പമ്പ: ശബരിമല തീർഥാനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പുറത്തിറക്കുന്ന ശരണകീർത്തനം സപ്ലിമെന്റ് പ്രകാശനം ചെയ്തു. പമ്പാ ഗണപതി കോവിലിനു മുൻപിൽനടന്ന ചടങ്ങിൽ മേൽശാന്തിമാരായ എസ്.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, വി.കെ.ഗോവിന്ദൻ നമ്പൂതിരി എന്നിവർ ചേർന്നാണിത് പ്രകാശനം ചെയ്തത്.

ശബരിമല തീർഥാടനത്തിന്റെ മഹത്വം വെളിവാക്കുന്ന ലേഖനങ്ങൾ, കവിത, അനുഭവക്കുറിപ്പുകൾ എന്നിവ ഉൾക്കൊള്ളിച്ചതാണ് ശരണകീർത്തനം. തന്ത്രി കണ്ഠര് രാജീവര്, മിസോറം ഗവർണർ കുമ്മനം രാജശേഖരൻ, കെ.എൽ.മോഹനവർമ, ഡോ.ഗീതാ സുരാജ് തുടങ്ങിയവരുടെ ലേഖനങ്ങളാണ് ഇതിന്റെ പ്രത്യേകത.

ശബരിമലയ്ക്കു പോകുന്ന അയ്യപ്പൻമാർ ദർശനം നടത്തുന്ന ക്ഷേത്രങ്ങളെക്കുറിച്ചുള്ള പ്രത്യേക കുറിപ്പുകൾ തീർഥാടകസഹായിയാണ്. പ്രളയം തകർത്ത പമ്പയുടെ മടങ്ങിവരവ് വിവരിക്കുന്ന പ്രത്യേക റിപ്പോർട്ടുമുണ്ട്. പന്തളം കൊട്ടാരം, എരുമേലി ക്ഷേത്രം എന്നിവിടങ്ങളിലെ പ്രത്യേകതകളും വായിക്കാം. ശബരിമല ക്ഷേത്രച്ചടങ്ങുകൾ, മണ്ഡലകാല വ്രതനിഷ്ഠയുടെ വഴികൾ എന്നിവ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്.

ചടങ്ങിൽ മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ ടി.കെ.രാജഗോപാൽ, യൂണിറ്റ് മാനേജർ ടി.സുരേഷ് എന്നിവർ പങ്കെടുത്തു.