ചാരം കാത്ത് വിശ്വാസസംരക്ഷണത്തോടെ ആത്മസമര്‍പ്പണം നടത്തുകയാണ് പതിനെട്ടാംപടിയില്‍ ജോലിചെയ്യുന്ന പോലീസ് അയ്യപ്പന്‍മാര്‍.

ശബരിമലയില്‍ ജോലിക്കെത്തുന്ന പോലീസ് ഉദ്യോഗസ്ഥരില്‍ ഏറ്റവും കഠിനജോലി എടുക്കുന്നവരാണ് പതിനെട്ടാംപടിയില്‍ ജോലിചെയ്യുന്നവര്‍. യഥാര്‍ത്ഥത്തില്‍ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നത് ഇവരാണെന്ന് പറയാം.

പതിനെട്ടാംപടിയിലൂടെ ഒരുമിനിറ്റില്‍ കയറുന്നവരുടെ എണ്ണം അനുസരിച്ചാണ് തുടര്‍ന്നുള്ള ക്യൂവിന്റെ ദൈര്‍ഘ്യം. ശരാശരി ഒരുമിനിറ്റിനുള്ളില്‍ 70 മുതല്‍ 90 വരെയാളുകളെ കയറ്റിവിട്ടാല്‍മാത്രമേ ക്യൂവിന്റെ നീളം അധികം വര്‍ധിക്കാതിരിക്കൂ. എന്നാല്‍ പലപ്പോഴും ഇത് സാധിക്കില്ല.

പ്രായമുള്ളവരും കുട്ടികളും ഭിന്നശേഷിക്കാരും ഉള്‍പ്പെടെ എത്തുമ്പോള്‍ മിനിറ്റില്‍ പടികടക്കുന്നവരുടെ എണ്ണം 60-നും 70-നും ഇടയിലായിരിക്കും. പതിനെട്ടാംപടിയില്‍ നില്‍ക്കുന്ന പോലീസുകാര്‍ വളരെ കഷ്ടപ്പെട്ടാണ് ഇത്തരക്കാരെ പിടിച്ചുകയറ്റുന്നത്.

കൈകള്‍ക്കും കാലിനും നടുവിനും വലിയ ആയാസമാണ് പോലീസുകാര്‍ക്ക് ഇത് ഉണ്ടാക്കുന്നത്. പത്തുപേര്‍ വീതം ഇരുപത് മിനിറ്റ് ഇടവിട്ടാണ് പതിനെട്ടാംപടിയില്‍ പ്രവര്‍ത്തിക്കുന്നത്.

നാല് മണിക്കൂര്‍ സമയം പത്ത് പേര്‍ വീതമുള്ള മൂന്ന് സംഘം ഇരുപത് മിനിറ്റ് ഇടവിട്ട് ആണ് ജോലി ചെയ്യുന്നത്. ഇരുമുടികെട്ടില്ലാതെ പതിനെട്ട്പടികള്‍ ചവിട്ടാന്‍ പാടില്ല എന്ന ആചാരം പാലിച്ചുകൊണ്ടാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്.

ഇതിനുവേണ്ടി മുകളില്‍നിന്ന് പകുതിപേര്‍ താഴേക്കും താഴെനിന്ന് പകുതിപേര്‍ മുകളിലേക്കും കയറുകയും ഇറങ്ങുകയും ചെയ്താണ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്.

Content Highlights: sabarimala Pilgrimage 2019