്തു നാടിനെ നടുക്കിയിരുന്ന മറവപ്പടയെ ആട്ടിപ്പായിക്കാന്‍ ധീര നേതൃത്വം നല്‍കിയിരുന്ന പന്തളരാജ്യത്തെ വീരനായകന്‍ എന്ന നിലയിലോ ആയാലും ശരി ലക്ഷോപലക്ഷം ഭക്തജന ഹൃദയങ്ങളില്‍ രൂഢമൂലമായ വിശ്വാസവും അകളങ്കമായ ഭക്തിയും ഏറ്റുവാങ്ങുന്ന കഥാപാത്രമാണ്. കര്‍മ, ഭക്തി, ജ്ഞാനയോഗങ്ങള്‍ സമ്മിശ്രമായി സമന്വയിപ്പിച്ചുള്ള ഒരു സാധനയാണ് ശബരിമല തീര്‍ഥാടനം. ഇവിടെ എത്തുന്ന നാനാജാതി മതസ്ഥരായ ലക്ഷോപലക്ഷം തീര്‍ഥാടകരും ഏകമനസ്‌കരായി നാടിന്റെ രക്ഷാപുരുഷന്‍ എന്ന നിലയിലാണ് ധര്‍മശാസ്താവിനെ വണങ്ങുന്നത്.

ജാതി വ്യത്യാസമറിയാത്ത ഏക ദൈവത്തിന്റെ അധിവാസകേന്ദ്രമാണ് ശബരിമല. ജാതിചിന്തയും അയിത്തവും കൊടികുത്തി വാണിരുന്ന കാലത്ത്, അവര്‍ക്കു ക്ഷേത്രപ്രവേശനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി രാഷ്ട്രപിതാവിനെപ്പോലെയുള്ളവര്‍ വാദിച്ചുതുടങ്ങുന്നതിനും എത്രയോ നാള്‍ മുമ്പു മുതലേ ലോകത്തിനാകമാനം മാര്‍ഗദര്‍ശനം നല്‍കുന്നവിധം ശബരിമല ഉയര്‍ന്നുനിന്നിരുന്നു.

1818ല്‍ ശബരിമലയും പ്രാന്തപ്രദേശങ്ങളും ചുറ്റിക്കറങ്ങി വിശദ പഠനം നടത്തിയ ലഫ്. ബി.എസ്. വാര്‍ഡ് എന്ന ആംഗ്ലേയന്‍ ശബരിമല ക്ഷേത്രത്തിനു 4000 വര്‍ഷത്തെ പഴക്കമുണ്ടെന്നു പറഞ്ഞിട്ടുണ്ട്. ചരിത്രപരമായ പഴമയിലേക്ക് വെളിച്ചംവീശുന്ന രേഖകള്‍ ഒന്നും ഇല്ലെങ്കിലും രാമായണകഥയുടെ കാലത്തോളം ശബരിമലയുടെ പഴക്കം നീളുന്നു. ശബരിമലയിലെ ശബരി ആശ്രമവും ശബരിപീഠവും മറ്റും രാമായണത്തില്‍ പ്രതിപാദിക്കുന്നുണ്ടല്ലോ.

ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില ഐതിഹ്യങ്ങളിലേക്ക് ഒന്നു കണ്ണോടിക്കാം.

ഐതിഹ്യകഥകള്‍ ഏറെ ഉണ്ടെങ്കിലും ശബരിമലയെ സംബന്ധിച്ചു ഏറെപ്പേര്‍ വിശ്വസിച്ചുപോരുന്നത് മഹിഷിമര്‍ദനത്തിനായി ഭൂമിയില്‍ അവതരിച്ച ഹരിഹരസുതനാണ് ധര്‍മശാസ്താവെന്നാണ്. പില്‍ക്കാലത്ത് ചരിത്രനായകനായും പടയാളിയായും മറ്റും ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ലക്ഷോപലക്ഷം ഭക്തജനങ്ങളുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്ന ഐതിഹ്യകഥയാണ് ധര്‍മശാസ്താവിന്‍േറത്.

ശാസ്താവ് അവതാര പുരുഷന്‍

വിന്ധ്യാപര്‍വത താഴ്വരയില്‍ ഗാലവന്‍ എന്ന മുനിയും അദ്ദേഹത്തിനു ദത്തന്‍ എന്ന ശിഷ്യനും ലീല എന്ന മകളുമുണ്ടായിരുന്നു. ദത്തനില്‍ ആകൃഷ്ടനായ ലീല പലപ്പോഴും അദ്ദേഹത്തോടു പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ ലൗകികജീവിതത്തില്‍ ആകൃഷ്ടനല്ലാത്ത ശിഷ്യന്‍ ചെവികൊണ്ടില്ല. ഒരിക്കല്‍ ധ്യാനനിമഗ്നനനായിരുന്ന ദത്തനോട് ''തന്നെ പട്ടമഹഷി'' (ഭാര്യ)യാക്കണമെന്ന് ലീല ആവശ്യപ്പെട്ടു. കോപംമൂത്ത ദത്തന്‍ ''മഹിഷി' (എരുമ)യായിപ്പോകട്ടെ'' എന്നു ശപിച്ചുവത്രേ. അങ്ങനെ അവര്‍ കരംഭന്‍ എന്ന അസുരന്റെ മകളായി മഹിഷീമുഖത്തോടുകൂടി ഭൂമിയില്‍ പിറന്നു.

ഈ സമയത്താണ് മഹിഷിയുടെ പിതൃസഹോദരപുത്രനായ മഹിഷാസുരനെ, ദേവമായയാല്‍ ജനിച്ച ചണ്ഡികാദേവി വധിച്ചത്. ഇതിനെതിരെ ദേവന്മാരോടു പകരംവീട്ടാന്‍ മഹിഷി കൊടുംതപം ചെയ്തു ബ്രഹ്മദേവനെ പ്രത്യക്ഷപ്പെടുത്തി. അസാധ്യമെന്നു വിശ്വസിച്ച ഒരു വരമാണ് അവര്‍ ആവശ്യപ്പെട്ടത്. ശിവവിഷ്ണു സംയോഗത്താല്‍ ജനിക്കുന്ന ശിശുവില്‍നിന്നല്ലാതെ തനിക്കു മരണം സംഭവിക്കാന്‍ പാടില്ല, മാത്രമല്ല ആ ശിശു 12 വര്‍ഷം മനുഷ്യദാസനായി കഴിയുകയും വേണം'' എന്നതായിരുന്നു വരം. തപശക്തിയില്‍ ആകൃഷ്ടനായ ബ്രഹ്മദേവന്‍ വരവും നല്‍കി.

വരബലത്താല്‍ അഹങ്കാരിയായിത്തീര്‍ന്ന മഹിഷി ത്രിലോകങ്ങളിലും അക്രമം അഴിച്ചുവിട്ടു. അക്രമം സഹിക്കവയ്യാഞ്ഞ് ദേവന്മാരുടെ ആഗ്രഹപ്രകാരം ഭശിവവിഷ്ണുമായ'യില്‍ ഹരിഹരപുത്രന്‍ ജനിച്ചു. അനപത്യദുഃഖത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞ പന്തളത്തുരാജന്‍ നായാട്ടിനായി വനത്തിനുള്ളില്‍ നില്‍ക്കവേ പമ്പാതീരത്തുനിന്നും ഇളം കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. ജന്മനാ കഴുത്തില്‍ മണിയുമായി കണ്ടെത്തിയ അത്ഭുതബാലനെ 'മണികണ്ഠന്‍' എന്നു പേരിട്ട് പന്തളം കൊട്ടാരത്തില്‍ വളര്‍ത്തി.

വിദ്യയിലും ആയോധനകലയിലും പ്രാവീണ്യം നേടിയ ബാലനെ അവസാനം യുവരാജാവായി വാഴിക്കാനുള്ള രാജതീരുമാനം മന്ത്രിയുടേയും രാജ്ഞിയുടെയും കുതന്ത്രംമൂലം നടന്നില്ല. പകരം പുലിപ്പാലിനായി വനത്തിലേക്ക് പറഞ്ഞുവിട്ടു. കാനനയാത്രാമദ്ധ്യേ ഉഗ്രരൂപിണിയായി തന്നെ എതിരിട്ട മഹിഷിയെ വധിച്ചു. 'എരുമ കൊല്ലി' എന്ന ആ സ്ഥലത്താണത്രെ ഇന്നത്തെ എരുമേലി. മഹിഷി കൊല്ലപ്പെട്ട ആഹ്ലാദത്തില്‍ നാട്ടുകാര്‍ തുള്ളിച്ചാടി അയ്യപ്പനെ എതിരേറ്റതിന്റെ ഓര്‍മ പുതുക്കാനാണ് ഇന്നും എരുമേലി പേട്ടതുള്ളല്‍നടന്നുവരുന്നത്.

മഹിഷി നിഗ്രഹമെന്ന അവതാരോദ്ദേശം സാധിച്ച മണികണ്ഠന്‍ പുലികളുമായി പന്തളത്തു മടങ്ങിയെത്തി. യാഥാര്‍ഥ്യം മനസ്സിലാക്കിയ രാജാവ് ശാസ്താവിന്റെ നിര്‍ദേശപ്രകാരം ശബരിമലയില്‍ ക്ഷേത്രം നിര്‍മിച്ചു നല്‍കിയെന്നും ധര്‍മശാസ്താവ് അവിടെ കുടികൊണ്ടുവെന്നുമാണ് വിശ്വാസം. ശാപമോക്ഷം ലഭിച്ച മഹിഷി സുന്ദരിയായിത്തീര്‍ന്ന് അയ്യപ്പനോട് വിവാഹാഭ്യര്‍ഥന നടത്തിയത്രേ. എന്നാല്‍, നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍, തന്നോടൊപ്പം ശബരിമല ക്ഷേത്രത്തിനടുത്തു വന്ന് വസിച്ചുകൊള്ളാന്‍ നിര്‍ദേശിച്ചു. അതാണ് മാളികപ്പുറത്തമ്മ. ശബരിമലയില്‍ കന്നി അയ്യപ്പന്മാര്‍ എത്താത്ത കാലത്ത് വിവാഹം ചെയ്തുകൊള്ളാമെന്നാണത്രെ കരാര്‍.

മനുഷ്യജന്മംപൂണ്ട കാലത്ത് സൗഹൃദത്തിലായ വാവര്‍ എന്ന മുസ്ലിം യോദ്ധാവിനേയും കടുത്ത തുടങ്ങിയ അനുചരരേയും ശാസ്താവിനോടൊപ്പം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. മണികണ്ഠന്റെ നിര്‍ദേശപ്രകാരം പമ്പാനദിയുടെ വടക്കുകിഴക്കായി നീലിമലയുടെ സമീപത്തായി സ്ഥാപിച്ച ക്ഷേത്രത്തില്‍ മകരസംക്രമ മുഹൂര്‍ത്തത്തില്‍ പരശുരാമനാണ് ശാസ്താപ്രതിഷ്ഠ നടത്തിയത്. ശ്രീഭൂതനാഥോപാഖ്യാനത്തില്‍ ഏറെ പ്രാമുഖ്യം നല്‍കി വിവരിച്ചിട്ടുള്ളത് ഈ ഐതിഹ്യമാണ്.

അയ്യപ്പന്‍ ചരിത്രപുരുഷന്‍

മനുഷ്യനായി പിറന്നു വീരകൃത്യംകൊണ്ട് ചരിത്രപുരുഷനായും കാലപ്പഴക്കംകൊണ്ട് അവതാരപുരുഷനായും സ്ഥാനം പിടിച്ച തിളക്കമാര്‍ന്ന അയ്യപ്പകഥയും പ്രചാരത്തിലുണ്ട്.

പാണ്ഡ്യ രാജവംശജരായ പന്തളം രാജാക്കന്മാര്‍ കൊല്ലവര്‍ഷം 377ലാണ് പന്തളത്ത് കുടിയേറിപ്പാര്‍ത്തത്. കൊല്ലവര്‍ഷാരംഭത്തില്‍ പാണ്ഡ്യരാജ്യത്ത് അധികാരാവകാശ തര്‍ക്കങ്ങള്‍ രൂക്ഷമാകുകയും മന്ത്രിയായ തിരുമലനായ്ക്കന്റെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള നീക്കം ഉണ്ടാകുകയും ചെയ്തു. തുടര്‍ന്നു രാജവംശത്തില്‍പ്പെട്ട ചെമ്പഴന്നൂര്‍ ശാഖക്കാര്‍ കൊ.വ. 79ല്‍ പാണ്ടിദേശത്തു നിന്നും പലായനംചെയ്തു. ഊരുചുറ്റി കറങ്ങിനടന്ന അവര്‍ ഒത്തുചേര്‍ന്നു പന്തളം രാജ്യം കൈവശപ്പെടുത്തി അച്ചന്‍കോവിലാറിന്റെ ഇരുകരകളിലുമായി താമസമുറപ്പിച്ചു.

വഞ്ചിയൂര്‍ വംശത്തില്‍നിന്നു വന്ന ഈ രാജകുടുംബത്തിന്റെ പരദേവതയായിരുന്നു ശാസ്താവ്. പ്രമുഖ ജനവാസകേന്ദ്രമായിരുന്ന നിലയ്ക്കല്‍ താലൂക്കിലെ ശബരിമല ആരാധനാകേന്ദ്രവും. പന്തളത്തുദാസന്‍ എന്നറിയപ്പെട്ടിരുന്ന അയ്യപ്പന്‍ രാജാവിന്റെ മുഖ്യ സേനാനിയായിരുന്നത്രേ. കാട്ടില്‍നിന്നും ലഭിച്ച മണികണ്ഠനെ വില്ലാളിവീരനായി വളര്‍ത്തി, നാട്ടിലെ കളരികളിലെല്ലാം അയച്ചു വൈവിധ്യമാര്‍ന്ന ആയോധനവിദ്യകള്‍ അഭ്യസിപ്പിച്ച് എല്ലാവരുടെയും ആരാധനാപാത്രമായി വളര്‍ന്നു. സേനാബലം വര്‍ധിപ്പിക്കാനുള്ള യാത്രയില്‍ മുസ്ലിം യോദ്ധാവായ ബാബറുമായി ഏറ്റുമുട്ടി, അവസാനം സന്ധിചെയ്തു ചങ്ങാതിമാരായി.

ശത്രുക്കളാല്‍ തകര്‍ക്കപ്പെട്ട പരദേവതാക്ഷേത്രമായ ശബരിമല പുനരുദ്ധരിക്കാനും എരുമേലിക്കപ്പുറത്തായി കോട്ടകെട്ടി പാര്‍ത്തിരുന്ന ശത്രുക്കളെ നശിപ്പിക്കാനുമായി എല്ലാവരും യുദ്ധസന്നദ്ധരായി ശബരിമലയ്ക്കു തിരിച്ചു. പടനീക്കത്തില്‍, തന്റെ സൈന്യത്തെ മൂന്നായി വിഭജിച്ചു വാവരുടെയും കടുത്തയുടെയും നേതൃത്വത്തില്‍ ഇഞ്ചിപ്പാറ കോട്ട കീഴടക്കാന്‍ ആദ്യം നിയോഗിച്ചു. മറ്റൊരു വിഭാഗം തലപ്പാറകോട്ട ആക്രമിച്ചു തകര്‍ക്കാന്‍ പോയി. ഇവരെല്ലാം എരുമേലിയിലെത്തി പടയൊരുക്കം നടത്തി, യുദ്ധസാമഗ്രികളും ആഹാരസാധനങ്ങളും തോളിലേറ്റിയാണ് പോയത്.

ആദ്യം വാവരുടെ നേതൃത്വത്തില്‍, അമ്പലപ്പുഴയില്‍ നിന്നെത്തിയ സംഘവും പിന്നീട് അയ്യപ്പന്റെ നേതൃത്വത്തില്‍ ശേഷിച്ചവരും പോയി. അന്ന് ഇരുമുടിയില്‍ ആഹാരസാധനങ്ങള്‍ ശേഖരിച്ച് ആയുധപാണിയായി പോയതിന്റെ ഓര്‍മയ്ക്കാണ് എരുമേലിയില്‍ പേട്ട തുള്ളി തീര്‍ഥാടകര്‍ ശബരിമലയ്ക്കു പോകുന്നത്. ആദ്യം പേട്ടതുള്ളുന്ന അമ്പലപ്പുഴക്കാര്‍ എരുമേലി കൊച്ചമ്പലത്തില്‍നിന്നും ഇരങ്ങി വാവരു പള്ളിയില്‍ കയറിയശേഷം പോകുമ്പോള്‍ രണ്ടാമതു പേട്ടതുള്ളുന്ന ആലങ്ങാട്ടുകാര്‍ മുസ്ലിം പള്ളിയില്‍ കയറാറില്ല. ആദ്യ സംഘത്തോടൊപ്പം വാവര്‍ ശബരിമലയ്ക്കുപോയെന്ന വിശ്വാസമാണിതിനു പിന്നില്‍.

യുദ്ധംചെയ്തു മുന്നേറിയ സംഘം മറവപ്പടത്തലവനായ ഉദയനെ കൊന്ന്, ഇഞ്ചിപ്പാറക്കോട്ട കടന്നു. നേരത്തെ കൈയില്‍ കരുതിയിരുന്ന കല്ലിട്ടു കിടങ്ങ് നികത്തിയാണ് കോട്ട കടന്നത്. (ഇന്നും തീര്‍ഥാടകര്‍ അവിടെ കല്ലിടുന്ന പതിവുണ്ട്). എല്ലാവരും അവസാനം പമ്പയില്‍ ഒത്തുകൂടി സദ്യ നടത്തി, യുദ്ധത്തില്‍ മരിച്ചവര്‍ക്കു ബലിക്രിയ ചെയ്തു, ദീപക്കാഴ്ച ഒരുക്കി. ഇന്നും എരുമേലിയില്‍ പേട്ടതുള്ളല്‍ കഴിഞ്ഞുപോകുന്ന സംഘം ഈ ചടങ്ങുകളെല്ലാം നടത്തുന്നുണ്ട്.

തുടര്‍ന്നു നീലിമല കയറി ശബരിമലയിലേക്കു പുറപ്പെട്ട അയ്യപ്പനും സംഘവും ശബരിപീഠത്തിലെത്തി. ധര്‍മശാസ്താവിന്റെ ക്ഷേത്രപരിസരത്തേക്കുള്ള പ്രവേശനകവാടത്തില്‍ ആയുധങ്ങള്‍ എല്ലാം ഉപേക്ഷിക്കാന്‍ അയ്യപ്പന്‍ പറഞ്ഞു. ആല്‍ച്ചുവട്ടില്‍ അമ്പും വില്ലും എല്ലാം ഉപേക്ഷിച്ചു തികച്ചും ഭക്തന്മാരായാണ് പിന്നീടവര്‍ ശാസ്താസന്നിധിയിലെത്തിയത്. (ഇന്നും ശബരിമലയിലെത്തുന്ന തീര്‍ഥാടകര്‍ കൊണ്ടുവരുന്ന ശരക്കോലും മറ്റും ശരംകുത്തിയാലിനു സമീപം ഉപേക്ഷിച്ചു ഭക്തചിത്തരായാണ് ദേവസന്നിധിയിലെത്തുന്നത്. എത്ര ദിവ്യനാണെങ്കിലും ദേവസന്നിധിയില്‍ സകാമഭക്തിയും സ്വാര്‍ഥലാഭമോഹങ്ങളും വെടിഞ്ഞു നിഷ്‌കാമചിത്തരായി കടന്നുചെല്ലണമെന്നു ഈ ആചാരം കാണിക്കുന്നു).

ശാസ്താക്ഷേത്ര സന്നിധിയിലെത്തിയ സംഘം, മറവപ്പടയാല്‍ നശിപ്പിക്കപ്പെട്ട ക്ഷേത്രം പുനരുദ്ധരിച്ചു. മകരസംക്രമദിനത്തിലെ പുണ്യമുഹൂര്‍ത്തത്തില്‍ യഥാവിധി വിഗ്രഹം പ്രതിഷ്ഠിച്ചു. തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയാക്കിയ അയ്യപ്പന്റെ ചൈതന്യം അവിടത്തെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ചു. ആ ദിവ്യമുഹൂര്‍ത്തം മുതല്‍ ശാസ്താവും അയ്യപ്പനും ഒന്നായി മാറിയെന്നാണു വിശ്വാസം.

ശാസ്താവിന്റെ അവതാരമെന്നതിനേക്കാള്‍, ശാസ്താവില്‍ വിലയംപ്രാപിച്ച ബ്രഹ്മചര്യനിഷ്ഠനായ ഒരു യോദ്ധാവാണ് അയ്യപ്പന്‍ എന്ന കഥയ്ക്കാണ് സാംഗത്യം ഏറെ. ശബരിമല തീര്‍ഥാടനത്തിന്റെ ചടങ്ങുകളും വീരാരാധനയുടെ മട്ടും മറ്റും അപ്രകാരം സൂചനനല്‍കുന്നു. ശബരിമലയിലല്ലാതെ മറ്റൊരു ശാസ്താക്ഷേത്രത്തിലും ഇപ്രകാരമുള്ള ആചാരരീതികളില്ല. അതുപോലെ വാവര്‍, കറുപ്പസ്വാമി, കടുത്ത, മാളികപ്പുറത്തമ്മ തുടങ്ങിയവരെ ആരാധിക്കുന്ന പതിവും ഇല്ല. നാടിനെ രക്ഷിച്ച വീരനായകന്റെ സാഹസികയാത്രയെ അനുസ്മരിക്കുന്ന തീര്‍ഥാടനം പില്‍ക്കാലത്ത് ഭക്തിപരിവേഷം കലര്‍ന്നുവന്നുവെന്നും അനുമാനിക്കുന്നതില്‍ തെറ്റില്ല.

ശാസ്താംപാട്ടും അയ്യപ്പനും

അയ്യപ്പനെക്കുറിച്ച് വ്യത്യസ്തമായ ഒരു കാഴ്ചപ്പാടാണ് ശാസ്താംപാട്ടുകളിലുള്ളത്. തനി മലയാളി യോദ്ധാവായ അയ്യപ്പന്‍ പാണ്ഡ്യ, പന്തളത്തു രാജാക്കന്മാരുടെ ആശ്രിതനായിരുന്നു. പരസ്പരം മല്ലടിച്ചിരുന്ന നാട്ടുരാജാക്കന്മാരെ മറവപ്പടയും മറുപുറം നാട്ടുരാജാക്കന്മാരും ചേര്‍ന്നു കീഴപ്പെടുത്തിവന്ന കാലം. പന്തളം കൊട്ടാരത്തില്‍നിന്നും ശത്രുഭയംമൂലം ഓടിപ്പോയ ഒരു രാജകുമാരിയെ ഒരു യോഗി രക്ഷിച്ചു. അവര്‍ക്കുണ്ടായ കുട്ടിയെ സകല വിദ്യകളും അഭ്യസിപ്പിച്ചു. ശബരിമല അടിവാരത്തില്‍ താമസിച്ചുവന്ന അവര്‍ പ്രായപൂര്‍ത്തിയായതോടെ മകനെ ഓലക്കുറിപ്പും കൊടുത്തു പന്തളത്തിനയച്ചു. ശത്രുഭയത്താല്‍ വീര്‍പ്പുമുട്ടിക്കഴിഞ്ഞിരുന്ന പന്തളത്തു രാജാവ് തന്നെ തേടിയെത്തിയത് രാജ്യത്തിന്റെ അനന്തരാവകാശിയാണെന്നു മനസ്സിലാക്കി സന്തോഷത്തോടെ സ്വീകരിച്ചു.

പന്തളം സേനയിലെ കടുത്ത, വില്ലന്‍, മല്ലന്‍ തുടങ്ങിയ അഭ്യാസികളോടൊപ്പം രാജ്യം സംരക്ഷിക്കുന്ന സേനാനായകനായി അയ്യപ്പന്‍. അക്കാലത്ത് തുര്‍ക്കിസ്താനില്‍നിന്നും യുദ്ധസന്നാഹത്തോടെയെത്തിയ വാവരെ (ബാബര്‍) കടല്‍ക്കരയില്‍വെച്ചു നേരിട്ടു. അവസാനം മൈത്രീബന്ധം സ്ഥാപിച്ചു വാവര്‍ അയ്യപ്പന്റെ വിശ്വസ്ത അനുയായിയായി മാറി.

പാണ്ഡിദേശത്തു നിന്നുള്ള ആക്രമണം ചെറുക്കുന്നതിലേക്ക് ശക്തമായ സൈന്യനിര കെട്ടിപ്പടുക്കുന്നതിനായി അയ്യപ്പന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു. കൊച്ചിക്കു തെക്കുള്ള തണ്ണീര്‍മുക്കം ചീരപ്പന്‍ചിറ മൂപ്പന്‍ എന്ന ഈഴവപ്രമാണി (?) അയ്യപ്പനുമായി സഹകരിച്ചില്ല. മൂപ്പന്റെ കളരിയില്‍ തങ്ങിയ അയ്യപ്പനില്‍ ആകൃഷ്ടയായ മൂപ്പന്റെ മകളുടെ പ്രേരണയാല്‍ അവസാനം തന്റെ പടയാളികളെ മൂപ്പന്‍ സൈന്യത്തിലേക്കു വിട്ടുകൊടുത്തു.

ദേശാടനം കഴിഞ്ഞെത്തിയ അയ്യപ്പനോട് മൂപ്പന്റെ മകള്‍ വിവാഹാഭ്യര്‍ഥന നടത്തി. എന്നാല്‍ നിത്യബ്രഹ്മചാരിയായ അയ്യപ്പന്‍ അവളെ ഭാര്യയായി സ്വീകരിച്ചില്ല. അയ്യപ്പനോടുള്ള അചഞ്ചലമായ ഭക്തിയില്‍ യോഗിനിയായി മാറിയ ആ സാധ്വിയാണ് പിന്നീട് മാളികപ്പുറത്തമ്മ ആയതത്രേ. നാനാദിക്കുകളില്‍ നിന്നുള്ള സൈന്യബലം സമാഹരിച്ചു അയ്യപ്പന്‍ എരുമേലിയിലെത്തി പടപ്പുറപ്പാടു നടത്തുകയും, ശത്രുസംഹാരം നടത്തി ശബരിമലയിലെ ശാസ്താക്ഷേത്ര പുനര്‍നിര്‍മാണം നടത്തുകയും ചെയ്ത കഥകള്‍ക്കെല്ലാം ഐകരൂപ്യമുണ്ട്.

മറ്റു കഥകള്‍

പമ്പാനദീതീരത്തു ശബരിമല അടിവാരത്തില്‍ പാര്‍ത്തിരുന്ന ബുദ്ധമത തത്ത്വാനുയായിയായ ഒരു ബ്രഹ്മചാരിയായിരുന്നു അയ്യപ്പന്‍. ശത്രുക്കളെ ഭയന്നു രാജ്യംവിട്ട് കാനനത്തില്‍ അഭയംപ്രാപിച്ച പാണ്ഡ്യരാജാവിനേയും കുടുംബത്തേയും വീണ്ടും രാജ്യപ്രാപ്തിയിലെത്തിക്കുന്നതിനു അയ്യപ്പന്‍ സഹായിച്ചുവെന്നുമാണ് ആ കഥ.

ഈഴവനായിരുന്ന അയ്യപ്പന്‍ സവര്‍ണ വിഭാഗങ്ങള്‍ക്കുവേണ്ടി കാനനമധ്യത്തില്‍ തീര്‍ത്ത ക്ഷേത്രമാണത്രേ ശബരിമല. ഉദയനെന്ന മറവപ്പടത്തലവനെ നേരിടാന്‍ നിയോഗിച്ച ഈഴവനായകന്, അയിത്തം കല്പിച്ച് ഉപേക്ഷിക്കപ്പെട്ട രാജസഹോദരിയില്‍ ജനിച്ച മകനാണ് അയ്യപ്പനെന്ന വിശ്വാസവും ചിലരുടെ ഇടയില്‍ ഉണ്ട്.

ശബരിമല ഉള്‍പ്പെടെയുള്ള കിഴക്കന്‍ മലയോര മേഖല പുരാതനകാലം മുതലേ ജനവാസകേന്ദ്രമായിരുന്നുവത്രെ. നദീതടവും ക്ഷേത്രവും കേന്ദ്രീകരിച്ചു വളര്‍ന്നുവന്ന നാഗരികതയായിരുന്നു ഇത്. ഗ്രാമങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കുന്ന വില്ലാളിവീരനായ 'അയ്യനാരാ'ണ് പില്‍ക്കാലത്ത് 'അയ്യനും', 'അയ്യപ്പനു'മായി മാറിയതെന്ന് കരുതപ്പെടുന്നു.

ശൈവവൈഷ്ണവ കലഹം മൂത്ത് ഹിന്ദുമതത്തിനു ഉലച്ചില്‍തട്ടിയിരുന്ന കാലത്ത് മതനവോത്ഥാനത്തിനുവേണ്ടി ബുദ്ധിപൂര്‍വം സൃഷ്ടിച്ചെടുത്തതാണ് ശാസ്താസങ്കല്പം എന്നു വിശ്വസിക്കുന്നവരും ഏറെ. ഇരു വിഭാഗക്കാരുടേയും ആരാധനാമൂര്‍ത്തികളായ ശിവനും വിഷ്ണുവും ചേര്‍ന്ന് ഉണ്ടായ ഈശ്വരചൈതന്യം എന്ന നിലയില്‍ ഹരിഹരസുതനെ എല്ലാവരും ആരാധിച്ചുപോന്നു. പുരാണങ്ങളില്‍ ശാസ്താവിനെക്കുറിച്ചുള്ള പ്രത്യേക പരാമര്‍ശം ഇല്ലാത്തത് ഇതുമൂലമാണെന്നു പറയപ്പെടുന്നു.

ശബരിമലയും ബുദ്ധമതവും

ശബരിമല തീര്‍ഥാടനത്തിനു ബുദ്ധമതവുമായുള്ള ബന്ധം സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നു. ശബരിമലക്ഷേത്രം പ്രമുഖമായ ഒരു ബുദ്ധവിഹാരമായിരുന്നു എന്നു വിശ്വസിക്കുന്നവരുണ്ട്. ബുദ്ധമതാചാരത്തിന്റെ തുടര്‍ച്ചയാണ് അയ്യപ്പാരാധനയെന്നും. ബുദ്ധംശരണം ഗച്ഛാമി' എന്നു തുടങ്ങുന്ന ശരണത്രയിയെ അനുസ്മരിക്കുന്ന ശരണംവിളിയാണ് ശബരിമലയിലേത്. അവയാകട്ടെ ബുദ്ധമതാനുയായികളുടെ സംഘയാത്രയെ ഓര്‍മിപ്പിക്കുന്നു. ജാതീയ ഉച്ചനീചത്വങ്ങളോ വിഭാഗീയതയോ ഇരു ഭാഗത്തുമില്ല. ആഹാരാദി കാര്യങ്ങളിലും ഐകരൂപ്യം കാണും. മിക്ക ശാസ്താവിഗ്രഹങ്ങളും ബുദ്ധവിഗ്രഹത്തോടു സാദൃശ്യമുള്ളവയാണു താനും.

ഭാരതത്തിലെമ്പാടും ബുദ്ധമതം പ്രചരിച്ചിരുന്ന കാലത്ത് കേരളത്തിലും വ്യാപിച്ചുവെന്നതിനു തെളിവുകളുണ്ട്. അന്നു ശബരിമലയ്ക്കു ചുറ്റുമുള്ള പമ്പ, കരിമല, പുതുശ്ശേരി, അഴുത, എരുമേലി, തലപ്പാറ, നിലയ്ക്കല്‍ തുടങ്ങിയവയെല്ലാം ജനവാസകേന്ദ്രങ്ങളായിരുന്നു. തമിഴ്സംഘം കൃതികളില്‍ കാണുന്ന 'പൊതിയില്‍' മലയും ചീന സഞ്ചാരിയായ ഹൂവാന്‍സാങ് രേഖപ്പെടുത്തിയിട്ടുള്ള ഭപൊതളകവും' ഒന്നാണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

'മണിമേഖല'യെന്ന കൃതിയില്‍ കേരളത്തെപ്പറ്റി വിവരിക്കുന്ന ഭാഗത്ത് ഭഭലങ്കയില്‍നിന്നു വന്ന ധര്‍മാചരണന്മാരുടെ പ്രേരണയാല്‍ ഹിമവത്പര്‍വതത്തില്‍ വില്ലുനാട്ടിയ ഒരു ചേരരാജാവ് വഞ്ചിനഗരത്തില്‍ ഒരു ബൗദ്ധവിഹാരം പണിതുണ്ടാക്കിയെന്ന്'' സൂചിപ്പിക്കുന്നതു ശബരിമല ക്ഷേത്രത്തെക്കുറിച്ചാണത്രെ. ഹിമവത് പര്‍വതം എന്നതു സഹ്യാദ്രിയും വില്ലുനാട്ടിയ സ്ഥലം ശരംകുത്തിയാലും ആണ് എന്നാണഭിപ്രായം. ശാസ്താവ് ബുദ്ധന്റെ പര്യായമായിരുന്നുവെന്നു വാദിക്കുന്നവരും ഉണ്ട്.

എന്നാല്‍ ഗൗതമ ബുദ്ധന്റെ ജനനത്തിനും എത്രയോ വര്‍ഷം മുമ്പുമുതലേ മലയാളക്കരയില്‍ ശാസ്താക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു. കേരളസ്രഷ്ടാവായ പരശുരാമനാണ് ശബരിമലക്ഷേത്രം സ്ഥാപിച്ചതെന്നു പറയപ്പെടുന്നു. അതുപോലെ ബുദ്ധമത വിമര്‍ശകനായ ശങ്കരാചാര്യ സ്വാമികളും ശാസ്താവിനെ സ്തുതിക്കുന്നുണ്ട്. തികഞ്ഞ അഹിംസാവാദിയായിരുന്ന ശ്രീബുദ്ധനും ശത്രുവിനാശകനും ആയുധപാണിയുമായിരുന്ന ശാസ്താവും ഒരാളാകുന്നതെങ്ങനെ? മാത്രമല്ല, വില്ലന്‍, വില്ലാളിവീരന്‍, ശത്രുസംഹാരമൂര്‍ത്തി തുടങ്ങിയ പദപ്രയോഗം ശാസ്താവിനു മാത്രമുള്ളതാണ്.

ബുദ്ധമതത്തിനു കാലാന്തരത്തിലുണ്ടായ പരിവര്‍ത്തനത്തിന്റെ ഫലമായി ശ്രീബുദ്ധനെയും ദൈവാവതാരമായി സങ്കല്പിച്ചു പൂജിച്ചുവന്നു. ക്രമേണ ബുദ്ധവിഹാരങ്ങള്‍ ബുദ്ധദേവാലയങ്ങളും പിന്നീട് ഹൈന്ദവ ക്ഷേത്രങ്ങളുമായി മാറി. അഹിംസാസിദ്ധാന്തത്തിന് ഹൈന്ദവ ധര്‍മസംഹിതയില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുകയും ബുദ്ധനെ മഹാവിഷ്ണുവിന്റെ ഒരവതാരമായി ചിലര്‍ കാണുകയും ചെയ്തു. ഹിന്ദു നവോത്ഥാന നായകര്‍ പിന്നീട് ബുദ്ധനെ ശാസ്താവ് എന്നു പേരിട്ട് ശൈവ വിഷ്ണു ശക്തികളുടെ സമന്വയരൂപമായി ആരാധിച്ചുവന്നതാണെന്നും അതില്‍ പ്രമുഖസ്ഥാനം ശബരിമലയ്ക്കുണ്ടായതാണെന്നും വിശ്വസിച്ചുവരുന്നു.

തെക്കേ ഇന്ത്യയിലെ ചരിത്രാതീത ദ്രാവിഡസങ്കല്പമാണ് ശാസ്താവ്. വേലന്‍, പാണന്‍, പുലയന്‍, പറയന്‍, ഗണകന്‍ തുടങ്ങിയ തമിഴ് സംഘകാല പിന്‍തുടര്‍ച്ചക്കാരും വനാന്തര്‍ഭാഗങ്ങളിലെ ഗിരിവര്‍ഗക്കാരും ഒരുപോലെ ശാസ്താ ആരാധകരാണ്. കാണിക്കാരന്‍, മല അരയന്‍, ഉള്ളാടര്‍, മന്നാന്‍, ഊരാളി തുടങ്ങിയ ഗിരിവര്‍ഗക്കാര്‍ നൂറ്റാണ്ടുകളായി ശബരിമല അടിവാരത്തില്‍ താമസിച്ചുവരുന്നു. ചുരുക്കത്തില്‍ ആ വിഭാഗത്തില്‍പ്പെടാത്ത ആദിവാസികളുടെ ദൈവമാണ് അയ്യപ്പന്‍ അഥവാ ശാസ്താവ് എന്ന വിശ്വാസത്തിനും ശക്തിയേറെയാണ്.

ശാസ്താവും അയ്യപ്പനും

ശാസ്താവും അയ്യപ്പനും ഒരാളായി ചിത്രീകരിക്കാറുണ്ടെങ്കിലും വ്യത്യസ്ത രൂപഭാവങ്ങള്‍ ഉള്ളവരായിരുന്നുവെന്നു പറയുന്നുണ്ട്. നിത്യബ്രഹ്മചാരിയായിരുന്ന അയ്യപ്പന്‍ ശബരിമലയില്‍ കുടികൊള്ളുന്നത് ചിന്മുദ്രാങ്കിത യോഗ സമാധിപ്പൊരുളായിട്ടാണ്' ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ മറ്റൊരു ശാസ്താക്ഷേത്രത്തിലുമില്ല. ശബരിമലയിലെത്തന്നെ അനുബന്ധ ക്ഷേത്രങ്ങളായ എരുമേലി, കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍ എന്നിവിടങ്ങളിലൊന്നും കര്‍ശനമായ വ്രതാനുഷ്ഠാനങ്ങളില്ല. വിലക്കുകളുമില്ല. ശാസ്താവിന് 'പൂര്‍ണ' എന്നും 'പുഷ്‌കില' എന്നും രണ്ടു ഭാര്യമാരുള്ളതായും കാണുന്നു. എന്നാല്‍ ശബരിമല അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്.

ശബരിമല അയ്യപ്പന്‍ ശാസ്താവില്‍നിന്നും വ്യത്യസ്തഭാവങ്ങളുള്ള ആരാധനാമൂര്‍ത്തിയാണെന്നു വിശ്വസിക്കപ്പെടുന്നു. പാണ്ടി മലയാളം അടക്കിവാഴുന്ന വില്ലാളി വീരനായ അയ്യപ്പന്‍ ശത്രുവിമോചകനായ മഹാവീരനാണെന്നും ആ വീരനോടുള്ള ഭക്ത്യാദര പ്രകടനമാണ് അയ്യപ്പാരാധനയെന്നുമാണ് അഭിജ്ഞമതം. ജീവിത ലക്ഷ്യപൂര്‍ത്തീകരണത്തിനു ശേഷം ശബരിമലയിലെ ശാസ്താക്ഷേത്രം പുതുക്കിപ്പണിത് ആ വിഗ്രഹത്തിലെ ചൈതന്യത്തില്‍ വിലയം പ്രാപിക്കുകയാണത്രേ അയ്യപ്പന്‍ ചെയ്തത്.

 

PRINT
EMAIL
COMMENT

 

Related Articles

മകരവിളക്കിന് ശബരിമലക്ഷേത്രം ഇന്ന് തുറക്കും
Spirituality |
Spirituality |
ശബരിമലയിൽ അപ്പം, അരവണ നിർമാണം ഇത്തവണ ആവശ്യമനുസരിച്ച് മാത്രം
Spirituality |
ഹോമാഗ്നിയിൽ സ്‌ഫുടം ചെയ്ത മനസ്സുമായി ജയരാജ് പോറ്റി സന്നിധാനത്തേക്ക്
Spirituality |
ശബരിമല ദര്‍ശനത്തിന് അനുമതി 86000 പേര്‍ക്ക്, കാത്തിരിപ്പ് പട്ടികയില്‍ 42000 പേര്‍
 
  • Tags :
    • sabarimala pilgrimage 2020
More from this section
sabarimala
മനസ്സിൽ മായാതെ മണികണ്ഠരൂപം... ചുണ്ടിൽനിന്നുയർന്നത് ശരണമന്ത്രം മാത്രം
sabarimala
ശബരിമലയിൽ ശബരിനാഥിന്റെ ഓൺലൈൻ പഠനം
sabarimala
'മലയിറങ്ങുന്നത് ശരീരം മാത്രം... എന്നും അവിടുത്തെ ദാസന്‍'
sabarimala
കോപിക്കരുത്, കള്ളംപറയരുത്, ഹിംസിക്കരുത്; വ്രതകാലത്ത് അരുതാത്തത്
sabarimala
സ്വാമിമാര്‍ ഗുരുദക്ഷിണ നല്‍കേണ്ടത് എട്ടു തവണ
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Podcast Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.