ശബരിമല: സന്നിധാനത്ത് തിങ്കളാഴ്ച വൻ തീർഥാടകത്തിരക്ക് അനുഭവപ്പെട്ടു. ഈ മണ്ഡലകാലത്തെ ഏറ്റവും വലിയ തിരക്കാണ് തിങ്കളാഴ്ച അനുഭവപ്പെട്ടത്. തിങ്കളാഴ്ച രാത്രി എട്ടുമണിവരെ അറുപതിനായിരത്തോളം തീർഥാടകർ മലകയറി.

ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് കുറവായിരുന്നെങ്കിലും തിങ്കളാഴ്ച പുലർച്ചെ മുതൽ തിരക്കേറി. തമിഴ്‌നാട്ടിൽനിന്നുള്ള തീർഥാടകരാണ് കൂടുതലായും എത്തുന്നത്. മലയാളികൾ കുറവാണ്.

നിയന്ത്രണങ്ങളിൽ ഇളവില്ല

തിരക്കേറിയിട്ടും നിയന്ത്രണങ്ങളിൽ പോലീസ് ഇളവൊന്നും വരുത്തിയിട്ടില്ല. വാവരുനടയുടെ സമീപം ഇരിക്കാൻ അനുവദിക്കുന്നില്ലെന്നാണ് പ്രധാന പരാതി. വലിയ നടപ്പന്തലിലുൾപ്പെടെ കൂട്ടംകൂടിയിരുന്ന് നാമം ജപിക്കുന്നതിനോ രാത്രിയിൽ ഉറങ്ങുന്നതിനോ മാത്രമേ വിലക്കുള്ളൂവെന്ന് പോലീസ് ആവർത്തിക്കുമ്പോഴാണിത്.

മാഗുണ്ഡ നിലയത്തിലേക്ക് പോകുന്ന വഴിയിൽ ലേലം പോകാത്ത കടകൾക്കു മുന്നിൽ വിശ്രമിച്ചവരെയും പോലീസ് നീക്കംചെയ്യുന്നുണ്ട്. ഞായറാഴ്ച രാത്രിയിൽ സന്നിധാനത്തെ മീഡിയ സെന്ററിനു സമീപം പ്രതിഷേധ നാമജപം നടന്നിരുന്നു. പോലീസ് ഇവർക്കു ചുറ്റും വലയം തീർത്തെങ്കിലും പ്രതിഷേധക്കാർ വാവരുനടയുടെ മുന്നിലേക്കോ വലിയനടപ്പന്തലിലേക്കോ നീങ്ങാഞ്ഞതിനാൽ അറസ്റ്റ് ഉണ്ടായില്ല.

നെയ്യഭിഷേകത്തിന് പുതിയ പാതയൊരുക്കാൻ മാളികപ്പുറത്തുനിന്ന് വിരിവെപ്പ് കേന്ദ്രത്തിലേക്ക് പുതിയ ഫ്ളൈഓവർ നിർമിക്കുന്നുണ്ട്. ഇതിന്റെ പണി കഴിഞ്ഞദിവസം തുടങ്ങി.