ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലാ കുടുംബശ്രീ മിഷന്‍ നിലയ്ക്കലില്‍ ഗ്രീന്‍ കൗണ്ടര്‍ കം ലൈറ്റ് റെഫ്രഷ്‌മെന്റ് കേന്ദ്രങ്ങള്‍ ആരംഭിച്ചു. നിലയ്ക്കലിലെ കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വഹിച്ചു.

കാപ്പി, ചായ, ആവിയില്‍ പുഴുങ്ങിയ ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് ഇവിടെനിന്ന് ലഭിക്കുക. ഭക്ഷണം വിതരണം ചെയ്യുന്നത് സ്റ്റീല്‍ പാത്രത്തിലാണ്. മിതമായ നിരക്കില്‍ സ്റ്റീല്‍ പാത്രങ്ങളും വില്‍ക്കും. പ്രവര്‍ത്തനം 24 മണിക്കൂറുമുണ്ടാകും. നാല് കുടുംബശ്രീ അംഗങ്ങള്‍ക്കാണ് ചുമതല. നിലയ്ക്കലില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ റാന്നി പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റ് ബീന സജി അധ്യക്ഷത വഹിച്ചു. ശബരിമല എ.ഡി.എം. എന്‍.എസ്.കെ. ഉമേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയില്‍നിന്ന് സ്റ്റീല്‍ പാത്രം വാങ്ങി ആദ്യ വില്‍പ്പന നടത്തി.

ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഒ.ബി. ദിലീപ്കുമാര്‍, നിലയ്ക്കല്‍ പോലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ കെ.കെ.അജി, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വിധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജേക്കബ് വളയംപള്ളി, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ വി.രാജന്‍,കെ.പ്രശോഭ എന്നിവര്‍ പങ്കെടുത്തു.

Content Highlights: Kudumbasree Green counter opens in Nilakkal