പന്തളം: അയ്യപ്പന്‍റെ തേജോമയരൂപം ഒരോ മനസ്സിലുമുണ്ടായിരുന്നു.തിരുവാഭരണപെട്ടികൾ തുറന്നില്ലെങ്കിലും ആ ശക്തിയിൽ ശരണമന്ത്രങ്ങൾ മുഴങ്ങി. കൈകൂപ്പി നിന്ന ഭക്തസഹസ്രങ്ങളെ സാക്ഷിയാക്കി തിരുവാഭരണ ഘോഷയാത്ര രാജപാതയിലൂടെ സന്നിധാനത്തേക്ക്.

ഒരോ കണ്ണിലും ഭക്തിയുടെ ദീപം തെളിഞ്ഞു, മനസ്സിൽ ശബരീശന്റെ വിഗ്രഹം പ്രതിഷ്ടിച്ചു, ചുണ്ടിൽ ശരണമന്ത്രങ്ങൾ മാത്രം .കൺമുൻപിലൂടെ ഓടിയകലുന്ന അയ്യന്റെ ആഭരണപ്പെട്ടികൾ കണ്ട് വണങ്ങി. മകന് അണിയാനായി അച്ഛനായ രാജാവ് ആഭരണങ്ങളുമായി പോകുന്ന മുഹൂർത്തം. ആഭരണങ്ങൾ നിറച്ച ചന്ദനപ്പെട്ടികൾ മുന്നിലൂടെ ഓടിമറയുമ്പോൾ അതിൽ തൊട്ടു തൊഴുവാൻ ഒരോ മനസ്സും കൊതിക്കുന്നുണ്ടായിരുന്നു.

രാവിലെ മുതൽ സുര്യനെ മറച്ചുനിന്ന കാർമേഘങ്ങൾ പറന്നകന്നു. സൂര്യൻ തലയ്ക്കുമുകളിലേക്ക് കത്തിക്കയറിത്തുടങ്ങി. ആകാശത്ത് ഒരു പൊട്ടുപോലെ ദൈവസാന്നിദ്ധ്യം അറിയിച്ചുകൊണ്ട് കൃഷ്ണപ്പരുന്ത് വട്ടമിട്ടു പറന്നുതുടങ്ങി. ആഭരണങ്ങൾ ശിരസ്സിലേറ്റുന്ന സംഘത്തിന്റെ ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ളയും അംഗങ്ങളും ഭസ്മക്കുറിചാർത്തി പൂമാലയണിഞ്ഞ് അരയും തലയും മുറുക്കി പ്രാർഥനാ നിരതരായി പെട്ടികൾ ശിരസ്സിലേറ്റാൻ കാത്തുനിന്നു. ശരണമന്ത്രങ്ങളുടെ ശക്തി കൂടിവരികയായിരുന്നു. വായ്ക്കുരവകൾ വാനോളം ഉയർന്നുകേൾക്കാം, ക്ഷേത്രത്തിൽ നിന്നുയർന്ന മണിനാദം ചടങ്ങുകളുടെ ആരംഭം പുറത്തുനിന്നവരെ അറിയിച്ചു.

ചടങ്ങുകൾക്ക് മാത്രമായി തുറന്ന തിരുവാഭരണങ്ങൾ പെട്ടിയിലാക്കി നീരാജനമുഴിഞ്ഞു. കൊട്ടാരം നിർവ്വാഹകസംഘം പ്രസിഡന്റ് പി.ജി.ശശികുമാർ വർമയുടെ കൈയിൽനിന്നും ദേവസ്വംബോർഡധികാരികൾ താക്കോൽ ഏറ്റുവാങ്ങി. രാജകുടുംബാംഗങ്ങൾ പെട്ടി അടച്ച് ക്ഷേത്ര ശ്രീകോവിലിന് വലംവെച്ച് പുറത്തേക്കെഴുന്നള്ളിച്ചു. ക്ഷേത്രത്തിനു പുറത്ത് കാത്തുനിന്ന ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻപിള്ള പ്രധാന പെട്ടി ശിരസ്സിലേക്കേറ്റുവാങ്ങി.

പൂജാപാത്രങ്ങളടങ്ങുന്ന പെട്ടി മരുതമന ശിവൻപിള്ളയും കൊടിയും ജീവതയുമടങ്ങുന്ന പെട്ടി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും ശിരസ്സിലേറ്റി ഘോഷയാത്ര മണികണ്ഠനാൽത്തറ ലക്ഷ്യമാക്കി നീങ്ങി.

കർപ്പൂരാഴി ഒരുക്കി സ്വീകരണങ്ങൾ

മണികണ്ഠനാൽത്തറയിൽ അയ്യപ്പസേവാസംഘം ഒരുക്കിയ സ്വീകരണത്തിനുശേഷം വലിയപാലം കടന്ന് കൈപ്പുഴയിലേക്ക് നീങ്ങിയ ഘോഷയാത്രാസംഘം പരമ്പരാഗത പാതയിലൂടെ നടന്നുനീങ്ങി. മാലയിട്ട് സ്വീകരണത്തിന് വിലക്കുണ്ടായിരുന്നതിനാൽ കർപ്പൂരാഴി ഒരുക്കിയും നിലവിളക്കും നിറപറയും വെച്ചും കുരുത്തോല പന്തലിട്ടുമായിരുന്നു സ്വീകരണം. വിവിധ സംഘടനകൾ സ്വീകരിക്കാനെത്തിയിരുന്നു.

കൈപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സ്വീകരണത്തിനുശേഷം കുളനടയിലെത്തിയ സംഘം ആഭരണപ്പെട്ടികൾ ഇറക്കിവെച്ച് വിശ്രമിച്ചു. ഇവിടെ ക്ഷേത്രം ഭാരവാഹികൾ സ്വീകരണമൊരുക്കി. ഉള്ളന്നൂർ ബാലസുബ്രഹ്മണ്യസ്വാമിക്ഷേത്രംവഴി ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രത്തിലെത്തിയ ഘോഷയാത്ര ഉപദേശകസമിതി ഭാരവാഹികൾ സ്വീകരിച്ചു. സേവാഭാരതിയുടെ നേതൃത്വത്തിൽ ഇവിടെ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. പറയങ്കര ഗുരുമന്ദിരത്തിലെ സ്വീകരണത്തിനുശേഷം കുറിയാനപ്പള്ളി ക്ഷേത്രം ഭാരവാഹികൾ ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കി.

ഘോഷയാത്ര കാണാൻ പ്രമുഖരും

ദേവസ്വംബോർഡ് പ്രസിഡന്റ് എൻ.വാസു, അംഗങ്ങളായ കെ.എസ്.രവി, ജില്ലാ കളക്ടർ പി.ബി.നൂഹ്, ജില്ലാ പോലീസ് മേധാവി പി.ബി.രാജീവ് , ആർ.ഡി.ഒ. എസ്.ഹരികുമാർ, നഗരസഭാ ചെയർപേഴ്‌സൺ സുശീലാ സന്തോഷ്, പന്തളം ജില്ലാപഞ്ചായത്തംഗം ആർ.അജയകുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പദ്‌മകുമാർ, പ്രയാർ ഗോപാലകൃഷ്ണൻ, മുൻ എംഎൽ.എ. മാലേത്ത് സരളാദേവി, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, സംസ്ഥാന സെക്രട്ടറി ആർ.വി.ബാബു, വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് പൃഥ്വിപാൽ, സെക്രട്ടറി ശരത് കുരമ്പാല എന്നിവർ പങ്കെടുത്തു.

പത്തനംതിട്ട എ.ആർ.ക്യാമ്പിലെ അസിസ്റ്റന്റ് കമാൻഡന്റ്‌ സി.പി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുപ്പതംഗ സായുധ പോലീസ് ആഭരണപ്പെട്ടികൾക്ക് സുരക്ഷയൊരുക്കാൻ ഘോഷയാത്രക്കൊപ്പമുണ്ട്. തിരുവാഭരണം സ്‌പെഷ്യൽ ഓഫീസർ എസ്.അജിത്കുമാർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.രാജീവ് കുമാർ എന്നിവർക്കാണ് ഘോഷയാത്രയുടെ ചുമതല. ഡെപ്യൂട്ടി തഹസിൽദാർ എം.കെ.അജികുമാറും ഘോഷയാത്രയ്‌ക്കൊപ്പമുണ്ട്.

വരുമാനമല്ല, സുഗമമായ തീർഥാടനമാണ് ലക്ഷ്യം-എൻ.വാസു

പന്തളം: ശബരിമലയിലെ വരുമാനമല്ല, തീർഥാടനം സുഗമമാക്കുകയാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് എൻ.വാസു. വലിയകോയിക്കൽ ക്ഷേത്രത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആദ്ദേഹം.

വരുമാനം ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ചെലവുകൾക്കും അനിവാര്യമാണ്. ഇപ്പോൾ ശബരിമലയിൽ വരവിനേക്കാൾ കൂടുതൽ ചെലവുണ്ട്. ലാഭനഷ്ടത്തേക്കാളേറെ നൂറ്റാണ്ടുകളായി നടന്നുവരുന്ന ചടങ്ങ് ഭംഗിയാക്കുകയെന്നതാണ് ലക്ഷ്യം.

ഇന്ന് കേരളീയ ജീവിതത്തിന്റെ വെല്ലുവിളികൾ ഏറ്റെടുത്ത് കൊണ്ടുള്ള തീർഥാടനമാണ് നടത്തുന്നത്. അയ്യപ്പഭക്തി ഒരുവികാരമാണ്, അത് നടപ്പിലാക്കുകയാണ് വേണ്ടത്. തീർഥാടനം മുടങ്ങാതെ നടക്കണം. എല്ലാ തീരുമാനങ്ങളും ഉചിതമായതിനാൽ ഭക്തർ സന്തോഷത്തിലാണ്. കോവിഡ് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റുമായിട്ടാണ് 100 പേർ തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്നത്.

വെർച്ച്വൽ ക്യു വഴി ബുക്ക് ചെയ്ത 5000 പേർക്ക് മാത്രമാണ് മകരവിളക്കിന് സന്നിധാനത്ത് പ്രവേശനാനുമതി. സന്നിധാനത്ത് ആചാരാനുഷ്ഠാനങ്ങളും ചടങ്ങുകളും കൃത്യമായി നടക്കുമെന്നും അദ്ദേഹം പറഞ്ഞു. ബോർഡ് അംഗം അഡ്വ. കെ.എസ്.രവിയും പ്രസിഡന്റിനൊപ്പം ഉണ്ടായിരുന്നു.