പത്തനംതിട്ട: ശബരിമല മകരവിളക്ക് നാളെ നടക്കും. പമ്പാസദ്യയും പമ്പവിളക്കും ഇന്ന് വൈകിട്ട് നടക്കും. നാളെ പുലര്‍ച്ചെ 2.09നാണ് മകരസംക്രമ പൂജ നടക്കുക. 

മകരവിളക്കുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അവസാനഘട്ടത്തിലാണ് സന്നിധാനം. ഇതിന്റെ ഭാഗമായ ശുദ്ധിക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.  തിങ്കളാഴ്ച വൈകിട്ടുമുതല്‍ ശുദ്ധിക്രിയകള്‍ തുടങ്ങിയിരുന്നു. രാവിലെ 10 മുതല്‍ നെയ്യഭിഷേകം നടത്തുന്നത് നിര്‍ത്തിയിരിക്കുകയാണ്. മകരവിളക്കിന് ശേഷം മാത്രമേ നെയ്യഭിഷേകമുള്ളു. 

ബിംബ ശുദ്ധിക്രിയകളും കലശവും  കഴിയുന്നതോടെ സന്നിധാനത്തെ പ്രധാന ചടങ്ങുകള്‍ കഴിയും. ഉച്ചയ്ക്ക് ശേഷം പമ്പാ സദ്യ നടക്കും. അതിന് ശേഷം വൈകിട്ട് പമ്പവിളക്ക് എന്ന ചടങ്ങുണ്ടാകും. ഇന്ന് വൈകിട്ടോടെ ളാഹയിലെ വനംവകുപ്പിന്റെ സത്രത്തിലേക്ക് തിരുവാഭരണ യാത്രയെത്തും.  മകര പൂജയ്ക്ക് മുമ്പ് തിരുവാഭരണം സന്നിധാനത്ത് എത്തിക്കും. 

സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. 15ന് പുലര്‍ച്ചെ 2.09നാണ് മകരസംക്രമ പൂജ നടക്കുന്നത്. അതിനാല്‍ ഇന്ന് വൈകിട്ട് നട തുറന്നാല്‍ രാത്രി ശബരിമല നട അടയ്ക്കില്ല. ഉത്തരായനത്തില്‍ നിന്ന് ദക്ഷിണായനത്തിലേക്ക് സൂര്യന്‍ കടക്കുന്ന സമയമാണ് മകരസംക്രമ പൂജ നടക്കുന്നത്. 

കഴിഞ്ഞ രണ്ടുദിവസമായി ഭക്തരുടെ വലിയ ഒഴുക്കാണ് സന്നിധാനത്തേക്ക്. മകരവിളക്ക് ദര്‍ശനം കഴിഞ്ഞതിന് ശേഷം മാത്രമേ ഇവര്‍മലയിറങ്ങുകയുള്ളു. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായും ഇവിടെക്ക് എത്തിക്കൊണ്ടിരിക്കുന്നത്. 

മകരവിളക്കും മകര ജ്യോതിയും കാണാന്‍ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പര്‍ണശാലകള്‍ കെട്ടി തമ്പടിച്ചിട്ടുണ്ട്. ഭജനയും അയ്യപ്പ സ്തുതികളുമായി ഭക്തര്‍ ഇവിടെ കഴിയുകയാണ്. മകര പൂജകള്‍ക്ക് ശേഷം അടയ്ക്കുന്ന നട പുലര്‍ച്ചെ നാലിന് വീണ്ടും തുറക്കും. 

Content Highlights: Sabarimala ready for Makara sankram puja