ശബരിമലയിലെ അരവണപ്പായസവും മാളികപ്പുറത്തെ കടുംപായസവും അയ്യപ്പനും മാളികപ്പുറത്തമ്മയ്ക്കുമുള്ള നിവേദ്യങ്ങളാണ്. നിവേദ്യങ്ങൾ ദേവതാ സങ്കൽപം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ശബരിമലയിൽ അയ്യനും മാളികപ്പുറത്ത് ദേവിക്കും സമർപ്പിക്കുന്ന നിവേദ്യങ്ങൾ വ്യത്യസ്തമാണ്. മേൽശാന്തിമാരുടെ പരികർമികളെന്ന നിലയിൽ കീഴ്ശാന്തിമാർക്കാണ് നിവേദ്യമടക്കമുള്ളവ തയ്യാറാക്കി സമയത്ത് ശ്രീകോവിലിൽ എത്തിക്കേണ്ട ചുമതല.

ശബരിമലയിൽ അയ്യന് ഉഷഃപൂജയ്ക്ക് ചതുശ്ശതം അഥവാ ഇടിച്ചുപിഴിഞ്ഞ പായസമാണ് നിവേദ്യം. അരി, ശർക്കര, നെയ്യ്, കദളിപ്പഴം, തേങ്ങാപ്പാലുമടങ്ങിയതാണ് പായസം.

നെയ്യഭിഷേകത്തിന് മുമ്പ് അവൽ, മലര്, ത്രിമധുരം എന്നിവ നിവേദിക്കും. മുന്തിരി, കൽക്കണ്ടം, തേൻ എന്നിവ ചേർന്നതാണ് ത്രിമധുരം. ഗണപതി ഹോമത്തിന് അഷ്ടദ്രവ്യം ഹോമിക്കും. അവൽ, മലര്, ശർക്കര, കൊട്ടത്തേങ്ങ, കരിമ്പ്, നെയ്യ്, എള്ള്, കദളിപ്പഴം എന്നിവയാണ് ചേരുവകൾ.

ഉച്ചപൂജയ്ക്ക് മഹാനിവേദ്യമായി വെള്ളയും അരവണപ്പായസവും. ശർക്കരയും അരിയും നെയ്യും തേങ്ങ വറുത്തതും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത പ്രത്യേക കൂട്ടാണ് അരവണ പായസത്തിന്. ഉച്ചകഴിഞ്ഞ് നടതുറക്കുമ്പോൾ മലർനിവേദ്യം. അത്താഴപൂജയ്ക്ക് പാനകവും ഉണ്ണിയപ്പവും. പാനകം നിവേദ്യം ഔഷധഗുണമാർന്ന മഹാപ്രസാദമാണ്. ശർക്കരവെള്ളം വറ്റിച്ച് ചുക്കും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ഒട്ടേറെ ചേരുവകളും ചേർത്താണ് പാനകം തയാറാക്കുക. കൂട്ട് രഹസ്യമാണ്. അരിയും നെയ്യും വറുത്തതേങ്ങാക്കൊത്തും ചേർത്താണ് ഉണ്ണിയപ്പം തയാറാക്കുക.

മാളികപ്പുറത്തമ്മയ്ക്ക് നടതുറന്നതിനുശേഷം മലർ നിവേദിക്കും. മലര്, അവൽ, പഴം, ശർക്കര എന്നിവ ചേർന്ന മലർനിവേദ്യം വെള്ളിപ്പാത്രത്തിലാണ് നിവേദിക്കുക. ഉഷഃപൂജയ്ക്ക് കടുംപായസമാണ് നിവേദ്യം. അരി, കൽക്കണ്ടം, മുന്തിരി, കൊട്ടത്തേങ്ങ, നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയാണ് ചേരുവകൾ. ഉച്ചപൂജയ്ക്കും അത്താഴപൂജയ്ക്കും കടുംപായസം നിവേദിക്കും.

പ്രസന്നപൂജയ്ക്കായി അട നിവേദിക്കും. അരിപ്പൊടിയും നെയ്യും കൂട്ടിക്കുഴച്ച് വഴറ്റിയ നാളികേരവും ശർക്കര പാനിയും ചേർത്ത് ഇലയിലാണ് അട തയാറാക്കുന്നത്. തുടർന്ന് താംബൂല നിവേദ്യം. പഴങ്ങളും നിവേദിക്കും. ആപ്പിൾ, മുന്തിരിയടക്കമുള്ള പഴവർഗങ്ങളാണ് നിവേദിക്കുക. ഗണപതിഹോമത്തിന് അഷ്ടദ്രവ്യം ഹോമിക്കും.