കര സംക്രമം - ശോഭനമായ പദ വിന്യാസം; അഥവാ കാല്‍വെപ്പ് എന്ന് അര്‍ഥം. സൂര്യന്‍ ഒരു രാശിയില്‍ നിന്നും മറ്റൊരു രാശിയിലേക്ക് പ്രവേശിക്കുന്നതിനാണ് സംക്രമം അഥവാ സംക്രാന്തി എന്ന് പറയുന്നത്. ഇത്തരത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന മുഹൂര്‍ത്തമാണ് മകരസംക്രമം അഥവാ മകരസംക്രാന്തി എന്ന് വിളിക്കുന്നത്.

ഭാരതത്തിനൊട്ടാകെയും കേരളത്തിനും വിശിഷ്യാ ശബരിമലയെയും സംബന്ധിച്ച് പ്രധാനമാണ് മകര സംക്രമം. മകരം മുതല്‍ ആറു മാസകാലം ഉത്തരായണവും പിന്നീട് ആറു മാസം ദക്ഷിനായനവുമാണ്.

കാലഗണന സമ്പ്രദായം അനുസരിച്ച് ദേവന്മാരുടെ പകലാണ് ഉത്തരായനം. രാത്രി ദക്ഷിനായനവുമാണ്. ഇതു രണ്ടും ചേരുമ്പോള്‍ ദേവന്മാരുടെ ഒരു ദിവസവും മനുഷ്യരുടെ ഒരു സംവത്സരവുമായിരിക്കും. ദൈവീക ശക്തികള്‍ കുടുതല്‍ ഉണര്‍ന്നിരിക്കുന്ന കാലമാണ് ഉത്തരായണകാലമെന്നാണ് വിശ്വാസം. 

അവതാരോദ്ദേശം പൂര്‍ത്തിയാക്കി അയ്യപ്പന്‍ ശബരിമലയിലെ വിഗ്രഹത്തില്‍ ലയിച്ചത് മകരസംക്രാന്തി ദിവസമാണെന്നും മഹിഷീ വധത്തിന്റെ ആഹ്ളാദസൂചകമായാണ് പൊന്നമ്പലമേട്ടില്‍ ആദ്യം മകരജ്യോതി തെളിയിച്ചതെന്നുമാണ് ഒരു ഐതിഹ്യം. അയ്യപ്പന്റെ ജനനം മകരസംക്രമ ദിനത്തില്‍ ആയിരുന്നുവെന്ന് മറ്റൊരു വിശ്വാസം. 

ശബരിമലയില്‍ ലക്ഷോപലക്ഷം ഭക്തര്‍ മകരജ്യോതി ദര്‍ശനത്തിനെത്തുന്ന പുണ്യ ദിവസമാണ് മകരസംക്രമം. ഈ ദിനത്തിന്റെ സവിശേഷതയ്ക്കപ്പുറം പൊന്നമ്പലമേട്ടിലെ ദിവ്യജ്യോതിയാണ് ഭക്തരെ സന്നിധാനത്തേക്ക് ആകര്‍ഷിക്കുന്നത്. സംക്രമസന്ധ്യയില്‍ അയ്യപ്പനെ തൊഴുന്നത് പരകോടി പുണ്യം പകരുന്നതാണ്. 

മകര സംക്രമം വൈകുന്നേരം ആകണമെന്നില്ല. മകരവിളക്ക് ദിവസം രാത്രി 12 ന് മുന്‍പ് എപ്പോള്‍ വേണമെങ്കിലും ആകാം. സംക്രമ സമയം കൃത്യമായി കണക്കുകൂട്ടാന്‍ കഴിയും. മകര സംക്രമ വേളയില്‍  അയ്യപ്പന്‌ സംക്രമ പൂജയുണ്ടാകും.  

ഇത്തവണ മകരസംക്രമം നടക്കുന്നത് ജനുവരി 15 ന് പുലര്‍ച്ചെ 2.09 നാണ്. ഈ സമയത്താണ് സന്നിധാനത്ത് മകരസംക്രമ പൂജ നടക്കുക. 

വൈകുന്നേരം  6.30 ന് അയ്യപ്പസ്വാമിക്ക് തിരുവാഭരണം ചാര്‍ത്തി ദീപാരാധന നടക്കും. ഇതേ സമയം പൊന്നമ്പലമേട്ടിലും ദീപാരാധന നടക്കും. അന്ന് വൈകിട്ട് സന്ധ്യാസമയത്ത് ആകാശത്ത് മകര നക്ഷത്രം പ്രത്യക്ഷപ്പെടും. 

പുല്ലുമേട്, സന്നിധാനം, അപ്പാച്ചിമേട്, ശബരി പീഠം, പമ്പ, നീലിമല എന്നിവിടങ്ങളില്‍ നിന്ന് മകര വിളക്ക് ദര്‍ശിക്കാം. 

Content Highlights: Makaravilakku Sabarimala