SABARIMALAശബരിമല: മകരജ്യോതി ദർശിക്കാൻ ശബരിമല സന്നിധാനത്ത് മൂന്നുലക്ഷത്തിനടുത്ത് ഭക്തരുണ്ടാവുമെന്ന് ദേവസ്വം ബോർഡ്. 

മുൻവർഷങ്ങളിൽ മകരവിളക്ക് ദിവസമുണ്ടായിരുന്ന തിരക്ക് ഇത്തവണയുണ്ടാവാൻ സാധ്യത കുറവാണ്. എങ്കിലും തീർഥാടകരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാവില്ലെന്ന് അധികൃതർ പറയുന്നു. സന്നിധാനത്തിന് ചുറ്റുമുള്ള ഒന്പത് കേന്ദ്രങ്ങളിൽ മകരജ്യോതി കാണാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇവിടെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

എന്നാൽ, ജ്യോതി കണ്ട് തിരിച്ചിറങ്ങുന്ന ഭക്തർ ഉപയോഗിക്കുന്ന ബെയ്‌ലി പാലം ദുർബലമാണ്. പാലത്തിന്റെ ചില ഭാഗങ്ങൾ തുരുമ്പെടുത്തിരിക്കുന്നു. ശബരിമലയിൽ ദർശനം നടത്തി മടങ്ങുന്നവർക്കുവേണ്ടിയാണ് 2012-ൽ സൈന്യം ഈ പാലം നിർമിച്ചത്. ഭസ്മക്കുളത്തിനടുത്തുള്ള പാലം ഇപ്പോൾ കാര്യമായി ഉപയോഗിക്കുന്നില്ല. മാളികപ്പുറം ഭാഗത്ത് തമ്പടിക്കുന്നവരെയാണ് ഇതുവഴി ഇറക്കുക.

വലിയൊരു ജനക്കൂട്ടം ബെയ്‌ലി പാലംവഴി ഇടതടവില്ലാതെ സഞ്ചരിച്ചാൽ അപകടമുണ്ടാവുമോ എന്ന ആശങ്കയുണ്ട്. ഇരുമ്പുപാലത്തിന് പകരം പുതിയ പാലം നിർമിക്കാൻ ഉന്നതാധികാരസമിതി അനുമതി നൽകിയിട്ടുള്ളതിനാൽ ബെയ്‌ലി പാലത്തിന് അറ്റകുറ്റപ്പണി നടത്താറില്ല.

Content Highlights: Makaravilakku Devaswam Board say may be 3 lack devotees will came