യ്യപ്പന്റെ മഹിഷിനിഗ്രഹമാണ് എരുമേലി പേട്ടതുള്ളലിന് ആധാരമായ ഐതിഹ്യം. എരുമയുടെ തലയും മനുഷ്യസ്ത്രീയുടെ ഉടലുമായി മഹിഷി എന്ന ഭീകരരൂപിണിയെ വധിച്ചതിന്റെ ഓര്‍മ പുതുക്കല്‍. അയ്യപ്പ സ്വാമി മഹിഷിയെ നിഗ്രഹിച്ചതിന്റെ ആനന്ദനടനമാണ് എരുമേലി പേട്ടതുള്ളല്‍. തുള്ളാനെത്തുന്ന അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങള്‍ അയ്യപ്പന്റെ യോദ്ധാക്കളെന്ന് വിശ്വാസം. 

പാണനിലകളും വിവിധതരം ചായങ്ങളും വാരിപ്പൂശി കന്നി സ്വാമിമാര്‍ ശരക്കോലും കച്ചയും കെട്ടി,  മഹിഷിയുടെ ചേതനയറ്റ ശരീരമെന്ന സങ്കല്പത്തില്‍ തുണിയില്‍ പച്ചക്കറി കെട്ടി കമ്പില്‍ തൂക്കി തോളിലേറ്റി ആനന്ദനൃത്തമാടുന്ന ഭക്തിയുടെ നേര്‍ക്കാഴ്ചയാണ് പേട്ടതുള്ളല്‍. 

ഭക്തര്‍ ശരീരത്തിലാകെ നിറങ്ങള്‍ പൂശി കിരീടവും മറ്റും ധരിച്ച് 'അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം...' എന്ന വായ്ത്താരികളുമായാണു പേട്ടതുള്ളല്‍. മഹിഷീനിഗ്രഹത്തിന് അയ്യപ്പനു കൂട്ടായി വാവരും ഉണ്ടായിരുന്നു എന്നാണു വിശ്വാസം. അതുകൊണ്ട് എരുമേലിയിലുള്ള വാവര്‍ പള്ളിയില്‍ ദര്‍ശനം നടത്തിയ ശേഷമാണു ഭക്തര്‍ പേട്ട കെട്ടുന്നത്.

മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ പേട്ടതുള്ളലാണ് ആദ്യം. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഭഗവാന്റെ സാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ വട്ടമിട്ടു പറക്കുന്നതോടെയാണ് പേട്ട കൊച്ചമ്പലത്തില്‍ നിന്നും പേട്ടതുള്ളല്‍ ആരംഭിക്കുന്നത്. ആലുവ മണപ്പുറത്തെ മഹാദേവന്റെ ക്ഷേത്രസന്നിധിയില്‍ നിന്നും അയ്യപ്പസ്വാമിയുടെ ചൈതന്യം ആവാഹിച്ച ഗോളകയും കൊടിയുമായി പിതൃസ്ഥാനീയരായ ആലങ്ങാട്ടു ദേശക്കാരുടെ പേട്ടതുള്ളലാണ് രണ്ടാമത് നടക്കുന്നത്. 

പേട്ട കൊച്ചമ്പലത്തില്‍ നിന്നും പുറപ്പെടുന്ന അമ്പലപ്പുഴ പേട്ട, അയ്യപ്പന്റെ തോഴനായ വാവരെ കൂട്ടാനായി സമീപത്തെ പള്ളിയില്‍ കയറിയാണ് പേട്ടതുള്ളല്‍ തുടരുന്നത്. ആദ്യത്തെ പേട്ടയോടൊപ്പം വാവരും പോയി എന്ന വിശ്വാസത്തില്‍ ആലങ്ങാട് ദേശക്കാര്‍ പള്ളിയില്‍ കയറാതെയാണ് പോകുന്നത്. 

എരുമേലി പട്ടണത്തിന് ആ പേരു കിട്ടിയതു തന്നെ മഹിഷീനിഗ്രഹവുമായി ബന്ധപ്പെട്ടാണെന്നു പറയപ്പെടുന്നത്. ക്രൂരതയുടെ പര്യായമായിരുന്ന മഹിഷിയെ വധിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് അയ്യപ്പന്റെ അവതാരമെന്നാണ് വിശ്വാസം. അയ്യപ്പന്‍ മഹിഷിയെ നിഗ്രഹിച്ച സ്ഥലം എന്ന അര്‍ഥത്തില്‍ എരുമകൊല്ലി ആണു പിന്നീട് ലോപിച്ച് എരുമേലി ആയത് എന്ന് പറയുന്നു.

Content Highlights: Sabarimala Pilgrimage and Erumely Petta thullal