പത്തനംതിട്ട: ശബരിമലയില്‍ ആദ്യദിനം 3.32 കോടി രൂപ വരുമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ആദ്യദിനത്തില്‍ ഉണ്ടായിരിക്കുന്നത്. നടവരവ്, അപ്പം- അരവണ വരുമാനം, കടകളിലെ വരുമാനം എന്നിവയിലെല്ലാം വര്‍ധനവ് ഉണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എന്‍.വാസു പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ കാണിക്ക ഇടരുതെന്നും അരവണ അടക്കമുള്ള പ്രസാദങ്ങള്‍ വാങ്ങരുതെന്നും പ്രചാരണവുമുണ്ടായിരുന്നു. അതിനാല്‍ കഴിഞ്ഞ വര്‍ഷം ശബരിമലയില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ലഭിച്ചിരുന്ന വരുമാനം ആദ്യ ദിനം മുതല്‍ കുറഞ്ഞിരുന്നു. 

എന്നാല്‍ ഇത്തവണ അത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരില്ലെന്നാണ് വരുമാന വര്‍ധനവ് സൂചിപ്പിക്കുന്നത്. 2017 കാലത്തെ തീര്‍ത്ഥാടന കാലത്ത് ബോര്‍ഡിന് ലഭിച്ചിരുന്ന വരുമാനത്തിന് സമാനമായാണ് ഇത്തവണ ആദ്യദിനം തന്നെ ലഭിച്ചത്. അരവണയുടെ വില്‍പ്പനയില്‍ മാത്രമാണ് ഇത്തവണ കുറവുണ്ടായിരിക്കുന്നത്. മറ്റെല്ലാ ഇനങ്ങളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

സമാധാനത്തോടെ സംഘര്‍ഷരഹിതമായി ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുങ്ങുന്നത് വരും ദിനങ്ങളിലും ഭക്തരുടെ വലിയ തോതിലുള്ള വരവിന് കാരണമാകുമെന്ന് തന്നെയാണ് ദേവസ്വം ബോര്‍ഡ് പ്രതീക്ഷിക്കുന്നത്. കാണിക്ക, പ്രസാദ വില്‍പ്പന തുടങ്ങിയവയിലൂടെ ബോര്‍ഡിന് കൂടുതല്‍ വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ കടക്കെണിയിലായ ബോര്‍ഡിന് കൂടുതല്‍ ഊര്‍ജം നല്‍കുന്നതാണ് പുതിയ കണക്കുകള്‍. 

2017നെ അപേക്ഷിച്ച് കാണിക്കയില്‍ 25 ലക്ഷത്തിന്റെ വര്‍ധനവാണ് ആദ്യ ദിനം ഉണ്ടായിരിക്കുന്നത്. 2018നെ അപേക്ഷിച്ച് 1.28 കോടിയുടെ വര്‍ധനവുണ്ടായെന്നും ദേവസ്വം പ്രസിഡന്റ് എന്‍.വാസു മാധ്യമങ്ങളോട് പറഞ്ഞു. 

Content Highlights: Sabarimala 3.32 crore collect in first day of pilgrim season