പെരിയാർ കടുവാ സങ്കേതത്തിലെ കൊടും കാടിന് നടുവിൽ ഒരു ജലസംഭരണി. കുന്നാർ. ശബരിമലയുടെ ദാഹമകറ്റുന്നത് ഈ സംഭരണിയിലെ വെള്ളമാണ്. ഓരോ മണ്ഡലകാലത്തിന് മുമ്പും വനം വകുപ്പ്, കൊടുംകാട്ടിലൂടെ കുന്നാർ മലമുകളിലേക്കുള്ള ഒറ്റയടിപ്പാത തെളിക്കും. ശബരിമലയുടെ വടക്ക് കിഴക്ക് ഭാഗത്തേക്ക് എട്ടുകിലോ മീറ്റർ നീളുന്നു, ഈ പാത. കാട്ടുമൃഗങ്ങളും പാമ്പുകളും കുളയട്ടയും നിറഞ്ഞ ഈ പാതയിലൂടെയാണ് 10 പോലീസുകാർ ഡാമിന് കാവൽ നിൽക്കാൻ മലമുകളിലെത്തുന്നത്. സന്നിധാനത്തു നിന്ന് കല്യാണി വളവ്, ഊഞ്ഞാൽ മുക്ക്, കരടിമുക്ക് വഴി നടന്ന് വശം കെടും അവിടെയെത്തുമ്പോൾ. രണ്ട് ഡാമുകൾ ഉണ്ടിവിടെ. കുന്നാർ ഡാമും. പിന്നെയൊരു ചെക്ക്ഡാമും.

ഡാം എന്ന് കേട്ടിട്ട്, പടുകൂറ്റൻ കൽക്കെട്ടും കോൺക്രീറ്റും വിശാലമായ ജലസംഭരണിയും അണക്കെട്ടിന് മുകളിലൂടെയുള്ള റോഡുമൊന്നും സങ്കൽപ്പിക്കരുത്. മലമുകളിൽ നിന്ന് ഒലിച്ചിറങ്ങുന്ന നാലു കുഞ്ഞരുവികൾ. അവ ഒഴുകി ഒരു വലിയ കുഴിയിലെത്തുന്നു. ഇവിടെ ഒഴുക്കിന് കുറുകെ കെട്ടിയ 13 അടി ഉയരമുള്ള കെട്ടാണ് കുന്നാർ ഡാം. 1956-ലാണ് കുന്നാർ ഡാം കമ്മീഷൻ ചെയ്യുന്നത്. പതിറ്റാണ്ടുകളോളം ആരുടെയും കാവലില്ലാതെ കുന്നാർ ശബരിമലയിലേക്ക് വെള്ളം ചൊരിഞ്ഞു കൊണ്ടിരുന്നു. തൊണ്ണൂറുകളുടെ ഒടുക്കമാണ് സുരക്ഷാ ഭീഷണി കണക്കിലെടുത്ത് കുടിനീരിന് പോലീസ് കാവലേർപ്പെടുത്തിയത്. ലക്ഷക്കണക്കിന് തീർഥാടകർ കുടിക്കുന്ന വെള്ളത്തിൽ, വിഷം കലർത്തിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

കാവലിന് പത്തു പോലീസുകാർ

കുന്നാർ ഡാമിനും ചെക്ക്ഡാമിനും അഞ്ച് പോലീസുകാർ വീതം കാവലുണ്ട്. മണ്ഡലകാലത്ത് മാത്രം മനുഷ്യന്റെ മണം പരക്കുന്ന കൊടുംകാട്ടിൽ പത്തു കണ്ണുകൾ രാവും പകലും കുടിവെള്ളത്തിന് കാവലിരിക്കുന്നു. തകരഷീറ്റുകൾ കൊണ്ട് താത്‌കാലികമായി തയ്യാറാക്കിയ ഷെഡ്ഡുകളിലാണിവരുടെ താമസം. ഇടയ്ക്കിടെ വെള്ളം തേടിയെത്തുന്ന കാട്ടുമൃഗങ്ങൾ... ​െ​െസ്വരമായി ഇഴഞ്ഞു നീങ്ങുന്ന രാജവെമ്പാലയടക്കമുള്ള പലതരം പാമ്പുകൾ.... നിർത്താതെ ശബ്ദിക്കുന്ന ചീവീടുകൾ... പകൽ പോലും പേടി തോന്നും.

അഞ്ചുപേർക്ക് കിടക്കാനുള്ള ഷെഡ്ഡ്‌ രണ്ടിടത്തുമുണ്ട്. ചേർന്ന് ഭക്ഷണം പാകം ചെയ്യാനായി തകരഷീറ്റ് മറച്ച അടുക്കളയുമുണ്ട്. ഓരോ പാചകക്കാരനും ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഇലക്‌ട്രീഷ്യനും രണ്ടിടത്തും തങ്ങുന്നു. ആന, പുലി, കടുവ, കരടി, കാട്ടുപോത്ത് സകല കാട്ടുമൃഗങ്ങളും നിറഞ്ഞ കുന്നാറിൽ അവർ 14 പേർ മാത്രം. രണ്ടു ഡാമുകളും തമ്മിൽ ഒന്നരക്കിലോമീറ്റർ അകലമുണ്ട്. അതുകൊണ്ട് തന്നെ രണ്ടിടത്തെ യും കാവൽക്കാർ മിക്കപ്പോഴും പരസ്പരം കാണാറില്ല. രാത്രിയും പകലും മാറി മാറി കാവലിരിക്കുകയാണിവർ. ഭക്ഷണത്തിനാവശ്യമായ അരി, ഗോതമ്പുപൊടി, റവ, പച്ചക്കറി, പാചകവാതകം ജനറേറ്റർ പ്രവർത്തിപ്പിക്കാനുള്ള ഡീസൽ എന്നിവയുമായി ദേവസ്വം താത്‌കാലിക ജീവനക്കാർ മലകയറി വരും.

‘‘അവരാണ് ആകെ ഇവിടേക്ക് വരുന്ന മനുഷ്യർ ’’  ജനുവരി ഒന്നു മുതൽ 15 വരെ കുന്നാറിൽ കാവൽ ചുമതലയുള്ള കെ.ഐ.പി.കണ്ണൂർ നാലാം ബെറ്റാലിയനിലെ പോലീസുകാരൻ ചിരിച്ചു. മൂന്ന് തോക്കുകൾ, കാടകം കാണാൻ പാകത്തിന് വെളിച്ചം വിതറുന്ന വലിയ ലൈറ്റുകൾ, ഹെഡ് ലൈറ്റുകൾ... ഇതൊക്കെയാണ് ഇവിടെ പോലീസിന് കൂട്ട് .

രാത്രിയായാൽ താമസിക്കുന്ന ഷെഡ്ഡിന് ചുറ്റും വലിയ ലൈറ്റുകൾ തെളിക്കും. പോരാത്തതിന് വിറകുകൾ കൊണ്ട് തീ കൂട്ടും. ഇതിന് രണ്ടുണ്ട് ഗുണം. ആനയെ അകറ്റാം. എല്ലു നുറുങ്ങുന്ന  തണുപ്പിൽ ദേഹമൊന്ന് ചൂടാക്കാം. ആനപ്പേടിയിലാണ് കഴിയുന്നതെങ്കിലും ഇതുവരെ ആന ആക്രമണം ഉണ്ടായിട്ടില്ലെന്ന് വർഷങ്ങളായി കുന്നാറിൽ പാചകക്കാരനായ അഞ്ചൽ വയലാ സ്വദേശി രവീന്ദ്രൻ പിള്ള പറഞ്ഞു. 600 രൂപ ദിവസക്കൂലിക്കാണ് തീർഥാടന കാലത്ത് ഈ 65-കാരൻ ജോലി ചെയ്യുന്നത്.

മുമ്പൊക്കെ കാവൽ നിന്ന പോലീസുകാരും സാധനങ്ങളുമായി പോയ ചുമട്ടുകാരും വനംവകുപ്പ് വാച്ചർമാരും ആനയുടെയും കരടിയുടെയും മുന്നിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടിട്ടുണ്ട്. ജീവൻ കൈയിൽപിടിച്ചാണ് കുന്നാറിലേക്ക് നടക്കുന്നതെന്ന് ചുമട്ടുകാർ പറഞ്ഞു.

കാടും മേടും താണ്ടി മുകളിലെത്തിയാൽ കൊടും തണുപ്പാണ്. ‘‘തണുപ്പെന്ന് പറഞ്ഞാൽ താടി കൂട്ടിയിടിക്കുന്ന തണുപ്പ്. കാറ്റടിച്ചാൽ തണുത്ത് വിറച്ചു പോകും’’,  കാക്കി  നിറത്തിലുള്ള കമ്പിളിക്കുപ്പായത്തിന്റെ ഉള്ളിൽ നിന്ന് മുഖം  മാത്രം പുറത്തു കാട്ടിയ പോലീസുകാരൻ കൈകൾ കൂട്ടിത്തിരുമ്മി.

ചില മൂലകളിൽ മാത്രം റേഞ്ചുള്ള മൊബൈൽ ഫോൺ

കുന്നാറിന്റെ നെറുകയിൽ  ഒന്നോ രണ്ടോ മൂലകളിലേ മൊബൈൽ ഫോണിന് റേഞ്ചുള്ളൂ. അതും ബി.എസ്.എൻ.എല്ലിന് മാത്രം. കുന്നാറിലേക്ക് ഡ്യൂട്ടിക്ക് പോകുന്ന പോലീസുകാർ ഒന്നുകിൽ മറ്റു നെറ്റുവർക്കുകളിൽ നിന്ന് ബി. എസ്.എന്നിലേക്ക് മാറും.  അല്ലെങ്കിൽ പുതിയൊരു കണക്‌ഷൻ കൂടിയെടുക്കും. മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ മുകളിൽ വലതുഭാഗത്തായി വല്ലപ്പോഴും തെളിയുന്ന ഒന്നോ രണ്ടോ വരകളാണ്, അവർക്ക് പുറം ലോകത്തേക്കുള്ള വാതിൽ. ഇവിടെ വയർലെസ് പോലും കഷ്ടിച്ചേ പ്രവർത്തിക്കൂ. ‘‘ഒരു കമ്പനിയുടെയും ഇൻറർനെറ്റ് സേവനം ഇല്ലെന്ന് പറയേണ്ടല്ലോ’’ -ഒഴിഞ്ഞുകിടക്കുന്ന വാട്‌സാപ്പ് കോളങ്ങളിലും ചലിക്കാത്ത ഫെയ്‌സ്ബുക്ക് പേജിലും നോക്കി പോലീസുകാരൻ കൈമലർത്തി. കുന്നാറിലെ ചിത്രങ്ങളെടുക്കാൻ  കർശന നിയന്ത്രണമുണ്ട്. അതുകൊണ്ട് ഫെയ്‌സ് ബുക്കിലെ എത്രയെത്ര പ്രൊഫൈൽ ചിത്രങ്ങളാണ് പിറക്കാതെ പോയത്. കാവൽ നിൽക്കുന്ന പോലീസുകാരുടെ പേര് വെളിപ്പെടുത്തുന്നതിന് പോലും നിയന്ത്രണമുണ്ടിവിടെ.

പമ്പിങ് ആവശ്യമില്ലാത്ത കുടിവെള്ള പദ്ധതി

ഒരു ദിവസം 30 മുതൽ 35 ലക്ഷം ലിറ്റർ കുടിവെള്ളമാണ് കുന്നാറിൽ നിന്ന് സന്നിധാനത്തെത്തുന്നത്. ഇവിടെ ആവശ്യമുള്ള വെള്ളത്തിന്റെ പകുതിയോളം വരുമിത്. വൈദ്യുതി വേണ്ട, പമ്പിങ് വേണ്ട. ഒരു വാൽവ് തുറന്നാൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഒഴുകി താഴെയെത്തും. ഡാമിന്റെ ഏതാണ്ട് ഒരു കിലോമീറ്റർ താഴെ വരെ കുത്തനെയാണ് പൈപ്പ് വരുന്നത്. കുത്തൊഴുക്കാണിവിടെ. രണ്ട് തടയണയിൽ നിന്നുമുള്ള വെള്ളം സ്വാഭാവികമർദം കൊണ്ട് ഒഴുകി പാണ്ടിത്താവളത്തിലെ വലിയ ടാങ്കിലെത്തുകയാണ്. അചുംബിതമായ ഉൾക്കാട്ടിലെ അരുവികൾ ചുരത്തുന്ന പളുങ്കുപോലുള്ള തണുത്ത വെള്ളം. കുന്നാർ ഡാമിന്റെ പകുതി പണി പ്രകൃതി തന്നെയാണ് നടത്തിയതെന്ന് പറഞ്ഞാൽ അദ്ഭുതമില്ല. എന്നാൽ പ്രളയം കുന്നാറിലെ സംഭരണിയിൽ മണ്ണ് മൂടി. എന്നിട്ടുപോലും നാല് അരുവികളിൽ നിന്നുള്ള തുടർച്ചയായ ചെറിയ നീരൊഴുക്ക് 30 ലക്ഷം ലിറ്റർ എന്ന അളവിൽ അല്പംപോലും കുറച്ചിട്ടില്ല.

Content highlights: Kunnar Dam, Sabarimala Water