ശബരിമല: വൃശ്ചികപ്പുലരിയിൽ അയ്യപ്പദർശനം തേടിയെത്തിയത് ആയിരങ്ങൾ. ഞായറാഴ്ച പുലർച്ചെ മൂന്നിന് നട തുറക്കുമ്പോൾ അയ്യപ്പൻമാരുടെ നിര വലിയനടപ്പന്തലും കടന്നു.

ശബരിമലയിലെ പുതിയ മേൽശാന്തി മലപ്പുറം തിരുനാവായ മണിയങ്കാട് അരീക്കര ഇല്ലത്ത് എ.കെ. സുധീർ നമ്പൂതിരിയാണ് പുലർച്ചെ നടതുറന്നത്. സോപാനത്തിൽ സാഷ്ടാംഗം നമസ്കരിച്ച് പടികളിൽ തീർഥം തളിച്ച് കർപ്പൂരം കത്തിച്ച് മണിമുഴക്കി നട തുറന്നു. ശരണംവിളിയിൽ സന്നിധാനവും പൂങ്കാവനവും ഉണർന്നു. 3.10-ന് അഭിഷേകം ആരംഭിച്ചു.

തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ കാർമികത്വത്തിൽ ഭസ്മം, പാൽ, തേൻ, പഞ്ചാമൃതം, ഇളനീർ, പനിനീർ എന്നിവകൊണ്ട് അഭിഷേകം നടത്തി. 3.20-ന് നെയ്യഭിഷേകം തുടങ്ങി. 11.30വരെ നെയ്യഭിഷേകം തുടർന്നു.

അയ്യപ്പൻമാരുടെ തിരക്ക് ഒൻപതുമണിയോടെ കുറഞ്ഞു. വൈകീട്ട് നാലിന് നട തുറന്നപ്പോഴും തിരക്കുണ്ടായി. ഈ സമയം ചെറിയ മഴയും പെയ്തു. മണ്ഡലകാലത്ത് പുലർച്ചെ മൂന്നിനാണ് നട തുറക്കുന്നത്. ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുന്ന നട വൈകീട്ട് നാലിന് വീണ്ടും തുറക്കും. രാത്രി 11-ന് അടയ്ക്കും.

Content Highlights: Sabarimala Pilgrimage Thousands of devotees came to see Ayyappa