ശബരിമല: പുണ്യം പൂങ്കാവനം പദ്ധതിയുടെ മണ്ഡല കാലത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശബരിമല സന്നിധാനം, നിലയ്ക്കൽ, പമ്പ, എരുമേലി എന്നിവിടങ്ങൾ ശുചിയായി സൂക്ഷിക്കുക, പരിസ്ഥിതിക്ക് കോട്ടംവരാതെ സുരക്ഷിതവും സുഗമവുമായി തീർഥാടനം നടത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സന്നിധാനത്ത് ശബരിമല സ്പെഷ്യൽ കമ്മിഷണറും കൊല്ലം ജില്ലാ ജഡ്‌ജിയുമായ എം.മനോജ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ആറാം വർഷമാണ് പുണ്യം പൂങ്കാവനം പദ്ധതി പ്രകാരം ശബരിമലയിൽ ശുചീകരണ പ്രവർത്തനം നടത്തുന്നത്. എൻ.ഡി.ആർ.എഫ്., ആർ.എ.എഫ്., പോലീസ്, അഗ്നിരക്ഷാസേന, എസ്.ബി.ഐ., സന്നദ്ധ പ്രവർത്തകർ, ദേവസ്വം ജീവനക്കാർ, തീർഥാടകർ എന്നിവരടങ്ങുന്ന സംഘമാണ് ശുചീകരണത്തിന് രംഗത്തുള്ളത്. തീർഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കൾ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുന്നതിനാണ് പദ്ധതി മുഖ്യമായും ലക്ഷ്യമിടുന്നത്. എൻ.ഡി.ആർ.എഫ്. ഡെപ്യൂട്ടി കമൻഡാന്റ് ജി.വിജയൻ, ആർ.എ.എഫ്. ഡെപ്യൂട്ടി കമൻഡാന്റുമാരായ ജി.ദിനേശ്, എസ്.ശിങ്കാരവേൽ ഐ.എം.വിജയൻ, പദ്ധതി കോ-ഓർഡിനേറ്റർ മോഹൻകുമാർ തുടങ്ങിയവർ പങ്കെടുത്തു.