പമ്പ: മഹാപ്രളയത്തെ അതിജീവിച്ച പമ്പ മകരവിളക്കിനെ വരവേൽക്കാൻ സജ്ജമായി. മകരവിളക്കിന് മൂന്ന് ദിവസം ബാക്കിനില്‍ക്കെ വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ ആവശ്യമായ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നു. മകരജ്യോതി ദർശനത്തിന് ഇത്തവണ പമ്പയിൽ സൗകര്യമില്ലാത്തത് തീർഥാടകരെ നിരാശരാക്കുന്നു. ജ്യോതിദർശനത്തിന് പമ്പ ഹിൽടോപ്പിലേക്ക് പ്രവേശനമില്ലാത്തതാണ് ഇതിനു കാരണം.

പോലീസ്

മകരവിളക്കിന് സുരക്ഷയൊരുക്കുന്നതിന് 2000 പോലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. പമ്പയിൽ 900 പേരെയും നിലയ്ക്കലിൽ 700 പേരെയും സുരക്ഷക്കായി നിയോഗിച്ചു. മകരവിളക്ക് ദർശനത്തിന് തീർത്ഥാടകർ തടിച്ചുകൂടുന്ന അയ്യൻമല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട് കോളനി, അട്ടത്തോട് പടിഞ്ഞാറ്, അട്ടത്തോട് പടിഞ്ഞാറേക്കര, ഇലവുങ്കൽ എന്നിവിടങ്ങളിൽ സുരക്ഷയ്ക്ക് കൂടുതൽ പോലീസുകാരെ നിയോഗിക്കും. ഇതിനുപുറമെ ഇവിടങ്ങളിൽ സി.സി.ടി.വി. ക്യാമറകളും സ്ഥാപിക്കും.

റവന്യൂ

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ അപകടങ്ങൾ തടയുന്നതിന് ഡ്യൂട്ടി മജിസ്‌ട്രേറ്റുമാരുടെ നേതൃത്വത്തിൽ ടീമുകൾ രൂപവത്‌കരിച്ച്‌ ദിവസവും പരിശോധനകൾ നടത്തി മുൻകരുതലുകൾ ശക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് ഇവിടങ്ങളിൽ മൂന്ന് ഡെപ്യൂട്ടി കളക്ടർമാരെയാണ് നിയോഗിച്ചിരിക്കുന്നത്. വാർത്താവിനിമയം ശക്തമല്ലാത്ത ഇടങ്ങളിൽ ഹാം റേഡിയോ സംവിധാനം ഏർപ്പെടുത്തി വിവരവിനിമയം ശക്തമാക്കും.

വനം

സന്നിധാനത്ത് വനംവകുപ്പിന് കീഴിലുള്ള 50 സെന്റ് ഭൂമി തീർഥാടകർക്ക് തുറന്നുകൊടുക്കും. ഉപ്പുപ്പാറയിൽ അടിയന്തരസേവനങ്ങൾ ലഭ്യമാക്കുന്നതിന് സേവനകേന്ദ്രം തുറക്കും. ഒരു ഡി.എഫ്.ഒ., രണ്ട് റേഞ്ച് ഓഫീസർമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിനെയാണ് ഇതിനായി ഇവിടെ നിയോഗിച്ചിട്ടുള്ളത്. ചരൽമേടിൽ വനംവകുപ്പിന്റെ ആംബുലൻസ് സേവനം ലഭ്യമാക്കും. കാനനപാത, പമ്പ എന്നിവിടങ്ങളിൽ ദ്രുതകർമ്മസേന, ആന സ്‌ക്വാഡ് എന്നിവിടങ്ങളിൽനിന്നുള്ള കൂടുതൽ ജീവനക്കാരെ നിയോഗിക്കും.

ആരോഗ്യം

പമ്പയിൽ അടിയന്തരസേവനങ്ങൾ ലഭ്യമാക്കുന്നതിന് രണ്ട് ഡോക്ടർമാരെ കൂടി അധികമായി നിയോഗിക്കും. ഇതിനുപുറമെ അടിയന്തരഘട്ടങ്ങൾ നേരിടുന്നതിന് പമ്പയിൽ 10 ആംബുലൻസുകൾ അധികമായി സജ്ജമാക്കും. വിവിധ കേന്ദ്രങ്ങളിൽ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കും. ഇവിടങ്ങളിൽ അയ്യപ്പസേവാസംഘത്തിന്റെ സഹായത്തോടെ സ്‌ട്രെച്ചർ സൗകര്യവും ലഭ്യമാക്കും.

കെ.എസ്.ആർ.ടി.സി.

മകരവിളക്കിന് സംസ്ഥാനത്തെ എല്ലാ ഡിപ്പോകളിൽനിന്നും 10 ബസുകൾ വീതം അധികമായി പമ്പ സർവീസിനായി എത്തിക്കും. ചെങ്ങന്നൂർ, പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലേക്ക് ഓരോ മിനിറ്റിലും ഒരു ബസ് വീതം സർവീസ് നടത്തും. കോയമ്പത്തൂർ, തെങ്കാശി, തേനി എന്നിവിടങ്ങളിലേക്ക് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തും. വടശേരിക്കര, പെരുനാട് എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന അയ്യപ്പന്മാർക്ക് പമ്പയിലെത്താൻ ആവശ്യമായ ക്രമീകരണങ്ങളും ഏർപ്പെടുത്തും.

അഗ്നിരക്ഷാസേന

പമ്പയിലും സന്നിധാനത്തും തീപിടുത്തം, വാതകചോർച്ച എന്നിവ തടയുന്നതിന് 50-ഓളം ഫയർ ഹൈഡ്രന്റുകൾ സ്ഥാപിച്ചു. പമ്പയാറ്റിൽ സ്‌നാനത്തിന് ഇറങ്ങുന്നർക്ക് സുരക്ഷയൊരുക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

Content Highlights: Pampa Ready to Welcome Devotee For Makaravilakku