പമ്പ: ശബരിമല ദർശനത്തിന് കാനനപാത വഴിയെത്തുന്ന തീർഥാടകർക്കുള്ള നിയന്ത്രണം ശക്തമാക്കി വനം വകുപ്പ്. ബുധനാഴ്ച വെളുപ്പിന്‌ തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകൻ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ശക്തമാക്കിയത്.

ഇതിന്റെ ഭാഗമായി രാത്രിസഞ്ചാരം പൂർണമായും നിരോധിച്ചു. രാവിലെ ആറു മുതൽ വൈകീട്ട് ആറുമണി വരെ മാത്രമേ ഇതുവഴി കടത്തിവിടുകയുള്ളൂ. രാത്രികാലങ്ങളിൽ പാതയിലുള്ള വനംവകുപ്പിന്റെ താവളങ്ങളിൽ വിശ്രമിച്ചതിനുശേഷം പകൽ യാത്ര തുടരണം. എരുമേലി മുതൽ പമ്പ വരെയുള്ള കാനനപാതയിൽ എട്ട് താവളങ്ങളാണ് വനം വകുപ്പ് ഒരുക്കിയിട്ടുള്ളത്. നാലു കിലോമീറ്റർ ഇടവിട്ടുള്ള ഈ താവളങ്ങളിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ മുക്കുഴിയിൽ അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വെറ്ററിനറി സർജന്റെ സേവനവും ഏർപ്പെടുത്തി.

കാനനപാതയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* ഒറ്റതിരിഞ്ഞ്‌ നടക്കാതെ കൂട്ടമായി സഞ്ചരിക്കാൻ ശ്രദ്ധിക്കണം.

* ഉച്ചത്തിൽ ശരണം വിളിക്കുന്നതും സംസാരിക്കുന്നതും വന്യമൃഗങ്ങളെ അകറ്റിനിർത്തും.

* പകൽസമയത്തും യാത്രക്കായി വെളിച്ചമുള്ള ടോർച്ചുകൾ ഉപയോഗിക്കുക. കാനനപാതയിലുള്ള വനംവകുപ്പിന്റെ താവളങ്ങളിൽ ഇത്തരം ടോർച്ചുകൾ ലഭ്യമാണ്.

*ആനയുടെ ഗന്ധമോ കാട്ടിൽ മറ്റ് ഒച്ചയോ അനക്കമോ കേട്ടാൽ ഉടൻതന്നെ തൊട്ടടുത്തുള്ള വനംവകുപ്പിന്റെ താവളങ്ങളിൽ അഭയം തേടുക.

Content Highlights: Sabarimala Pilgrimage Devotee travel through Forrest will be regulated