ശബരിമല: അയ്യപ്പന് മുന്നില്‍ വ്യത്യസ്തങ്ങളായ ഭജനകള്‍ സമര്‍പ്പിച്ച് കന്നടയിലെ സിനിമാസംവിധായകനും നടനും നിര്‍മാതാവുമായ ശിവരാമന്‍. അയ്യപ്പധര്‍മ്മ പ്രചാരണത്തിനായി പ്രവര്‍ത്തിക്കുന്ന എം.എന്‍.നമ്പ്യാര്‍ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് സന്നിധാനം ഓഡിറ്റോറിയത്തില്‍ ഗാനാര്‍ച്ചന നടത്തിയത്. 81 അംഗ സംഘവുമായാണ് ഇത്തവണ ശിവരാമന്‍ എത്തിയത്.

50 വര്‍ഷമായി തുടര്‍ച്ചയായി ശബരിമല ദര്‍ശനം നടത്തുന്നുണ്ട് ശിവരാമന്‍. പ്രശസ്ത സിനിമാതാരമായിരുന്ന എം.എന്‍. നമ്പ്യാരോടൊപ്പമായിരുന്നു. എം.എന്‍. നമ്പ്യാരുടെ നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് ഇത്തവണ ഗാനാര്‍ച്ചന നേര്‍ന്നത്.

ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയിട്ടുള്ള ശിവരാമന്‍ രജനീകാന്ത്, രവിചന്ദ്രന്‍ തുടങ്ങിയവരെ നായകരാക്കി തമിഴ് സിനിമകളും അമിതാഭ്ബച്ചനെ നായകനാക്കി ഹിന്ദി സിനിമയും നിര്‍മിച്ചിട്ടുണ്ട്. എം.എന്‍. നമ്പ്യാരുടെ മകനായ മോഹന്‍ നമ്പ്യാരുടെ നേതൃത്വത്തിലാണ് ഈ സംഘം അയ്യപ്പധര്‍മ്മ പ്രചാരണം നടത്തുന്നത്.

തെലുങ്കിലെ പ്രശസ്ത സിനിമാപ്രവര്‍ത്തകനായ രാമനായിഡുവിന്റെ മകന്‍ സുരേഷ്ബാബു, വ്യവസായിയായ രമേശ്, രവി തുടങ്ങിയവരും എത്തിയിരുന്നു.

Content Highlights: Kannada Film director shivaraman in Sabarimala