പമ്പ: ഈ മണ്ഡലക്കാലം ഇങ്ങനെ പോയാല്‍ നിത്യചെലവിന് മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ട ഗതികേടിലാണ് ശബരിമലയിലെ ഡോളി തൊഴിലാളികള്‍. ദര്‍ശനത്തിനെത്തുന്ന ശാരീരിക അവശത നേരിടുന്ന ഭക്തരെ കാനനപാതയിലൂടെ തോളിലേറ്റി സന്നിധാനത്തെത്തിക്കുന്നതിന് ലഭിക്കുന്ന കൂലികൊണ്ടാണ് ഇവര്‍ ഉപജീവനം നടത്തിയിരുന്നത്. ഒരുപാട് പ്രതീക്ഷകളോടെ ഈ മണ്ഡലക്കാലത്തെ വരവേറ്റ ഡോളിതൊഴിലാളികള്‍ക്ക് പക്ഷെ ഈ മണ്ഡലകാലം നല്കിയത് ദുരിതം മാത്രമാണ്.

തീര്‍ത്ഥാടകര്‍ കുറഞ്ഞതോടെ ഡോളിയ്ക്കും ആവശ്യക്കാരില്ലാതെയായി. ഇതോടെ ഈ മേഖലയില്‍ പണിയെടുക്കുന്നവരുടെ  വരുമാനം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലിലൊന്നായി ചുരുങ്ങി. 400- ലധികം ഡോളികളാണ് മണ്ഡലക്കാലത്ത് പമ്പയില്‍ സജ്ജമായിട്ടുള്ളത്. ഏകദേശം 16000- ജീവനക്കാരാണ് ഡോളി ചുമന്ന് ഉപജീവനം നടത്തുന്നത്. ഡോളിയ്ക്ക് ഇരുവശത്തേക്കും 4400- രൂപയും  ഒരു വശത്തേക്ക് 2000- രൂപയുമാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചിട്ടുള്ള തുക. ഡോളി ചുമ്മുന്ന  ഒരാള്‍ക്ക് ശരാശരി 500- മുതല്‍ 2000- രൂപ ദിവസേന ലഭിച്ചിരുന്നതാണ്. 

എന്നാല്‍ ഇത്തവണ വരുമാനം നാലിലൊന്നായ ചുരുങ്ങി. ഈ മണ്ഡലക്കാലത്ത് ഇതുവരെ 260- ഡോളിയ്ക്ക് മാത്രമാണ് ആവശ്യക്കാരുണ്ടായിരുന്നത്. കഴിഞ്ഞ മണ്ഡലക്കാലത്ത് ദിവസം 100- മുതല്‍ 120 ഡോളിയ്ക്ക് വരെ ആവശ്യക്കാരുണ്ടായിരുന്ന സ്ഥാനത്താണിത്. ശബരിമലയോട് ചേര്‍ന്നു കിടക്കുന്ന അട്ടത്തോട്, ളാഹ പ്രദേശങ്ങളിലെ ആദിവാസികളുടെയും മറ്റ് സാധാരണ ജന വിഭാഗങ്ങളുടെയും പ്രധാന വരുമാന മാര്‍ഗമാണിത്. ആവശ്യക്കാരുടെ എണ്ണം കുറഞ്ഞതോടെ ഇനി എന്തെന്ന് ചോദ്യമാണ് ഇവര്‍ക്കു മുന്നില്‍ അവശേഷിക്കുന്നത് .