പന്തളം: പന്തളത്തുനിന്ന് തിരുവാഭരണങ്ങള്‍ ശിരസ്സിലേറ്റി ശബരിമലയ്ക്ക് കൊണ്ടുപോകുന്ന പേടകവാഹകസംഘത്തെ പന്തളം കൊട്ടാരം നിശ്ചയിച്ചു. ഗുരുസ്വാമി നല്‍കിയ പട്ടികയാണ് ഭേദഗതികളോടെ പന്തളം കൊട്ടാരം നിര്‍വാഹക സംഘം അംഗീകരിച്ചത്.

പ്രധാന പേടകം ശിരസ്സിലേറ്റുന്ന ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് തിരുവാഭരണപ്പെട്ടികള്‍ ശിരസ്സിലേറ്റുന്നത്. നാലുപേര്‍ സഹായികളായി കൂടെയുണ്ടാകും.

കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍ നായര്‍, മരുതമന ശിവന്‍പിള്ള, ഉണ്ണിക്കൃഷ്ണന്‍ കുളത്തിനാല്‍, ഗോപാലകൃഷ്ണപിള്ള, രാജന്‍, ഗോപിനാഥക്കുറുപ്പ്, ഭാസ്‌കരക്കുറുപ്പ്, ഉണ്ണിക്കൃഷ്ണപിള്ള, വിനോദ് കൊച്ചുപുരയില്‍, അശോകന്‍, വിജയന്‍, ഉണ്ണി, ഓമനക്കുട്ടന്‍, തുളസി, വിനീത്, രാജന്‍, സുനില്‍, മധു, പ്രവീണ്‍കുമാര്‍, ദീപു, പ്രശാന്ത്, സുദര്‍ശന്‍, മഹേഷ് എന്നിവരാണ് സംഘാംഗങ്ങള്‍. ഇവര്‍ക്ക് സഹായികളായി കലാധരന്‍, അനില്‍, പ്രസാദ്, കൃഷ്ണകുമാര്‍ എന്നിവരുമുണ്ടാകും.

പന്തളത്തുനിന്ന് ഘോഷയാത്ര പുറപ്പെടുമ്പോഴും ശബരിമല സന്നിധാനത്തെത്തുമ്പോഴും പ്രധാനപ്പെട്ട സ്ഥലങ്ങളിലും തിരുമുഖമടങ്ങുന്ന പ്രധാന പെട്ടി ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍പിള്ളയും പൂജാപാത്രങ്ങളും സ്വര്‍ണക്കുടവും അടങ്ങുന്ന പെട്ടി മരുതമന ശിവന്‍പിള്ളയും കൊടികളും ജീവതയും നിറച്ച പെട്ടി കിഴക്കേതോട്ടത്തില്‍ പ്രതാപചന്ദ്രന്‍നായരുമാണ് ശിരസ്സിലേറ്റുന്നത്.

സംഘത്തിലുള്ളവര്‍ മാറിമാറി പെട്ടികള്‍ ശിരസ്സിലേറ്റിയാണ് പരമ്പരാഗത പാതയിലൂടെ നടന്നുനീങ്ങുന്നത്.

Content Highlights: Sabarimala Thiruvabharana Yathra