പമ്പ: മുളംതണ്ടുകൾ കൊത്തിമിനുക്കിയുണ്ടാക്കിയ ഗോപുരങ്ങൾ പമ്പയുടെ തീരത്തു നിറഞ്ഞു. പമ്പയുടെ ഓളങ്ങൾ ഇനി പ്രകാശപൂരിതമാകും. മകരവിളക്കുപൂജയ്ക്കായി ശബരിമലയിലെത്തുന്ന തീർഥാടകരാണ് പമ്പവിളക്കു തെളിക്കാറുള്ളത്. മകരവിളക്കുപൂജയ്ക്കായി ശബരിമലനട തുറന്നാൽ പമ്പ കടന്നെത്തുന്ന തീർഥാടകർ ദിവസവും പമ്പയാറ്റിൽ ദീപം തെളിക്കുമെങ്കിലും മകരജ്യോതിദർശനത്തിനു തലേദിവസം നടക്കുന്ന ചടങ്ങിലാണ് ഏറെപ്പേർ പങ്കെടുക്കുക. 14-നാണ് മകരവിളക്ക്. 13-നു വൈകീട്ടാണ് പമ്പവിളക്കും സദ്യയും.

മുളയിൽ നിർമിക്കുന്ന ഗോപുരങ്ങളിൽ മൺചെരാതുകൾ കത്തിച്ചശേഷം ശരണമന്ത്രങ്ങളോടെയാണ് പുഴയിലൊഴുക്കുന്നത്. ശബരിമല ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമിക്കുന്ന ഇത്തരം ഗോപുരങ്ങളിൽ പതിനെട്ടു പടിയുമുണ്ടാവും.

മകരജ്യോതിദർശനത്തിനു തലേദിവസം പ്രസിദ്ധമായ പമ്പസദ്യയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. പലനാട്ടിൽനിന്നെത്തുന്ന തീർഥാടകർ മണൽപ്പുറത്ത് ഒന്നിച്ചിരുന്നാണ് സദ്യകഴിക്കുന്നത്. നിലവിളക്കു കൊളുത്തി ആദ്യ ഇലയിൽ അയ്യപ്പനു ഭക്ഷണം വിളമ്പി നിവേദിച്ചശേഷമാണ് തീർഥാടകർ സദ്യ കഴിക്കുന്നത്. പമ്പസദ്യയിൽ അയ്യപ്പനും പങ്കെടുക്കുന്നുണ്ടെന്നാണ് ഭക്തരുടെ വിശ്വാസം.

ഇതിനുശേഷം വൈകീട്ടോടെ ഭജന കഴിഞ്ഞ്‌ ഭക്തർ കൂട്ടമായെത്തി പമ്പയുടെ തീരങ്ങളിൽ വിളക്കുതെളിക്കുന്നതോടെ പുണ്യനദിയായ പമ്പയും ശബരീശപൂങ്കാവനവും ദീപപ്രഭയാൽ ശോഭനമാകും.

Content Highlights: Pampavilakku will held on January 13