നിലയ്ക്കൽ: മകരജ്യോതി ദർശനത്തിന് പന്പ ഹിൽടോപ്പിൽ ഭക്തർ കയറുന്നത് ഹൈക്കോടതി നിരീക്ഷണ സമിതി വിലക്കി. അപകടസാധ്യത വിലയിരുത്തിയാണിത്.

ഭക്തർ കയറുന്നത് തടയണമെന്നും വിലക്ക് രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കണമെന്നും ശബരിമല എക്സിക്യുട്ടീവ് ഓഫീസർ ആർ. അജിത്കുമാറിന് സമിതി നിർദേശം നൽകി.

സമിതിയംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി. എ. ഹേമചന്ദ്രൻ എന്നിവരാണ് മകരവിളക്ക് മുന്നൊരുക്കങ്ങൾ വിലയിരുത്താനെത്തിയത്. വിവിധ വകുപ്പുമേധാവികളുമായും ഡി.ഐ.ജി. ബി. സജ്ജയ്‍കുമാർ ഗുരുദിൻ, നിലയ്ക്കൽ സ്‌പെഷ്യൽ ഓഫീസർ പി.കെ. മധു എന്നിവരുമായും സമിതിയംഗങ്ങൾ കൂടിക്കാഴ്ച നടത്തി.

മണ്ഡലകാലത്ത് അനുഭവപ്പെട്ടതുപോലെ റോഡിൽ തടസ്സമുണ്ടാകരുത്, പാർക്കിങ് സംവിധാനങ്ങളുടെ കംപ്യൂട്ടർവത്കരണം, പാർക്കിങ് ഗ്രൗണ്ടുകളിലെ ഗതാഗതം ക്രമീകരണം, നിലയ്ക്കലിൽ ജോലിചെയ്ത എല്ലാവരെയും വിളിച്ച് അടുത്തവർഷത്തേക്കുള്ള പ്രത്യേക പദ്ധതി തയ്യാറാക്കൽ തുടങ്ങിയ നിർദേശങ്ങളും സമിതി നൽകി.

Content Highlights: Makaravilakku High Court Committee Ban Devotee enter Hilltop