ശബരിമല കേരളത്തിലായതില്‍ അഭിമാനം കൊള്ളുന്ന ഓരോ മലയാളിയും പോയി കണ്ടിരിക്കേണ്ട സ്ഥലമാണ് ആലപ്പുഴ ജില്ലയിലെ മുഹമ്മയിലുള്ള ചീരപ്പന്‍ ചിറ സ്വാമി അയ്യപ്പന് പഠന കളരി. സ്വാമി അയ്യപ്പന് (മണികണ്ഠന്) തന്റെ കൗമാര കാലത്ത് കളരിയഭ്യസിച്ച ഇടമാണത്രേ ചീരപ്പന്‍ ചിറ കളരി. ഏകദേശം 850 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജശേഖര തമ്പുരാന് പന്തളം കൊട്ടാരം ഭരിക്കുന്ന കാലത്താണ് ദൈവീക വരദാനമായി രാജാവിനു ലഭിച്ച പുത്രനായി മണികണ്ഠന് വളരുന്നത്.
അഭ്യാസമുറകളില്‍ ഏറെ താല്പനര്യവും കഴിവും ഉണ്ടായിരുന്ന മണികണ്ഠന് കളരിമുറയിലെ പ്രത്യേക അഭ്യാസമുറയായ പൂഴിക്കടകന്‍ ഉള്‍പ്പടെയുള്ള അഭ്യാസ മുറകള്‍ പഠിക്കാനായാണ് മുഹമ്മയിലെ ചീരപ്പന്‍ ചിറ കുലത്തിന്റെ സൃഷ്ടാവായ ചീരപ്പന്‍ ഗുരുക്കളുടെ അടുത്തെത്തുന്നത്. അന്നത്തെ തലമുതിര്‍ന്ന കാരണവരായിരുന്നു ചീരപ്പന്‍ ഗുരുക്കള്‍. വലംകൈയിലെ ആയുധം നഷ്ടപ്പെട്ട് പൂഴി മണ്ണില്‍ വീണുകിടക്കുമ്പോള്‍ അങ്കക്കലി പൂണ്ട് വീണവനെ വെട്ടാന്‍ പാടില്ല എന്ന യുദ്ധമര്യാദ മറന്ന് വധിക്കാന്‍ ചാടിവീഴുന്ന എതിരാളിയുടെ മുഖത്തേക്ക് ഇടംകൈയിലെ പരിചയില്‍ പൂഴി നിറച്ച് ശക്തിയോടെ വാരിയെറിയുന്നതാണ് പൂഴിക്കടകന്‍ എന്ന അടവ്. പതിനെട്ടടവും പഠിക്കുന്നതിന് അയ്യപ്പന് യോഗ്യതയുണ്ടെന്ന് മനസ്സിലാക്കിയ കളരിഗുരു അദ്ദേഹത്തെ അതീവരഹസ്യമായി പൂഴിക്കടകന്‍ മുറ പഠിപ്പിക്കുകയായിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.
ചീരപ്പന്‍ ഗുരുക്കള്‍ വസിച്ചിരുന്നതും കളരി പഠിപ്പിച്ചിരുന്നതുമായ കുടിലും പരിസരവും ഇപ്പോഴും സംരക്ഷിച്ചു പോരുന്ന കളരി ഊരാളികള്‍ ചീരപ്പന്‍ചിറ കുടുംബത്തിലെ ഏറ്റവും പിന്തലമുറക്കാരായ പത്മജയും ഭര്‍ത്താവ് മാധവ ബാലസുബ്രഹ്മണ്യവുമാണ്. ഏകമകന് റോഡപകടത്തില്‍ മരിച്ചതിനെ തുടര്‍ന്ന് രൂപീകരിച്ച ശംഭു മെമ്മോറിയല്‍ ട്രസ്റ്റിന്റെ സ്ഥാപകരായ ഇവരാണ് ഇപ്പോള്‍ ഇതിന്റെ നടത്തിപ്പുകാര്‍. പിന്‍തലമുറക്കാരിയായ കാളിയമ്മയുടെ മകളായ കുഞ്ഞിപ്പിള്ളയമ്മയുടെ മകളായിരുന്നു പത്മജയുടെ അമ്മയായ വനജാക്ഷി അമ്മ.

ചീരപ്പന്‍ ചിറ മൂല കുടുംബം പല തായ് വഴികളായി പിരിഞ്ഞു. കോട്ടയം തിരുവാര്‍പ്പ്, പാതിരപ്പള്ളി - ചെട്ടി കാട് - മുട്ടം, കണിച്ചുകുളങ്ങര- തുറവൂര്‍ - വടക്കന്‍ പറവൂര്‍, അങ്ങനെ..... പല തായ് വഴികള്‍. അതിലൊന്ന് സി.പി.ഐ. നേതാവായിരുന്ന സി.കെ.ചന്ദ്രപ്പന്റെ കുടുംബം ഉള്‍പ്പെടുന്ന വയലാര്‍ തായ് വഴി. മറ്റൊന്ന് എ.കെ.ജി.യുടെ ഭാര്യ സുശീല ഗോപാലന് വസിച്ചിരുന്ന മാപ്പിളച്ചിറ വീടും അംഗങ്ങളും. കണിച്ചുകുളങ്ങര തായ് വഴിയിലെ വനജാക്ഷി അമ്മയുടെ മകള്‍ പത്മജയുടെ പേരിലാണ് മൂലസ്ഥാനമായ ചീരപ്പന്‍ ഗുരുക്കള്‍ വസിച്ചിരുന്ന കുടിലും കളരിയും ഉള്‍പ്പെടുന്ന ആലപ്പുഴ മുഹമ്മയില്‍ സ്ഥിതി ചെയ്യുന്ന ' മുഹമ്മ ചീരപ്പന്‍ ചിറ സ്വാമി അയ്യപ്പന് പഠന കളരി. ഇപ്പോള്‍ പ്രത്യേക ശ്രദ്ധ കൊടുത്ത് ഹരിത ചട്ടങ്ങള്‍ക്ക് വിധേയമായാണ് ചീരപ്പന്‍ ചിറ മൂലസ്ഥാനം സംരക്ഷിച്ചു കൊണ്ടിരിക്കുന്നത്. ഇതിനടുത്തു തന്നെ മൂലസ്ഥാനത്തിന്റെ പടിഞ്ഞാറു ഭാഗത്തായി കളരി അഭ്യാസികള്‍ക്ക് താമസിക്കുന്നതിനും പരിശീലകര്‍ക്ക് സാധനസാമഗ്രികള്‍ സൂക്ഷിക്കുന്നതിനും പ്രമാണപ്രകാരം സ്വതന്ത്രമായി സ്ത്രീ സന്താനങ്ങള്‍ക്ക് വസിക്കുന്നതിനുമായി അക്കാലത്ത് പണിത പട്ടണത്തുശ്ശേരി വീടും കാണാം. സമീപത്തായി ഒരു അയ്യപ്പക്ഷേത്രവും ഉണ്ട്.
സ്വാമി അയ്യപ്പസന്നിധാനമായ അയ്യപ്പന് പഠന കളരിയാണ് മുക്കാല്‍ വെട്ടം പാലത്തിന് തൊട്ടു സമീപം സ്ഥിതി ചെയ്യുന്ന ചീരപ്പന്‍ ചിറ മൂലസ്ഥാനവും ഗുരുകുല സമ്പ്രദായത്തില്‍ മണികണ്ഠനെ ഗുരുവിനോടൊപ്പം താമസിപ്പിച്ച് ആയോധനകല അഭ്യസിപ്പിച്ചിരുന്ന ഇടവും എന്നാണ് വിശ്വസിക്കുന്നത്. ഇവിടെയാണ് മണികണ്ഠന് (സ്വാമി അയ്യപ്പന്) പന്തളം കൊട്ടാരത്തില്‍ നിന്നും ചീരപ്പന്‍ ഗുരുഗൃഹത്തിലെത്തി താമസിച്ച് ആയോധനകല അഭ്യസിച്ചതത്രേ. ഏകദേശം ആയിരത്തിനുമേല്‍ വര്‍ഷം പഴക്കമുള്ളതാണ് മുഹമ്മ ചീരപ്പന്‍ ചിറ സ്വാമി അയ്യപ്പ സന്നിധാനം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ഗുരുഗൃഹമായ കളരിയെയാണ് അതിന്റെ തനിമ നിലനിര്‍ത്തി ഈ പരിരക്ഷിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് വിധേയമാക്കിയിരിക്കുന്നത് .
ഈ പൈതൃകം ഭാവി തലമുറക്ക് നഷ്ടമാകരുതെന്ന ഉള്‍ക്കാഴ്ചയുടെയും തീര്‍ത്ഥാടകര്‍ക്കൊരു ഇടത്താവളമൊരുക്കുക, ഇക്കോ-സ്പിരിച്വല്‍ അനുഭൂതി ഏവര്‍ക്കും അനുഭവവേദ്യമാക്കുക, ഇവിടം ഒരുമാതൃകാ പ്രകൃതി സംരക്ഷണ കേന്ദ്രമാക്കുക എന്നിവയൊക്കെ ലക്ഷ്യം വെച്ചാണ്ഇപ്പോഴത്തെ കളരി മൂലസ്ഥാനത്തിന്റെ നടത്തിപ്പുകാരായ പത്മജയുടെയും ഭര്‍ത്താവ് മാധവ ബാലസുബ്രഹ്മണ്യത്തിന്റെയും പ്രവര്‍ത്തനം. ഗോശാല, അന്നപുര, ശൗചാലയം എന്നിവയും പ്രകൃതിദത്ത സസ്യലതാതികളും സോഷ്യല്‍ ഫോറസ്ട്രി പരിശ്രമങ്ങളും പ്രയോജനപ്പെടുത്തി ഔഷധ വൃക്ഷ പരിപാലനവും ജൈവ രീതിയില്‍ കൃഷിയും ഇവിടെ ചെയ്തു പോരുന്നു. ഒരു അയ്യപ്പഭക്തന് എന്നതിനെക്കാളുപരി സഞ്ചാരികള്‍ക്കും ചരിത്രാന്വേഷികള്‍ക്കും സര്‍വ്വോപരി ഓരോ മലയാളിക്കും ഭാരതീയര്ക്കാകമാനവും അന്താരാഷ്ട്ര സന്ദര്‍ശകര്‍ക്കും കൗതുകം ജനിപ്പിക്കുന്നതും ആകര്‍ഷണീയമായതുമാണ് ചീരപ്പന്‍ ചിറയുടെ ചരിത്രവും ഐതിഹ്യവും.
ഐതീഹ്യങ്ങള്‍ എല്ലാം പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ടതാണ്. അതിലൊന്ന് പന്തളം രാജകുടുംബത്തില്‍ നിന്നും ഒരു രാജകുമാരിയെ മറവപ്പട (ശത്രുപക്ഷം)തട്ടിക്കൊണ്ടുപോയതാണ്. അക്കാലത്ത് വലിയ സൈന്യബലമോ, പ്രജാ ബലമോ ഉണ്ടായിരുന്ന സംഘമായിരുന്നില്ല പന്തളം രാജകുടുംബം. രാജകുമാരിയെ മോചിപ്പിക്കുന്നതിന് എല്ലാ അഭ്യാസമുറകളും അറിയുന്ന ഒരു കളരി ഗുരുവിന്റെ നേതൃത്വം ആവശ്യമായിരുന്നുവത്രേ. ആലപ്പുഴ മുഹമ്മയില്‍ ചീരപ്പന്‍ ചിറയിലെ ചീരപ്പന്‍ ഗുരുക്കളാണ് ഇതിനു ഏറ്റവും യുക്തനായ ആളെന്ന് മനസ്സിലാക്കിയ രാജാവ് രാജകുമാരിയെ മോചിപ്പിക്കാനായി മുഹമ്മയിലെത്തി ചീരപ്പന്‍ ഗുരുക്കളെയും കൂട്ടിപന്തളത്തേക്ക് പോയി. ഗുരുക്കളുടെ നേതൃത്വത്തില്‍ രാജകുമാരിയെമോചിപ്പിച്ചുകൊണ്ടുവന്നെങ്കിലും രാജകുടുംബം ഏറ്റെടുക്കാന്‍ തയ്യാറായില്ല.ധര്‍മ്മ സങ്കടത്തിലായ ഗുരുക്കള്‍ തന്നോടൊപ്പമുണ്ടായിരുന്ന ശേഷക്കാരനെ(അനന്തരവന്-ഗുരുവിന്റെ പെങ്ങളുടെ മകന്) കൊണ്ട് ഈ രാജകുമാരിയെ വിവാഹം കഴിപ്പിച്ചുവത്രെ. ഇവര്‍ക്കുണ്ടായ കുട്ടി രാജകുടുംബത്തിന്റെതായതിനാല് കുട്ടിയെ രാജകുടുംബത്തില്‍ എത്തിക്കുന്നതിന് ഒപ്പിച്ച സൂത്രപ്പണിയാണ് രാജാവ് വരുന്നവഴി പമ്പാനദിക്കരയില്‍ കുട്ടിയെ അനാഥനായി കിടത്തിയതെന്നാണ് വാമൊഴിയായി പറയുന്ന ഒരു കഥ. ഈ കുട്ടി ആണ് മണികണ്ഠന് സ്വാമിഅയ്യപ്പനെന്നും ഒരു വിഭാഗം പറയുന്നു..
മാളികപ്പുറത്തമ്മയുടെ ചരിത്രം
ശബരിമലയില്‍ സ്വാമി അയ്യപ്പനോളംതന്നെ പ്രാധാന്യമുള്ളതാണ് മാളികപ്പുറത്തമ്മ. ചീരപ്പന്‍ ചിറയിലെ കളരി ഗുരുവിന്റെ മകളായിരുന്ന ചെറൂട്ടിയാണ് മാളികപ്പുറത്തമ്മയായി അവരോധിക്കപ്പെട്ടിരിക്കുന്നത്. ഇതിനു പിന്നിലും ചില ഐതിഹ്യങ്ങളും വാമൊഴി കഥകളുമുണ്ട്. ചിലര്‍ ലളിതയെന്നും മറ്റുചിലര്‍ ലീ ലയെന്നും ആദിവാസികളില്‍ ചിലര്‍ രത്നമ്മയെന്നും തമിഴ് ചായ്വുള്ളവര്‍ മഞ്ജുമ എന്നുമെല്ലാമാണ് ഇവര്‍ക്ക് പേരു നല്‍കിയിട്ടുള്ളത്. എന്നാല്‍ യഥാര്‍ത്ഥ പേര് ചെറൂട്ടിഎന്നായിരുന്നുവെന്ന് ഇപ്പോഴത്തെ കളരി മൂലസ്ഥാനത്തിന്റെ തന്നെ നടത്തിപ്പുകാരായ പത്മജയും ഭര്‍ത്താവ് മാധവ ബാലസുബ്രഹ്മണ്യവും പറയുന്നു. അച്ഛനില്‍ നിന്ന് ശൈശവകാലം മുതല്‍ നല്ല രീതിയില്‍ കളരി അഭ്യസിച്ചുവന്നിരുന്ന ആളാണ് ചെറൂട്ടി. അച്ഛനെപ്പോലെതന്നെ പല അടവുകളും നന്നായി അറിയാമായിരുന്നു. ഗുരുക്കളുടെ അടുത്ത് അയ്യപ്പന് കളരി പഠിക്കാനെത്തിയപ്പോള്‍ പല മുറകളുംസമയമെടുത്തു പഠിപ്പിക്കുന്നതായിരുന്നു ഗുരുവിന്റെ രീതി.. എന്നാല്‍ ഗുരു ഈ മുറകള്‍ പഠിപ്പിക്കുന്നതിന് മുമ്പേതന്നെ ചെറൂട്ടിയില് നിന്ന് ഇതിന്റെ പ്രാഥമിക പാഠങ്ങള്‍ അയ്യപ്പന് സ്വായത്തമാക്കിയിരുന്നുവത്രെ.
ഇവര്‍ തമ്മില്‍ അടുത്തിടപഴകുന്നതിലൂടെ ചെറൂട്ടിക്ക് മണികണ്ഠനോട് പ്രണയം തോന്നുകയും കളരിപഠനം കഴിഞ്ഞ് അയ്യപ്പന് തിരിച്ച് പന്തളത്തേക്ക് പോകുന്നതിന് മുമ്പായി തന്റെ മനസ്സിലെ ആഗ്രഹം ചെറൂട്ടി ബോധിപ്പിച്ചുവെന്നും പറയുന്നു. എന്നാല്‍ എന്റെ ഈ വരവ് നൈഷ്ഠിക ബ്രഹ്മചാരിയായാണെന്നും വിവാഹവും കുടുംബജീവിതവും അതിലില്ലെന്നും അയ്യപ്പന് മറുപടി നല്കി. മറുപടിയില്‍ ചെറൂട്ടി തൃപ്തയായതിനാല് അയ്യപ്പന് അതില്‍ സന്തോഷംതോന്നുകയും പ്രത്യുപകാരമായി മനോഗതമായി പറഞ്ഞുവത്രെ: ' എങ്കിലും, വരും വര്‍ഷങ്ങളില്‍ എന്നെങ്കിലും എന്റെ അടുത്തിരിക്കാന്‍ നിനക്ക് ഞാനൊരു അവസരം നല്‍കും'. അങ്ങനെയാണ് ശബരിമലയില്‍ അയ്യപ്പനൊപ്പം മാളികപ്പുറത്തമ്മക്കും സ്ഥാനം ലഭിച്ചതെന്ന് പറയുന്നു.

ഒരിക്കല്‍ പന്തളത്തുനിന്നും ഒരാളെ നേരിട്ട് രാജാവ് ചീരപ്പന്‍ ചിറയിലേക്കയച്ചു. പന്തളത്ത് പടപ്പുറപ്പാടാണെന്നും മറവപ്പടക്കെതിരെ യുദ്ധം ചെയ്യാന്‍ യുവരാജാവായ മണികണ്ഠനും വന്നേപറ്റൂ എന്നുമായിരുന്നു രാജാവിന്റെ സന്ദേശം. തിരിച്ചുവരാമെന്ന പ്രതീക്ഷയില്‍ അയ്യപ്പന് പന്തളത്തേക്ക് പുറപ്പെട്ടു. പിന്നീടൊരിക്കലും അയ്യപ്പന് തിരിച്ചുവന്നില്ല. എന്നാല്‍ മടങ്ങുന്ന സമയത്ത് കൈകളിലുണ്ടായിരുന്ന ഒരു കാപ്പ് (വളകളിലൊന്ന്) കളരിയുടെ പടിയില്‍ വെച്ചാണ് മണികണ്ഠന് മടങ്ങിയത്. പിറ്റേദിവസമാണ് ഈ വള ചെറൂട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതും ചെറൂട്ടി വള എടുത്ത് സൂക്ഷിച്ചു വെക്കുകയും ചെയ്തു. ഇടയ്ക്കിടെ ഈ വള ചെറൂട്ടി എടുത്തുനോക്കുമായിരുന്നുവത്രെ. ഒരിക്കല്‍ വളയെടുത്ത് നോക്കുമ്പോള്‍ പ്രത്യേകമായൊരു അനുഭൂതി ചെറൂട്ടിക്കുണ്ടാകുകയും അയ്യപ്പനെ കാണാന്‍ പന്തളത്തേക്ക് പോകണമെന്ന് പിതാവായ ഗുരുക്കളോട് ആഗ്രഹമുന്നയിക്കുകയും ചെയ്തു.
ഗുരുക്കള്‍ അനുവാദം നല്‍കിയതനുസരിച്ച് ചെറൂട്ടി പന്തളത്ത് ചെന്നെങ്കിലും പന്തളത്ത് രാജകൊട്ടാരത്തില്‍ അയ്യപ്പനുണ്ടായിരുന്നില്ല. മറവപ്പടയുമായി ഏറ്റുമുട്ടാന്‍ വാവരും അനുയായികളുമായി ശബരിമലയിലാണുള്ളതെന്നും രാജകുടുംബാംഗങ്ങള്‍ അറിയിച്ചു. ഇതനുസരിച്ച് പതിനെട്ട് മലകള്‍ക്കിടയിലുള്ള ശബരിമലയിലേക്ക് ചെറൂട്ടി യാത്രയായി. മലയുടെ അടിവാരത്തെത്തുമ്പോള്‍ തന്നെ വിവരമറിഞ്ഞ അയ്യപ്പന് വാവരേയും മറ്റ് അനുയായികളായ കറുപ്പസ്വാമി, കൊച്ചു കടുത്ത എന്നിവരെയും ചെറൂട്ടിയെ
കൂട്ടിക്കൊണ്ടുവരാനായി അയച്ചിരുന്നുവെന്നും വാവരുടെയും അനുയായികളുടെയും നേതൃത്വത്തില്‍ സുരക്ഷിതയായി ചെറൂട്ടിയെ അയ്യപ്പന്റെ അടുത്ത് എത്തിച്ചുവെന്നും പറയപ്പെടുന്നു.
ദിവ്യത്വം കൈവരിക്കും വഴി
കളരിദേവതയായി ഉപാസിക്കുന്നത് ഭദ്രയെയാണ്. ഏറ്റവും നല്ലരീതിയില്‍ കളരി അഭ്യസിക്കുന്നവര്‍ക്ക് ഭദ്രയെ പ്രീതിപ്പെടുത്തിയാല്‍ ദിവ്യത്വം ലഭിക്കുമെന്നും അങ്ങനെ മികച്ച അഭ്യാസ മുറകളിലൂടെ ഭദ്രയെ പ്രീതിപ്പെടുത്തിയതിനാല്‍ സ്വാമി അയ്യപ്പനും മാളികപ്പുറത്തമ്മയായ ചെറൂട്ടിക്കും ഈ ദിവ്യത്വം ഉണ്ടായിരുന്നുവെന്നും ഇവര്‍ തലമുറകളായി വിശ്വസിച്ചുപോരുന്നു.
അരവണയുടെ ഐതിഹ്യം
കളരിയഭ്യസിക്കാനെത്തിയ മണികണ്ഠന് പലവിധ ഭക്ഷണം ഗുരുവിന്റെ വീട്ടില്‍ നിന്ന് നല്കാറുണ്ടായിരുന്നു. ഇതില്‍ നിന്ന് അയ്യപ്പന് ഏറ്റവും പ്രിയം മധുരമാണെന്ന് തിരിച്ചറിഞ്ഞ ചെറൂട്ടി ഇടയ്ക്കിടെ മധുരം ചേര്‍ത്ത് പലഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കിക്കൊടുത്തുവത്രെ. ഇത് കൂടുതലായും അയ്യപ്പന് കഴിക്കുകയും ചെയ്തു. ഇതാണ് പിന്നീട് അരവണയായി (പ്രസാദം) മാറിയതെന്നാണ് ഇവരുടെ വിശ്വാസം. എന്നാല്‍ ഇതല്ല അയ്യപ്പനുമായി അടുപ്പംതോന്നിയ ചെറൂട്ടി ദിവസവും ഭക്ഷണവുമായി ചെന്നിരുന്നു എന്നും അവര്‍ ഋതുമതിയായിരുന്നപ്പോള്‍ ഹൈന്ദവ പാരമ്പര്യമനുസരിച്ച് അരിയും ശര്‍ക്കരയും ചേര്‍ത്തുണ്ടാക്കിയ ഋതുമതി കഞ്ഞി ഉണ്ടാക്കിയിരുന്നുവത്രെ. ആ കഞ്ഞി മണികണ്ഠനും നല്കി .കഞ്ഞി അയ്യപ്പന് ഇഷ്ടമാകുകയും ഇനി എല്ലാ ദിവസവും ഇത് നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നുവെന്നും അതില്‍ നിന്നാണ് നിവേദ്യമായി അരവണ നല്‍കുന്നതെന്ന മറ്റൊരു ഐതിഹ്യവുമുണ്ട്.
മുക്കാല്‍ വട്ട ക്ഷേത്രം
ഇപ്പോള്‍ മുക്കാല്‍ വട്ട ക്ഷേത്രം എന്ന് വിളിപ്പേരുള്ള ഇല്ലിക്കല്‍ ക്ഷേത്രത്തിനും ഒരു ചരിത്രവും ഐതിഹ്യവും ഉണ്ട്. കളരി അഭ്യാസ പരിശീലനം കഴിഞ് പന്തളത്തേക്ക് പോയ അയ്യപ്പനെ കാണാന്‍ ചീരപ്പന്‍ ചിറ ഗുരുക്കള്‍ എല്ലാവര്‍ഷവും ശബരിമലയിലേക്ക് പോയിരുന്നുവത്രേ. പ്രായം ഏറെ ആയപ്പോള്‍ ഗുരുക്കള്‍ക്ക് അടുത്തവര്‍ഷം മലകയറാന്‍ പറ്റുമോയെന്ന ആധിയായിരുന്നു ഉള്ളില്‍. ദു:ഖം മനസ്സിലാക്കി പ്രത്യക്ഷപ്പെട്ട അയ്യപ്പന്, എല്ലാവര്‍ഷവും ഇനി ഇവിടേക്ക് വരേണ്ടതില്ലെന്നും, ഞാന്‍(അയ്യപ്പന്) സദാ സമയവും അവിടെയും ഉണ്ടല്ലോ എന്നും എന്നിട്ടും തൃപ്തനല്ലെങ്കില്‍ ഒരു ക്ഷേത്രം ചീരപ്പന്‍ ചിറയില്‍ പണിതാല്‍ അവിടെയും ഞാന്‍ ഉണ്ടാവുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
ക്ഷേത്രം പണിയാനുള്ള സാധനസാമഗ്രികള്‍ താന്തുന്നെ അവിടെ എത്തിച്ചുതരുമെന്നും വാഗ്ദാനം ചെയ്തു. ഗുരുവിന് ദര്ശനമുണ്ടായതനുസരിച്ച് പിറ്റേദിവസം വേമ്പനാട് കായലില്‍ കൂടി ഒരു തടി ഒഴുകി വരികയും ആ തടി ഉപയോഗിച്ച് ക്ഷേത്രം നിര്മ്മി ക്കുകയും ചെയ്തു. ചീരപ്പന്‍ ചിറ മുന്‍ ഭാഗപത്ര പ്രമാണത്തില്‍ (മലയാള വര്‍ഷം 1111 മേടം 16നു എഴുതപ്പെട്ടത്) ഇല്ലിക്കല്‍ ക്ഷേത്രമെന്നും ഇപ്പോള്‍ വാമൊഴിയായി മുക്കാല്‍ വെട്ട ക്ഷേത്രമെന്നും ഇതറിയപ്പെടുന്നു.
മേല്‍ പ്രമാണത്തില്‍ സൂചിപ്പിച്ചിരിക്കുന്നവരുടെ കൂട്ടായ്മയാണ് ഈ ക്ഷേത്രം നടത്തി കൊണ്ട് പോകേണ്ടതെങ്കിലും കുടുംബത്തിലെ ഒരു വിഭാഗമാണ് നടത്തിപ്പുകാരായിരിക്കുന്നത്. ശബരിമലയില്‍ മകരവിളക്ക് നടക്കുന്ന ദിവസം മുക്കാല്‍ വട്ട ക്ഷേത്രം അടച്ചിടുന്നതാണ് ഇപ്പോഴത്തെ നടപ്പ് രീതി. എന്നാല്‍ മുകളില്‍ വിവരിച്ചിട്ടുള്ള മൂലസ്ഥാനമായ സ്വാമി അയ്യപ്പന് പഠന കളരിക്ക് ഈ പതിവ് ബാധകമല്ല. തത്വമസി പൊരുളും ഭൂതനാഥനുമായ അയ്യപ്പന് എവിടെയും എല്ലായിടത്തും എപ്പോഴും അനുഗ്രഹ വര്‍ഷം ചൊരിഞ്ഞു വിരാജിക്കുന്നു എന്ന പാരമ്പര്യം തുടരുന്നു. മൂലസ്ഥാനമായ ഗുരുഗ്രഹവും കളരിയും പട്ടണത്തുശ്ശേരി വീടും ഇല്ലിക്കല്‍ ക്ഷേത്രമെന്നു പ്രമാണപ്രകാരവും എന്നാല്‍ വാമൊഴിയായി പറയപ്പെടുന്ന മുക്കാല്‍ വട്ട ക്ഷേത്രവും വിവിധ തായ്വഴികളും ചേര്‍ന്നതാണ് മുഹമ്മയിലെ ചരിത്രപ്രസിദ്ധമായതും ഐതിഹ്യപെരുമയുള്ളതുമായ ചീരപ്പന്‍ ചിറ.
വെടിവഴിപാടിനും മാളികപ്പുറം നെയ് വിളക്കിനും അവകാശം
ചീരപ്പന്‍ ചിറക്കാര്‍ക്ക് ശബരിമലയില്‍ വെടിവഴിപാടിനും മാളികപ്പുറത്തു നെയ്വിളക്കിനും അനുബന്ധമായി വിവിധ അവകാശങ്ങളു മുണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് കോടതി കയറുകയും ഇവര്‍ക്കുള്ള അവകാശം ദേവസ്വം ബോര്‍ഡ് കൈക്കലാക്കുകയും ചെയ്തു. ഇതിനെതിരെ പ്രധിഷേധങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ചീരപ്പന്‍ ചിറകാര്ക്ക് ശബരിമലയിലുള്ള പഴയ അവകാശങ്ങളൊന്നും ഇനിയും തിരിച്ചുകിട്ടിയിട്ടില്ല.
ശ്രീനാരയാണ ഗുരുദേവന്റെ ഇഷ്ട ഇടം
ശ്രീനാരായണ ഗുരുവിന്റെറ ഇഷ്ട ഇടമായിരുന്നു മുഹമ്മയിലെ ചീരപ്പന്‍ ചിറ കളരിമൂലസ്ഥാനം. ഗുരു വന്നാല്‍ കളരിഗൃഹത്തിലെ പത്തായപ്പുറത്തായിരുന്നു വിശ്രമം. ഇവിടം പരിപാവനമായി ഇപ്പോഴും സൂക്ഷിച്ചു നിലനിര്‍ത്തിയിരിക്കുന്നു. അയ്യപ്പ ഭക്തരും ഹൈന്ദവരും മാത്രമല്ല സര്‍വ്വ മതസ്ഥരും സഞ്ചാരികളും മുഹമ്മയിലെ ചീരപ്പന്‍ ചിറ മൂല സ്ഥാനം തേടി എത്തുന്നു. ശ്രീ നാരായണ ഗുരുവിന്റെ ഇടവിട്ടുള്ള സന്ദര്‍ശന സദ്സംഗ മാഹത്മ്യത്താല് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ലിംഗ -പാമര - പണ്ഡിത -കുചേല -കുബേര ഭേദങ്ങളശേഷമില്ലാതെ ഏവരും സോദരത്വേന കൂപ്പുകൈ അര്‍പ്പിക്കുന്ന അനുഗ്രഹീത സ്ഥാനമാണിന്ന് മുഹമ്മ ചീരപ്പന്‍ ചിറ സ്വാമി അയ്യപ്പന് പഠന കളരി മൂല സ്ഥാനം.

ചീരപ്പന്‍ ചിറയെക്കുറിച്ച് www.muhammasabarimala.org എന്ന വെബ് സൈറ്റിലും https://www.facebook.com/Sambhumemorialtrust/ എന്ന ഫേസ്ബുക്ക് പേജ് വഴിയോ അറിയാവുന്നതാണ്.
ചീരപ്പന്‍ ചിറയിലേക്കെത്താന്:
വിമാനത്തില്‍ വരുന്നവര്‍ക്ക് കൊച്ചി - കോഴിക്കോട് - തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ഇറങ്ങാം. ട്രെയിനില്‍ ബോംബെയില്‍ നിന്നും മദ്രാസില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും വരുന്നവര്‍ക്ക് കൊച്ചിയിലോ കോട്ടയത്തോ ഇറങ്ങി റോഡ് മാര്‍ഗം വരാവുന്നതാണ്. റോഡ് മാര്‍ഗം വരുന്നവര്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്ന് 85 കിലോമീറ്ററും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 175 കിലോമീറ്ററും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 230 കിലോമീറ്ററും താണ്ടണം മുഹമ്മ ചീരപ്പന്‍ ചിറ മൂലസ്ഥാനത്തെത്താന്. ആലപ്പുഴ നിന്നോ ചേര്‍ത്തലയില്‍ നിന്നോ മുഹമ്മക്കുള്ള ബസ്സ് കിട്ടും. മുഹമ്മ ബസ് സ്റ്റേഷനു സമീപാണ് ചീരപ്പന്‍ ചിറ മൂലസ്ഥാനമായ ഗുരു ഗൃഹവും കളരിയും.
(അവലംബം: www.muhammasabarimala.org / ഫേസ്ബുക്ക് : https://www.facebook.com/Sambhumemorialtrust/)
(2018 ഡിസംബറില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Cheerappan Chira Moolasthanam,Cheerappan Chira Kalari, Swami Ayyappan, Malikappurathamma