കോട്ടയം: ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരെ തുടർന്നുള്ള നിയമയുദ്ധത്തിൽ പങ്കാളികളാകാൻ സംസ്ഥാന ബി.ജെ.പി. നേതൃത്വം. വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹർജികൾ 22-ന് സുപ്രീംകോടതി പരിഗണിക്കും. 50-ഒാളം പുനഃപരിശോധനാ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ബി.ജെ.പി.യുമായി ബന്ധമുള്ള വ്യക്തികളും സംഘടനകളും ഹർജി നൽകിയവരിൽ ഉൾപ്പെടുന്നുണ്ട്. ഇവർക്കുവേണ്ടി മുൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ഡൽഹിയിൽ മുകുൾ റോത്തഗിയെ സന്ദർശിച്ച് ചർച്ച നടത്തിയതായി അറിയുന്നു. ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന്റെ പിന്തുണയോടെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം. ശബരിമലവിഷയത്തിൽ പ്രക്ഷോഭങ്ങൾക്കുപുറമേ നിയമ മാർഗങ്ങളും തേടാനാണ് ബി.ജെ.പി. ഉദ്ദേശിക്കുന്നത്.

Content Highlights: Sabarimala Women Entry Controversy, Mukul Rohtagi, BJP, Supreme Court