വ്രതം അനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിവേണം അയ്യപ്പനെ ദര്‍ശിക്കേണ്ടത്. ഇരുമുടിക്കെട്ടിലെ മുന്‍കെട്ടില്‍ സ്വാമിപൂജക്കുള്ള സാധനങ്ങളും പിന്‍കെട്ടില്‍ തീര്‍ത്ഥാടകന് വേണ്ട ആഹാരസാധനങ്ങളും ഉപകരണങ്ങളുമാണ്.

നെയ്ത്തേങ്ങ, കര്‍പ്പൂരം, കാണിക്ക, മലര്‍, കദളിപ്പഴം, കല്‍ക്കണ്ടം, മുന്തിരി, വെറ്റില, പാക്ക്, പതിനെട്ടാംപടിയിലുള്ള നാളികേരം, മഞ്ഞള്‍പ്പൊടി, തേന്‍, പനിനീര്, ഉണ്ടശര്‍ക്കര, വറപൊടി, ഉണക്കലരി, കുരുമുളക് തുടങ്ങിയവയാണ് മുന്‍കെട്ടില്‍ നിറയ്‌ക്കേണ്ടത്. 

പണ്ട് ആഴ്ചകള്‍ നീളുന്ന തീര്‍ഥാടനമായിരുന്നതിനാല്‍ അത്രയും കാലത്തേക്കുള്ള ആഹാര സാധനങ്ങള്‍ കരുതിയിരുന്നു. അത് പിന്‍കെട്ടിലാണ്. കൂടാതെ പാത്രങ്ങള്‍ ചെറിയ നിലവിളക്ക്, പല്ലുതേക്കാന്‍ ഉമിക്കരി തുടങ്ങിയവയും. 

ഏറ്റവും ഭക്തിയോടെയും ഉച്ചത്തില്‍ ശരണം വിളിച്ചുമാണ് കെട്ടില്‍ സാധനങ്ങള്‍ നിറക്കേണ്ടത്. നെയ്ത്തേങ്ങ നിറച്ചശേഷം ഉച്ചത്തില്‍ ശരണം വിളിച്ച് വെറ്റില, പാക്ക്, നാണയം, ഒരു നാളികേരം, എന്നിവ ഒരുമിച്ച് നെഞ്ചില്‍ ചേര്‍ത്തുവെച്ച് ധ്യാനിച്ച് പള്ളിക്കെട്ടില്‍ വയ്ക്കുന്നു. അപ്പോള്‍ പള്ളിക്കെട്ട് ഭഗവത്ചൈതന്യമുള്ളതായി മാറുന്നുവെന്നാണ് വിശ്വാസം.

Content Highlights: Sabarimala Pilgrimage Irumudikkettu