പന്തളം: വൃശ്ചികം ഒന്നിന് നട തുറന്നതിനുശേഷം പന്തളത്ത് ഏറ്റവുമധികം തിരക്കുണ്ടായ ദിവസങ്ങളിലൊന്നായി മാറി ശനിയാഴ്ച. പന്തളം കൊട്ടാരം കുടുംബാംഗത്തിന്റെ നിര്യാണത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന തിരുവാഭരണ മാളിക ശനിയാഴ്ച ശുദ്ധികലശത്തിനുശേഷം തുറന്നതോടെയാണ് തിരുവാഭരണ ദര്‍ശനത്തിനായി കാത്തിരുന്ന നാട്ടുകാരും മറുനാട്ടുകാരുമായ തീര്‍ഥാടകര്‍ പന്തളത്തേക്ക് ഒഴുകിയെത്തിത്തുടങ്ങിയത്.

ഞായറാഴ്ചകൂടി മാത്രമേ ആഭരണങ്ങള്‍ കൊട്ടാരത്തില്‍ ദര്‍ശിക്കുവാന്‍ സൗകര്യം ഉണ്ടാകൂ. ഘോഷയാത്രയ്ക്കു മുമ്പ് സ്രാമ്പിക്കല്‍ കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങള്‍ കണ്ട് തൊഴാനും അന്നദാനത്തില്‍ പങ്കുകൊള്ളാനും ക്ഷേത്രദര്‍ശനത്തിനുമാണ് തീര്‍ഥാടകര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുന്നത്. മണികണ്ഠനാല്‍ത്തറയില്‍നിന്നു ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴിയും എം.സി.റോഡും ശനിയാഴ്ച തീര്‍ഥാടകരാല്‍ നിറഞ്ഞു. പാര്‍ക്കിങ് മൈതാനത്തും നല്ല തിരക്കനുഭവപ്പെട്ടു.

നവംബര്‍ 17-നാണ് തിരുവാഭരണങ്ങള്‍ ദര്‍ശനത്തിനായി തുറന്നുവെച്ചത്.

വര്‍ഷത്തില്‍ മൂന്നുതവണ മാത്രമാണ് അയ്യപ്പന്റെ തിരുവാഭരണങ്ങള്‍ കണ്ട് തൊഴാന്‍ ഭക്തര്‍ക്ക് അവസരം ലഭിക്കുക.

ശബരിമല സീസണ്‍ കാലത്തും അയ്യപ്പന്റെ പിറന്നാളായ കുഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ആഭരണം തൊഴുവാന്‍ സൗകര്യം ലഭിക്കുക. മറുനാട്ടുകാരായ ഭക്തരിലധികവും ശബരിമല യാത്രാവേളയിലാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുക.

ഘോഷയാത്രയ്ക്കു മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കൊട്ടാരത്തിലും ക്ഷേത്രത്തിലും പൂര്‍ത്തിയായി. രാജപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട പ്രദീപ് കുമാര്‍ വര്‍മ്മ തിരുവാഭരണ മാളികയ്ക്കു മുമ്പില്‍ ഭക്തര്‍ക്ക് ഭസ്മം നല്‍കി അനുഗ്രഹിക്കുന്നുണ്ട്. രാജപ്രതിനിധിയായി തിരഞ്ഞെടുത്തു കഴിഞ്ഞുള്ള ആചാരത്തിന്റെ ഭാഗമായാണ് ദിവസവുമുള്ള അയ്യപ്പദര്‍ശനവും ഭസ്മം നല്‍കലും. പുതിയ പല്ലക്കും ഒരുങ്ങിക്കഴിഞ്ഞു. കൊടിയുടെയും ജീവതയുടെയും തിരുവാഭരണപ്പെട്ടികളുടെയും മിനുക്കുപണികള്‍ കൊട്ടാരത്തില്‍ പൂര്‍ത്തിയായി. ഘോഷയാത്രയ്ക്കൊപ്പം പോകേണ്ട സുരക്ഷാസേനയുടെയും ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥരുടെയും പട്ടിക തയ്യാറായി.

ഗതാഗതനിയന്ത്രണം

തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 13-ന് പന്തളത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഘോഷയാത്ര പുറപ്പെടുന്ന സമയമായ ഉച്ചയ്ക്ക് 12-നും ഒന്നിനും ഇടയിലാണു ഗതാഗത നിയന്ത്രണം. കുളനട ഭാഗത്തുനിന്നു പന്തളത്തേക്കു വരുന്ന വാഹനങ്ങള്‍ കുളനടയില്‍നിന്നുതിരിഞ്ഞ് അമ്പലക്കടവ്, തുമ്പമണ്‍ വഴി പന്തളം ടൗണില്‍ എത്തണമെന്ന് അടൂര്‍ ഡിവൈ.എസ്.പി. ജവഹര്‍ ജനാര്‍ദ് അറിയിച്ചു.

Content Highlights: Thiruvabharana Yathra starts tomorrow