പത്തനംതിട്ട: കണ്ടക്ടറില്ലാതെ നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് നടത്താനുള്ള കെ.എസ്.ആർ.ടി.സി.യുടെ പദ്ധതി ഉപേക്ഷിച്ചു. കണ്ടക്ടർമാരുടെ കുറവും സാന്പത്തികനഷ്ടവും ഭയന്നാണിത്. കണ്ടക്ടർ ഇല്ലാത്തതിനാൽ ആദ്യദിവസംതന്നെ ആറ് സർവീസുകൾ ടിക്കറ്റുനൽകാതെ ഓടിക്കേണ്ടിവന്നു. സാന്പത്തിക നഷ്ടവും ഭക്തരുടെ പ്രതിഷേധവും ഒഴിവാക്കാൻ ബസിൽ കണ്ടക്ടർമാരെ നിയോഗിച്ചുതുടങ്ങി. ടിക്കറ്റ് നൽകിയശേഷം കണ്ടക്ടർ ഇല്ലാതെ പമ്പ ചെയിൻ സർവീസ് നടത്താനാണ് കെ.എസ്.ആർ.ടി.സി. നേരത്തേ തീരുമാനിച്ചിരുന്നത്.

ഞായറാഴ്ച പുലർച്ചെ മുതൽ നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ തിരക്കായിരുന്നു. പമ്പയിലേക്ക് പോകാനായുള്ള 28 ബസുകളിൽ ഭക്തർ നിറഞ്ഞിരുന്നു. ബസുകളിൽ ടിക്കറ്റ് നൽകാൻ ഉണ്ടായിരുന്നത് എട്ട് കണ്ടക്ടർമാർ മാത്രം. യാത്ര വൈകിയതോടെ അയ്യപ്പഭക്തർ പ്രതിഷേധിച്ചു. തിരക്ക് നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം ഒഴിവാക്കാൻ പോലീസ് ഇടപെട്ട് ബസുകൾ പുറപ്പെടാൻ നിർദേശിച്ചു. ആറ് സർവീസുകൾ ടിക്കറ്റ് നൽകാതെയാണ് പമ്പയിലേക്ക് അയച്ചത്. ഈ സാഹചര്യത്തിൽ പരിഷ്കാരം ഉപേക്ഷിക്കാൻ കെ.എസ്.ആർ.ടി.സി. എം.ഡി. എം.പി.ദിനേശ് നിർദേശിക്കുകയായിരുന്നു.

Content Highlights: Sabarimala Pilgrimage KSRTC Nilakkal- Pamba chain Service