പമ്പ: മകരവിളക്കിന് രണ്ടുനാൾ ശേഷിക്കേ ആഘോഷങ്ങളില്ലാതെ പമ്പ. മകരവിളക്കിന് ദിവസങ്ങൾക്കുമുമ്പേ തുടങ്ങുന്ന പമ്പസദ്യയും വിളക്കും ഇത്തവണ പേരിനുമാത്രമാണ് നടക്കുന്നത്.

പാചകവാതകം, വിറക് എന്നിവ കൊണ്ടുവരാൻ നിയന്ത്രണം ഏർപ്പെടുത്തിയതും പമ്പയിലേക്ക് സ്വകാര്യവാഹനങ്ങൾ കടത്തിവിടാത്തതിനാൽ പലവ്യഞ്ജനങ്ങൾ എത്തിക്കാൻ കഴിയാത്തതുമാണ് തീർഥാടകർ സദ്യനടത്താതെ പോകുന്നതിന് പ്രധാന കാരണം. പോലീസ് നിയന്ത്രണങ്ങൾ ശക്തമാക്കിയതും തിരിച്ചടിയായി.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നുള്ള തീർഥാടകരാണ് കൂടുതലായും പമ്പസദ്യയും വിളക്കും നടത്താറുള്ളത്. പമ്പാ മണൽപ്പുറത്ത് ഇലയിട്ട് അതിൽ ആദ്യത്തെ ഇല അയ്യപ്പന് നിവേദിച്ചശേഷം തീർഥാടകർ ഒന്നിച്ചിരുന്ന് സദ്യയുണ്ട്, പമ്പയിൽ വിളക്കുതെളിയിച്ച് മലകയറുന്നതെല്ലാം മകരവിളക്കിന് മുന്നോടിയായുള്ള കാഴ്ചകളായിരുന്നു.

കഴിഞ്ഞവർഷംവരെ ദിവസേന അഞ്ച് സദ്യവരെ നടന്നിരുന്നെങ്കിൽ ഇത്തവണ മകരവിളക്കിന് നടതുറന്നശേഷം ആകെ നടന്നത് നാല് സദ്യകൾ മാത്രം. മകരവിളക്കിന്റെ തലേന്ന് നടക്കുന്ന സദ്യയിലാണ് കൂടുതൽ തീർഥാടകർ പങ്കെടുക്കാറുള്ളത്. നിയന്ത്രണങ്ങൾമൂലം ഇതിലും പങ്കാളിത്തം കുറയാനാണ് സാധ്യത.

തീർഥാടകരുടെ എണ്ണത്തിൽ കുറവ്

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണത്തിലും കുറവ്. നാലുദിവസങ്ങളായി അരലക്ഷത്തിനടുത്ത് തീർഥാടകർ മാത്രമാണ് എത്തിയത്. വെള്ളിയാഴ്ച ആറുമണിവരെ 47,952 തീർഥാടകർ മലകയറി. വ്യാഴാഴ്ച രാത്രി 12 മണിവരെ 66,220 പേർ മാത്രമാണ് മലകയറാനെത്തിയത്. സാധാരണ ആന്ധ്രയിൽനിന്നുള്ള തീർഥാടകരാണ് മകരവിളക്കിന് കൂടുതലായി എത്തിയിരുന്നത്. എന്നാൽ, ഇത്തവണ എണ്ണം കുറവാണ്.

Content Highlights:Makaravilakku Panmpa River